/kalakaumudi/media/media_files/2025/01/23/Upb8QKp6c6Z3Eq68q9kI.jpg)
Netaji Subashchandrabose
തദ്ദേശീയരായ ജനങ്ങളെ പീഡിപ്പിച്ചും അവരുടെ സ്വത്തുക്കള്‍ കൈക്കലാക്കിയും ഒരുകൂട്ടം ആളുകള്‍ 200 വര്‍ഷത്തോളം ഒരു നാട്മുടിച്ച് ജീവിക്കുന്നു. ഒടുവില്‍ ഈ പീഡനങ്ങളില്‍ നിന്നും മോചിതരാകാനായി വൈവിധ്യങ്ങളെ വെടിഞ്ഞ് ജനങ്ങള്‍ ഒറ്റക്കെട്ടായി സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്നു.
സമാധാനപരമായ സമരങ്ങളിലൂടെ പോരാടിയിരുന്ന ജനങ്ങള്‍ക്ക് മുന്നില്‍ സായുധവിപ്ലവത്തിന്റെ ചോരത്തിളപ്പുമായി ഒരു പുതിയ നേതാവ് അവതരിക്കുന്നു. അയാളുടെ പിന്നില്‍ അനേകായിരം ജനങ്ങളും അണിചേര്‍ന്നു. സായുധ പോരാട്ടങ്ങളിലൂടെ ബ്രിട്ടീഷുകാരെ വിറപ്പിച്ച് അയാളും സംഘവും സ്വാതന്ത്ര്യത്തിലേക്ക് അടുത്തു. ജീവിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ സ്വതന്ത്ര ഇന്ത്യയുടെ ഏറ്റവും പരമോന്നത സ്ഥാനം വഹിക്കേണ്ടിയിരുന്ന ആ നേതാവ് പൊടുന്നനെ അപ്രത്യക്ഷമാവുന്നു. ഒരു വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു എന്നാണ് അഭ്യൂഹം. ആധീരയോദ്ധാവിന്റെ പേരാണ് നേതാജി സുഭാഷ് ചന്ദ്രബോസ്.
'എനിക്ക് രക്തം തരൂ, ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാം' ഇതിലുണ്ട് സുഭാഷ് ചന്ദ്രബോസ് എന്ന വ്യക്തിയുടെ നിശ്ചയദാര്‍ഢ്യവും സ്വാതന്ത്ര്യത്തിനായുള്ള ത്വരയും. ഇന്ത്യക്ക് ആരായിരുന്നു ബോസ്? ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ ഏറ്റവും വലിയ പങ്കുവഹിച്ച വ്യക്തി. സ്വാതന്ത്ര്യം എന്ന വികാരം ഓരോ ഇന്ത്യാക്കാരനിലും ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച വ്യക്തി.
ജീവിച്ചിരുന്നെങ്കില്‍ സ്വതന്ത്ര ഇന്ത്യയുടെ ഏറ്റവും സമോന്നത സ്ഥാനത്ത് ഇരിക്കേണ്ടിയിരുന്ന വ്യക്തി. നേതാജി സുഭാഷ് ചന്ദ്രബോസ്. സായുധ വിപ്ലവത്തിലൂടെ മാത്രമേ ഭാരതത്തിന് സ്വാതന്ത്ര്യം ലഭ്യമാകൂ എന്ന് വിശ്വസിച്ച, ബ്രിട്ടീഷുകാരുമായി സന്ധികള്‍ക്ക് വഴങ്ങിയ ഗാന്ധിജിയുമായി നിരന്തരം കലഹിച്ചിരുന്ന, ഇന്ത്യയ്ക്കുവേണ്ടി പോരാടാന്‍ ഹിറ്റ്‌ലര്‍ അടക്കമുള്ള, ലോകം കണ്ട ഏറ്റവും വലിയ ഏകാധിപതികളെ വരെ കൂട്ടുപിടിച്ച നേതാജി.
സംഭവബഹുലമായിരുന്നു നേതാജിയുടെ ജീവിതം. അതിനേക്കാള്‍ നിഗൂഢതകളും കെട്ടുകഥകളും കൊണ്ട് സമ്പന്നമാണ് അദ്ദേഹത്തിന്റെ മരണവും അതിനോടനുബന്ധിച്ചുള്ള കഥകളും. നേതാജിയുടെ മരണം കൊലപാതകമായിരുന്നു എന്നും, അതല്ല, തന്റെ ജീവന്‍ രക്ഷിക്കാനായി അദ്ദേഹം കൂട്ടുകാര്‍ക്കൊപ്പം നടത്തിയ ഒരു നാടകമായിരുന്നു ആ അപകടമെന്നും പറയപ്പെടുന്നു. നേതാജി ഒരു സന്യാസിയുടെ വേഷത്തില്‍ ഇന്ത്യയില്‍ തന്നെ ഒളിച്ചുകഴിഞ്ഞിരുന്നുവെന്ന കഥകളും അതിന് തെളിവുമായി കോണ്‍സ്പിറസി തിയറിസ്റ്റുകളും ഇന്നും സജീവമാണ്.
