നീറ്റ്-പിജി പരീക്ഷാ കേന്ദ്രങ്ങള്‍ കേരളത്തിലും അനുവദിക്കും; രാജീവ് ചന്ദ്രശേഖര്‍

കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് നീറ്റ്-പിജി പരീക്ഷയുടെ കേന്ദ്രങ്ങള്‍ അനുവദിച്ചത് വിദൂര സ്ഥലങ്ങളിലെന്ന് വ്യാപക പരാതി ഉയര്‍ന്നതോടെയായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടല്‍. 

author-image
anumol ps
New Update
Rajeev Chandrashekar

രാജീവ് ചന്ദ്രശേഖര്‍

Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡല്‍ഹി: നീറ്റ്-പിജി പരീക്ഷാ കേന്ദ്രങ്ങള്‍ കേരളത്തില്‍ തന്നെ അനുവദിക്കുമെന്ന് മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയുമായി സംസാരിച്ചതായും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് നീറ്റ്-പിജി പരീക്ഷയുടെ കേന്ദ്രങ്ങള്‍ അനുവദിച്ചത് വിദൂര സ്ഥലങ്ങളിലെന്ന് വ്യാപക പരാതി ഉയര്‍ന്നതോടെയായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടല്‍. 

മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലും അവരുടെ താമസ സ്ഥലത്തിന് അടുത്തും പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കുന്നത് ഉറപ്പാക്കാന്‍ നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ജെ പി നദ്ദ ഉറപ്പ് നല്‍കിയതായി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് നാളെയോടെ വിദ്യാര്‍ത്ഥികള്‍ക്ക് അറിയിപ്പ് ലഭിക്കുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. 

കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ആന്ധ്രയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ദില്ലിയിലെ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതാനായി ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും പോകണം. രാജ്യത്താകമാനം രണ്ടര ലക്ഷം എംബിബിഎസ് ബിരുദധാരികളാണ് പരീക്ഷയെഴുതുന്നത്. കേരളത്തില്‍ നിന്ന് മാത്രം 25000ത്തോളം പേര്‍ പരീക്ഷയെഴുതുന്നുണ്ട്. 

അപേക്ഷാ സമയം പരീക്ഷാ കേന്ദ്രം തെരഞ്ഞെടുക്കാനുള്ള നാല് ഓപ്ഷനാണുണ്ടായിരുന്നത്. കേരളത്തിലെ മിക്ക ജില്ലകളിലും കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, അപേക്ഷിക്കുമ്പോള്‍ കേരളത്തിലെ കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കാനുള്ള സമയം സാങ്കേതിക തകരാര്‍ കാരണം മിക്കവരും ആന്ധ്ര തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നുവെന്നും പരീക്ഷാര്‍ഥികള്‍ പരാതി ഉന്നയിച്ചിരുന്നു. 

NEET rajeev chandrasekhar