രഘുനന്ദന്‍ കമ്മത്ത്
മുംബൈ: നാച്ചുറല്‍ ബ്രാന്‍ഡ് ഐസ്‌ക്രീമിന്റെ സ്ഥാപകന്‍ രഘുനന്ദന്‍ കമ്മത്ത് (75) അന്തരിച്ചു. ആരോഗ്യപരമായ പ്രശ്‌നങ്ങളേത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ മുംബൈയിലെ എച്ച് എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം.സംസ്‌കാരചടങ്ങുകള്‍ അന്ധേരി വെസ്റ്റിലെ അംബോളിയില്‍ ശനിയാഴ്ച വൈകുന്നേരം നടന്നു. നാച്ചുറല്‍ ഐസ്‌ക്രീമിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അദ്ദേഹത്തിന്റെ മരണവാര്‍ത്ത പുറത്തുവിട്ടത്.
ഇന്ത്യയുടെ ഐസ്‌ക്രീം മനുഷ്യന്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. മംഗളൂരുവിലെ മാങ്ങാ കച്ചവടക്കാരന്റെ മകനായി ജനിച്ച രഘുനന്ദന്റെ നാച്ചുറല്‍സ് ഐസ്‌ക്രീം, ഇന്ന് 400 കോടി വിറ്റുവരവുള്ള സ്ഥാപനമാണ്. ഭാര്യയും രണ്ട് ആണ്‍മക്കളുമുണ്ട്.
പഴുത്ത പഴങ്ങള്‍ പറിച്ചെടുക്കാനും തരംതിരിക്കാനും സൂക്ഷിക്കാനുമൊക്കെയുള്ള രീതി പഠിച്ചെടുക്കുകയാണ് ആദ്യം ചെയ്തത്. പതിനാലാം വയസ്സില്‍ വിദ്യാഭ്യാസം ഉപേക്ഷിച്ച് സഹോദരന്റെ ഭക്ഷ്യസ്ഥാപനത്തില്‍ സ്വന്തമായി വികസിപ്പിച്ച ഐസ്‌ക്രീം അവതരിപ്പിച്ചു. പഴങ്ങളുടെ പള്‍പ്പ് ഉള്‍പ്പെടുത്തിക്കൊണ്ട് ഐസ്‌ക്രീം തയ്യാറാക്കുന്ന രീതിയാണ് കമ്മത്തിന്റെ രുചികളെ വ്യത്യസ്തനാക്കിയത്.
1984-ല്‍ മുംബൈയിലേക്ക് പോവുകയും അവിടെ ഐസ്‌ക്രീം പാര്‍ലര്‍ ആരംഭിക്കുകയും ചെയ്തു. വെറും ആറ് സ്റ്റാഫുകളാണ് അന്നുണ്ടായിരുന്നത്. പന്ത്രണ്ട് രുചിവൈവിധ്യങ്ങളോടെയാണ് തുടക്കമിട്ടത്. വൈകാതെ രഘുനന്ദന്‍ അവതരിപ്പിച്ച രുചികള്‍ക്ക് ആവശ്യക്കാര്‍ ഏറുകയും 1994 ആയതോടെ അഞ്ച് പുതിയ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുകയും ചെയ്തു. ഇന്ന് പതിനഞ്ചോളം നഗരങ്ങളിലായി 165 ഔട്ട്‌ലെറ്റുകളാണ് അദ്ദേഹത്തിനുള്ളത്.