/kalakaumudi/media/media_files/2025/08/14/rajeer-2025-08-14-21-07-05.jpg)
ന്യൂഡല്‍ഹി: പ്രകോപനമുണ്ടാക്കിയാല്‍ പാക്കിസ്ഥാനു താങ്ങാനാകാത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഇന്ത്യ. ആഭ്യന്തര പരാജയങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് പാക്കിസ്ഥാന്‍ ഇന്ത്യയ്ക്കെതിരെ പ്രസ്താവനകള്‍ നടത്തുന്നതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുഎസ് സന്ദര്‍ശനവേളയില്‍ ഇന്ത്യയെ വെല്ലുവിളിച്ച് അസിം മുനീര്‍ നടത്തിയ പ്രസ്താവനകള്‍ക്കാണ് ഇന്ത്യയുടെ മറുപടി.
''ഇന്ത്യയ്ക്കെതിരെ യുദ്ധം ചെയ്യുമെന്ന തരത്തിലുള്ള വിദ്വേഷപരമായ പ്രസ്താവനകള്‍ പാക്കിസ്ഥാന്‍ നേതൃത്വത്തില്‍ നിന്ന് തുടരെത്തുടരെ ഉണ്ടാകുന്നത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കണ്ടു. സ്വന്തം പരാജയങ്ങള്‍ മറച്ചുപിടിക്കാനുള്ള പാക്കിസ്ഥാന്റെ പ്രവര്‍ത്തനരീതിയാണിത്'' വിദേശകാര്യ മന്ത്രാലായ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
പാക്കിസ്ഥാനു ഭീഷണിയാകുന്ന വിധത്തിലുള്ള ആക്രമണം ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായാല്‍ ലോകത്തിന്റെ പകുതിയോളം ഇല്ലാതാകുമെന്നായിരുന്നു അസിം മുനീറിന്റെ ഭീഷണി. ആണവ യുദ്ധത്തിനുള്ള സാധ്യതയുണ്ടെന്നും അസിം മുനീര്‍ പ്രഖ്യാപിച്ചിരുന്നു.
സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനം പാക്കിസ്ഥാനിലെ 250 മില്യന്‍ ജനങ്ങളെ അപകടത്തിലാക്കിയേക്കാം. ഇന്ത്യ ഒരു അണക്കെട്ട് നിര്‍മിക്കാന്‍ ഞങ്ങള്‍ കാത്തിരിക്കും. അതു നിര്‍മിച്ച് കഴിയുമ്പോള്‍ 10 മിസൈല്‍ ഉപയോഗിച്ചു ഞങ്ങള്‍ അത് തകര്‍ക്കും. സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബസ്വത്തല്ല. ഞങ്ങള്‍ക്ക് മിസൈലുകള്‍ക്ക് കുറവില്ല എന്നായിരുന്നു അസിം മുനീറിന്റെ പരാമര്‍ശം.