/kalakaumudi/media/media_files/2025/09/09/upa-2025-09-09-06-21-17.jpg)
ന്യൂഡല്‍ഹി: ജഗദീപ് ധന്‍കര്‍ രാജിവെച്ചതിനെ തുടര്‍ന്ന് ഇന്ന് നടക്കാനിരിക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ നേതൃത്വത്തിലുള്ള ബിജെപിക്ക് വിജയം ഉറപ്പാണെങ്കിലും, മുന്‍ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് അത്ര വലിയ ഭൂരിപക്ഷം ഇത്തവണ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
രഹസ്യ ബാലറ്റിലൂടെയാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. എംപിമാര്‍ക്ക് ഇഷ്ടമുള്ളതുപോലെ വോട്ട് രേഖപ്പെടുത്താമെങ്കിലും സാധാരണയായി പാര്‍ട്ടി നിലപാടുകള്‍ക്ക് അനുസൃതമായാണ് വോട്ട് രേഖപ്പെടുത്തുക. എന്നിരുന്നാലും, ക്രോസ്-വോട്ടിങ് സാധാരണമാണ്.
2022-ല്‍, ജഗദീപ് ധന്‍കര്‍ മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള വലിയ പിന്തുണയോടെ മൂന്ന് പതിറ്റാണ്ടിനിടെയുള്ള ഏറ്റവും വലിയ വിജയം നേടിയാണ് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെയും നവീന്‍ പട്നായിക്കിന്റെ ബിജു ജനതാദളിന്റെയും (ബിജെഡി) വോട്ടുകളും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഏകദേശം 75 ശതമാനം വോട്ടുകള്‍ നേടിയായിരുന്നു വിജയം. ഇത്തവണയും ക്രോസ്-വോട്ടിങ് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇത് എന്‍ഡിഎയ്ക്ക് ഗുണം ചെയ്യമോയെന്നതില്‍ വ്യക്തതയില്ല.
നിലവില്‍ 239 രാജ്യസഭാ എംപിമാരും 542 ലോക്‌സഭാ എംപിമാരും ഉള്‍പ്പെടെ 781 എംപിമാരാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ യോഗ്യരായവര്‍. മുന്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ ബിജു ജനതാദളും മുന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ ഭാരത് രാഷ്ട്ര സമിതിയും(ബിആര്‍എസ്) തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അറിയിച്ചതിനാല്‍ വോട്ട് ചെയ്യുന്ന എംപിമാരുടെ എണ്ണം 770 ആയി കുറയും. ഇതോടെ 386 വോട്ടുകള്‍ ലഭിച്ചാല്‍ ഭൂരിപക്ഷം നേടാന്‍ സാധിക്കും.
എന്‍ഡിഎക്ക് നിലവില്‍ 425 എംപിമാരുണ്ട്. അതിനാല്‍, ബിജെപി സ്ഥാനാര്‍ത്ഥിയായ മഹാരാഷ്ട്ര ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍ വ്യക്തമായ വിജയം നേടുമെന്ന് ഉറപ്പാണ്. മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെയും പിന്തുണ എന്‍ഡിഎ പ്രതീക്ഷിക്കുന്നുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസിന് ഏഴ് രാജ്യസഭാ എംപിമാരും നാല് ലോക്‌സഭാ എംപിമാരുമുണ്ട്. ബിആര്‍എസ്, ബിജെഡി പിന്തുണയില്ലാതെ പോലും എന്‍ഡിഎയ്ക്ക് 436 വോട്ടുകള്‍ നേടാന്‍ സാധിക്കും.
സുപ്രീം കോടതി റിട്ട. ജസ്റ്റിസ് ബി. സുദര്‍ശന്‍ റെഡ്ഡിയാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി. ഇരുസഭകളിലുമായി പ്രതിപക്ഷത്തിന് 324 വോട്ടുകളുണ്ടെന്നാണ് കണക്ക്. 2022-നെ അപേക്ഷിച്ച് പ്രതിപക്ഷത്തിന് ഇത്തവണ കൂടുതല്‍ എംപിമാരുണ്ട്. പ്രതിപക്ഷ എംപിമാര്‍ 100 ശതമാനം വോട്ട് ചെയ്താലും, ജസ്റ്റിസ് റെഡ്ഡിക്ക് വിജയിക്കാനാവില്ല. അല്ലെങ്കില്‍ എന്‍ഡിഎ എംപിമാര്‍ ക്രോസ് വോട്ട് ചെയ്താല്‍ മാത്രമേ വിജയത്തിന് നേരിയ പ്രതീക്ഷയുള്ളു.