ഒരു കോടി തൊഴില്‍ അവസരങ്ങള്‍; ബിഹാറില്‍ എന്‍ഡിഎ പ്രകടന പത്രിക

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, ബിജെപി പ്രസിഡന്റ് ജെ.പി.നദ്ദ, കേന്ദ്രമന്ത്രിമാരായ ധര്‍മ്മേന്ദ്ര പ്രധാന്‍, ജിതന്‍ റാം മഞ്ചി, ചിരാഗ് പാസ്വാന്‍, സഖ്യകക്ഷികളുടെ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്ത പത്രസമ്മേളനത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

author-image
Biju
New Update
bihae

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി എന്‍ഡിഎ. ഒരു കോടി യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍, ഒരു കോടി ലക്പതി ദീദികളെ സൃഷ്ടിക്കല്‍, നാല് അധിക നഗരങ്ങളില്‍ മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കല്‍, സംസ്ഥാനത്ത് ഏഴ് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ സ്ഥാപിക്കല്‍ എന്നിവയാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം. 

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, ബിജെപി പ്രസിഡന്റ് ജെ.പി.നദ്ദ, കേന്ദ്രമന്ത്രിമാരായ ധര്‍മ്മേന്ദ്ര പ്രധാന്‍, ജിതന്‍ റാം മഞ്ചി, ചിരാഗ് പാസ്വാന്‍, സഖ്യകക്ഷികളുടെ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്ത പത്രസമ്മേളനത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. എന്‍ഡിഎ അധികാരത്തില്‍ വന്നാല്‍, അങ്ങേയറ്റം പിന്നാക്ക വിഭാഗത്തില്‍പ്പെട്ട (ഇബിസി) വ്യക്തികള്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്നും സുപ്രീം കോടതി ജഡ്ജി അധ്യക്ഷനായി ഒരു കമ്മീഷന്‍ സ്ഥാപിക്കുമെന്നും ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി പ്രഖ്യാപിച്ചു. 

ഏഴ് എക്‌സ്പ്രസ് ഹൈവേകളും പത്ത് വ്യവസായ പാര്‍ക്കുകളും നിര്‍മ്മിക്കുക, കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ ബിരുദാനന്തര ബിരുദം വരെ സൗജന്യ ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം നേടുന്ന പട്ടികജാതി (എസ്സി) വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 2,000 രൂപ നല്‍കുക തുടങ്ങിയ പദ്ധതികളും പാര്‍ട്ടിയുടെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുന്നു. 

ലോകോത്തര തരത്തില്‍ വൈദ്യശാസ്ത്രം വികസിപ്പിക്കുക, എല്ലാ ജില്ലയിലും ഒരു മെഡിക്കല്‍ കോളേജ് സ്ഥാപിക്കുക, 5 ലക്ഷം രൂപയുടെ സൗജന്യ റേഷനും വൈദ്യചികിത്സയും നല്‍കുക, 50 ലക്ഷം അധിക വീടുകള്‍ നിര്‍മ്മിക്കുക എന്നിവയാണ് 69 പേജുള്ള പ്രകടന പത്രികയിലെ മറ്റ് പ്രധാന വാഗ്ദാനങ്ങള്‍.

നവംബര്‍ 6, 11 തീയതികളില്‍ രണ്ടുഘട്ടമായാണ് ഇത്തവണ ബിഹാറില്‍ വോട്ടെടുപ്പ് നടക്കുന്നത്. നവംബര്‍ 14 നാണ് വോട്ടെണ്ണല്‍. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരും ആര്‍ജെഡിയുടെയും കോണ്‍ഗ്രസിന്റെയും പ്രതിപക്ഷ സഖ്യവും തമ്മിലാണ് മത്സരം. കഴിഞ്ഞ തവണ 75 സീറ്റുകള്‍ നേടിയ ആര്‍ജെഡിയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. ബിജെപിക്കും ജെഡിയുവിനുമായി 117 സീറ്റുകള്‍ ലഭിച്ചിരുന്നു.