neet ug row supreme court says retest only on concrete footing
ന്യൂഡൽഹി: വലിയ രീതിയിൽ ക്രമക്കേട് നടന്നുവെന്ന് വ്യക്തമായാൽ മാത്രമേ നീറ്റിൽ പുനഃപരീക്ഷക്ക് ഉത്തരവിടാനാകുവെന്ന് സുപ്രീംകോടതി. നീറ്റ്-യുജി പരീക്ഷയിൽ ക്രമക്കേട് നടന്നെന്നാരോപിച്ചുള്ള 40 ഹർജികൾ പരിഗണിക്കവെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം.ചോദ്യ പേപ്പർ ചോർച്ച മുഴുവൻ പരീക്ഷയെയും റദ്ദാക്കുന്ന തരത്തിൽ ബാധിച്ചെന്ന് വ്യക്തമാവണമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ നരേന്ദ്ര ഹൂഡയോട് ചീഫ് ജസ്റ്റിസ് പറഞ്ഞു.
ചോദ്യപേപ്പർ ചോർച്ച സംഘടിതമായി നടത്തിയതാണെന്ന് ബോധ്യപ്പെടണമെന്നും കോടതി വ്യക്തമാക്കി. നീറ്റിൽ ഇന്ന് തന്നെ തീരുമാനമെടുക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് നീറ്റുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത്. ജസ്റ്റിസ് ജെ.ബി പാർദിവാല, മനോജ് മിശ്ര എന്നിവരും ബെഞ്ചിൽ അംഗങ്ങളാണ്.
കഴിഞ്ഞയാഴ്ച ഹർജികൾ പരിഗണിച്ചപ്പോൾ എൻ.ടി.എയും കേന്ദ്ര സർക്കാറും സമർപ്പിച്ച സത്യവാങ്മൂലങ്ങളുടെ പകർപ്പുകൾ ചില അഭിഭാഷകർക്ക് ലഭിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞിരുന്നു. കേന്ദ്രവും എൻ.ടി.എയും സമർപ്പിച്ച സത്യവാങ്മൂലങ്ങൾക്ക് ഹരജിക്കാർ മറുപടി നൽകേണ്ടതുണ്ടെന്നും അതിനാൽ കേസ് തിങ്കളാഴ്ച പരിഗണിക്കാമെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് പറഞ്ഞത്.എന്നാൽ, തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സോളിസിറ്റർ ജനറലും അറ്റോണി ജനറലും ഉണ്ടാകില്ലെന്നതും ബുധനാഴ്ചത്തെ മുഹർറം അവധിയും പരിഗണിച്ച് ചീഫ് ജസ്റ്റിസ് ഹരജികൾ വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.