പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: നീറ്റ് പരീക്ഷയിൽ ഗ്രേസ് മാർക്ക് കൊടുത്തതിൽ വിവാദമുണ്ടായ 6 സെന്ററുകളിലെ വിവരങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചതായി നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ). സമിതി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകും. യുപിഎസ്‌സി മുൻ ചെയർമാൻ അധ്യക്ഷനായ നാലംഗ സമിതിയാണു വിഷയം പരിശോധിക്കുന്നത്. സമിതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും.
വളരെ സുതാര്യമായാണ് പരീക്ഷ നടന്നതെന്നും ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്നും എൻടിഎ അധികൃതർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. എല്ലാം സുതാര്യമായാണ് നടന്നത്. ആറ് സെന്ററുകളുടെ കാര്യത്തിൽ മാത്രമാണു പ്രശ്നമുണ്ടായത്. ആറ് സെന്ററിലെ വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണു വിഷയം പരിശോധിക്കാൻ സമിതിയെ നിയോഗിച്ചത്.
ഈ വർഷം ജൂൺ 14നു പ്രസിദ്ധീകരിക്കാനിരുന്ന പരീക്ഷാഫലം 10 ദിവസം മുൻപ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തിൽ പ്രസിദ്ധീകരിച്ചതും കൂടുതൽ പേർക്ക് മുഴുവൻ മാർക്ക് ലഭിച്ചതിലും ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ ആരോപണമുന്നയിച്ചിരുന്നു.