അദ്ദേഹത്തിന്റെ 128-ാം ജന്മദിനാഘോഷം നടക്കുന്ന ഈ വേളയില്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിനെക്കുറിച്ചും അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട സമസ്യകളെക്കുറിച്ചും അറിയാതെ പോകരുത്.
ഇന്ത്യ കണ്ട എക്കാലത്തെയും ധീരരായ പോരാളികളുടെ മുന്‍നിരയിലുണ്ട്, നേതാജി സുഭാഷ് ചന്ദ്രബോസ്. വിദ്യാര്‍ഥിയായിരിക്കെ സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടിയ അദ്ദേഹം ബ്രിട്ടിഷ് സര്‍ക്കാരിനെതിരെ നിരന്തരം പോര്‍മുഖങ്ങള്‍ തുറന്നു. ഭയമെന്നൊരു വാക്ക് ആ ജീവിതനിഘണ്ടുവില്‍ ഇല്ലായിരുന്നു. നേതാജി എന്നും പോരാട്ടങ്ങളുടെ മുന്നണിയിലുണ്ടായിരുന്നു. അതുകൊണ്ടാണ് ധീരനായ ആ പോരാളിയെ ഹൃദയവായ്‌പോടെ രാജ്യം ഇപ്പോഴും ഓര്‍മിക്കുന്നത്. സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനമായ ജനുവരി 23 ദേശസ്‌നേഹ ദിനമായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആചരിച്ചിരുന്നു. എന്നാല്‍ ജനുവരി 23 'ധീരതാ ദിന'മായി 2021ല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സമരതീക്ഷ്ണമായ ജീവിതം നയിച്ച ഒരു പോരാളി അര്‍ഹിക്കുന്ന ദിനം.
ഐസിഎസ്
വിദേശ ഉദ്യോഗസ്ഥ വ്യവസ്ഥയോടു കൂറുപുലര്‍ത്തേണ്ടി വരുമെന്ന കാരണത്താല്‍ ഐസിഎസ് ഇട്ടെറിഞ്ഞു പോകാന്‍ ബോസ് മടിച്ചില്ല. ആ തീരുമാനമെടുത്തുകൊണ്ട് ജ്യേഷ്ഠന്‍ ശരത്ചന്ദ്ര ബോസിനെഴുതിയ കത്തില്‍ അദ്ദേഹം പറഞ്ഞു 'ഒത്തുതീര്‍പ്പും സന്ധി ചെയ്യലും നല്ല കാര്യമായി ഞാന്‍ കരുതുന്നില്ല. അതു മനുഷ്യനെ തരംതാഴ്ത്തുകയും ലക്ഷ്യത്തെ വ്രണപ്പെടുത്തുകയും ചെയ്യും'. സ്വയം അധികാരപദവിയിലേക്കെത്താനും അതിന്റെ സുഖശീതളിമയില്‍ കഴിയാനുമല്ല, ഇന്ത്യയുടെ അധികാരക്കസേരയില്‍ നിന്ന് ബ്രിട്ടനെ കെട്ടുകെട്ടിക്കാനായിരുന്നു ആ യുവാവ് കൊതിച്ചത്.
അറസ്റ്റുകളും ജയില്‍വാസവും
ഭഗത് സിങ് തൂക്കിലേറ്റപ്പെട്ടതോടെ കോണ്‍ഗ്രസിലെ മിതവാദികളില്‍ നിന്ന് അദ്ദേഹം മാനസികമായി അകന്നു. സായുധപ്പോരാട്ടത്തിന്റെ വഴിയിലൂടെ സ്വാതന്ത്ര്യം പിടിച്ചുവാങ്ങുകയാണ് അഭികാമ്യമെന്ന് അദ്ദേഹം കരുതി. ബ്രിട്ടിഷുകാര്‍ താലത്തില്‍ വച്ച് സ്വാതന്ത്ര്യം കൈമാറുന്നതിനായുള്ള അനന്തമായ കാത്തിരിപ്പ് അദ്ദേഹത്തെ ചൊടിപ്പിച്ചു.
ഗാന്ധിജിയോടു ബഹുമാനം പുലര്‍ത്തുമ്പോള്‍ തന്നെ തെറ്റെന്നു തോന്നിയ നടപടികളെ രൂക്ഷമായി വിമര്‍ശിക്കാനും അദ്ദേഹം മടിച്ചില്ല. സിവില്‍ നിയമലംഘന പ്രസ്ഥാനം പിന്‍വലിച്ചതിനെ പരാജയത്തിന്റെ ഏറ്റുപറച്ചിലെന്നാണ് ബോസ് വിശേഷിപ്പിച്ചത്. ഗാന്ധിജിയുടെ എതിര്‍പ്പുണ്ടായിട്ടും കോണ്‍ഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹത്തിന്റെ സ്വീകാര്യതയെ കാണിക്കുന്നു. അറസ്റ്റുകളും ജയില്‍വാസവും ഒരിക്കലും തളര്‍ത്തിയില്ല. 1941 ജനുവരിയില്‍ ഒരു രാത്രി കൊല്‍ക്കത്തയിലെ പൊലീസ് കാവലുള്ള വീട്ടില്‍ നിന്ന് വേഷപ്രച്ഛന്നനായി അദ്ദേഹം കടന്നു. പെഷാവറില്‍ നിന്ന് കാബൂളിലും പിന്നീടു മോസ്‌കോയിലും ബെര്‍ലിനിലും എത്തിയതു സാഹസികമായിട്ടായിരുന്നു.
ഒര്‍ലാന്‍ഡോ മസോട്ട
ഒര്‍ലാന്‍ഡോ മസോട്ട എന്ന രഹസ്യപ്പേരില്‍ ബെര്‍ലിനില്‍ കഴിഞ്ഞ നേതാജി ഫ്രീ ഇന്ത്യ സെന്ററിനും ഫ്രീ ഇന്ത്യാ റേഡിയോയ്ക്കും ഇന്ത്യന്‍ ലീജിയനെന്ന സൈനിക സംഘത്തിനും തുടക്കമിട്ടു. സഹായം അഭ്യര്‍ഥിച്ച് ഹിറ്റ്‌ലറെപ്പോലും കാണാന്‍ അദ്ദേഹം മടിച്ചില്ല. ഒരു മുങ്ങിക്കപ്പലില്‍ ജപ്പാനിലെത്തി ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് പ്രധാനമന്ത്രി ടോജോയുടെ പിന്തുണയുറപ്പിക്കാന്‍ ബോസിനായി.
ഗാന്ധിജിയുടെ പല നയങ്ങളോടും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന ബോസ് സായുധ വിപ്ലവത്തിലൂടെ മാത്രമേ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടാനാകൂ എന്ന് ഉറച്ചു വിശ്വസിച്ചു. സമാധാനപരമായ സമരങ്ങളിലൂടെ സ്വാതന്ത്ര്യത്തിലേക്ക് എത്താനാകും എന്നായിരുന്നു ഗാന്ധിജിയുടെ വാദം എന്നാല്‍ സ്വാതന്ത്ര്യം നേടുന്നതിന് വേണ്ടി ഏത് മാര്‍ഗവും സ്വീകരിക്കാം എന്നതായിരുന്നു ബോസിന്റെ നയം. എന്തായാലും ഗാന്ധിജിയുടെ നിര്‍ദ്ദേശപ്രകാരം ബംഗാളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ചിത്തരഞ്ജന്‍ ദാസിന് കീഴില്‍ ബോസ് പ്രവര്‍ത്തനം ആരംഭിച്ചു. ഈ കാലഘട്ടത്തിലാണ് അദ്ദേഹം 'സ്വരാജ്' പത്രം തുടങ്ങിയത്. ചിത്തരഞ്ജന്‍ ദാസിനെയാണ് ബോസ് പിന്നീട് തന്റെ രാഷ്ട്രീയ ഗുരുവായി സ്വീകരിച്ചത്.
1923-ല്‍ ബോസ് ഓള്‍ ഇന്ത്യാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായും ബംഗാള്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ചിത്തരഞ്ജന്‍ ദാസ് ആരംഭിച്ച 'ഫോര്‍വേഡ്' എന്ന പത്രത്തിന്റെ എഡിറ്ററായും ബോസ് ആ സമയത്ത് ചുമതലയേറ്റു. ദാസിന്റെ നിര്‍ദ്ദേശപ്രകാരം കല്‍ക്കട്ടാ മുനിസിപ്പല്‍ കോര്‍പറേഷന്റെ പ്രസിഡന്റായും പിന്നീട് 1924-ല്‍ കല്‍ക്കട്ടയുടെ മേയറായും ബോസ് തിരഞ്ഞെടുക്കപ്പെട്ടു. ഈ സമയത്താണ് കല്‍ക്കട്ടയില്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന ബോസിനെ മഗ്ഫൂദ് അഹ്മദ് അജാസിക്കും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുമൊപ്പം പോലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. ഇതിനുശേഷം സ്വാതന്ത്ര്യ സമരത്തിനിടെ 11 തവണയാണ് ബോസ് ജയില്‍വാസം അനുഷ്ഠിച്ചത്. ബ്രിട്ടീഷ് സര്‍ക്കാരിന് എതിരായ വിപ്ലവപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ആരോപിച്ച് 1925-ല്‍ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ട ബോസ് മ്യാന്‍മറിലെ ജയിലില്‍ അടയ്ക്കപ്പെട്ടു.
ചിത്തരഞ്ജന്‍ ദാസിന്റെ മരണത്തോടെ കുത്തഴിഞ്ഞ അവസ്ഥയിലെത്തിയ ബംഗാള്‍ കോണ്‍ഗ്രസ് ഓഫീസിലേക്കാണ് ബോസ് 1927-ല്‍ ജയില്‍ മോചിതനായി എത്തിയത്. തിരിച്ചെത്തി പാര്‍ട്ടിയുടെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത ബോസ് ബംഗാള്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇതിനുപിന്നാലെ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബോസും ജവഹര്‍ലാല്‍ നെഹ്‌റുവും തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ കോണ്‍ഗ്രസ് പാര്‍ട്ടി രണ്ടുചേരിയിലായി തിരിഞ്ഞു. സമാധാനപരമായ സമരത്തെ പിന്തുണയ്ക്കുന്നവര്‍ ഗാന്ധിജിയുടെ പിന്നിലും വിപ്ലവാത്മകമായ സമരരീതിയെ പിന്തുണയ്ക്കുന്നവര്‍ ബോസിന്റെയും നെഹ്‌റുവിന്റെയും പിന്നിലും അണിനിരന്നു.
1930-ന്റെ പകുതിയോടെ യൂറോപ്പിലെത്തിയ ബോസ് അവിടെയുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളേയും മുസ്സോളിനി അടക്കമുള്ള യൂറോപ്യന്‍ നേതാക്കളേയും നേരിട്ട് കണ്ട് ഇന്ത്യയ്ക്ക് സ്വാതന്ത്യം ലഭിക്കുന്നതിന് വേണ്ട സഹായം ലഭ്യമാക്കണം എന്ന് അഭ്യര്‍ഥിച്ചു. ഈ കാലയളവിലാണ്, 1920 - 1934 വരെയുള്ള ഇന്ത്യയുടെ സ്വാതന്ത്യസമരത്തെക്കുറിച്ച് വ്യക്തമാക്കുന്ന 'ദി ഇന്ത്യന്‍ സ്ട്രഗിള്‍' എന്ന പുസ്തകം ബോസ് എഴുതിത്തുടങ്ങിയത്. 1935-ല്‍ ലണ്ടനില്‍ പുറത്തിറങ്ങിയെങ്കിലും ബ്രിട്ടീഷ് ഗവണ്‍മെന്റ് ഈ പുസ്തകം ബാന്‍ ചെയ്യുകയാണ് ഉണ്ടായത്. വിയന്ന ആസ്ഥാനമാക്കി ഓട്ടോ ഫാറ്റിസ് എന്ന വ്യക്തി നടത്തിവന്ന ഇന്ത്യന്‍ സെന്‍ട്രല്‍ യൂറോപ്യന്‍ സൊസൈറ്റിയാണ് യൂറോപ്പില്‍ ബോസിന് വേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കിയിരുന്നത്.
ബ്രിട്ടീഷുകാരോട് ഡൊമിനിയന്‍ സ്റ്റാറ്റസിനുവേണ്ടി ആവശ്യപ്പെടാം എന്ന ഗാന്ധിജിയുടെ വാദത്തെ എതിര്‍ത്ത് ഇന്ത്യക്ക് വേണ്ടത് പൂര്‍ണ്ണസ്വാതന്ത്ര്യമാണ് എന്ന ആശയം പങ്കുവെച്ചതോടെ ബോസും ഗാന്ധിജിയും പ്രത്യക്ഷത്തില്‍ രണ്ടുപക്ഷത്തായി. ബോസിന് സ്വന്തം ക്യാബിനറ്റ് നിര്‍മ്മിച്ച് പുറത്തുപോകാം എന്ന ഗാന്ധിജിയുടെ വാക്കുകള്‍ നെഹ്റുവും ബോസും തമ്മിലുള്ള സൗഹൃദത്തിനും വിള്ളല്‍ വീഴ്ത്തി. 1939-ല്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഗാന്ധിജിയുടെ സ്ഥാനാര്‍ത്ഥി പട്ടാഭി സീതാരാമയ്യയെ തോല്‍പ്പിച്ച് ബോസ് കനത്ത വിജയം നേടി. യു. മുത്തുരാമലിംഗം തേവരുടെ കൃത്യമായ ഇടപെടലില്‍ ദക്ഷിണേന്ത്യയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വോട്ടുകള്‍ മുഴുവന്‍ ബോസിന് ലഭിച്ചതായിരുന്നു ആ വിജയം സാധ്യമാക്കിയത്. എന്നാല്‍ ഗാന്ധി അനുകൂലികളുമായി ഒത്തുപോകാന്‍ കഴിയാതെ വന്നതോടെ ബോസ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. പിന്നീട് 'ഓള്‍ ഇന്ത്യാ ഫോര്‍വേഡ് ബ്ലോക്ക്' എന്ന പേരില്‍ സ്വന്തം പാര്‍ട്ടി സ്ഥാപിച്ചു.
രണ്ടാം ലോക മഹായുദ്ധത്തിന്റെ സമയത്ത് കോണ്‍ഗ്രസുമായി കൂടിയാലോചിക്കാതെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇന്ത്യയേയും യുദ്ധത്തില്‍ പങ്കാളികളാക്കി. രാജ്യത്തുടനീളം നിസ്സഹകരണ സമരങ്ങള്‍ സംഘടിപ്പിച്ചാണ് ബോസ് ഇതിനെതിരേ പ്രതികരിച്ചത്. സമരത്തിന്റെ ഭാഗമായി ബോസ് വീണ്ടും ജയിലില്‍ അടയ്ക്കപ്പെട്ടു. പക്ഷേ ബോസ് ജയിലില്‍ നിരാഹാര സത്യാഗ്രഹം ആരംഭിച്ചതോടെ അദ്ദേഹത്തെ മോചിപ്പിക്കാനും കല്‍ക്കത്തയിലെ വസതിയില്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കാനും തീരുമാനമായി. 1941 ജനുവരി 17-ന് ബോസ് ഇവിടെ നിന്നും അനന്തരവന്‍ ശിശിര്‍ കുമാര്‍ ബോസിന്റെ സഹായത്തോടെ ജര്‍മ്മനിയിലേക്ക് രക്ഷപ്പെട്ടു. താടി വളര്‍ത്തി വേഷപ്രച്ഛന്നനായാണ് ബോസ് ബ്രിട്ടീഷ് സേനയുടെ കണ്ണില്‍ പെടാതെ അതിര്‍ത്തികള്‍ കടന്നത്. അഫ്ഗാനിസ്ഥാനിലൂടെ റഷ്യയിലേക്കും അവിടെ നിന്നും വ്യാജ ഇറ്റാലിയന്‍ പാസ്പോര്‍ട്ടുമായി മോസ്‌കോയിലേക്കും കടന്ന ബോസ് അവിടെ നിന്നും റോമിലേക്കാണ് പോയത്. റോമില്‍ നിന്നാണ് ബോസ് അന്നത്തെ 'നാസി' ജര്‍മ്മനിയിലേക്ക് കടന്നത്.
ബ്രിട്ടീഷുകാരുമായി ചിരവൈരികളായ ജര്‍മ്മനി ഇന്ത്യയുടെ സ്വാതന്ത്ര്യ സമരങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് ബോസ് ഉറച്ചുവിശ്വസിച്ചു. ജര്‍മ്മനിയിലെ ബെര്‍ലിന്‍ ആസ്ഥാനമാക്കിയാണ് ബോസ് തന്റെ പുതിയ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കിയത്. സ്പെഷ്യല്‍ ബ്യൂറോ ഫോര്‍ ഇന്ത്യ എന്ന സംഘടനയ്ക്ക് കീഴില്‍ ബോസ് ആസാദ് ഹിന്ദ് റേഡിയോ ആരംഭിച്ചു. ഇതുകൂടാതെ ഫ്രീ ഇന്ത്യാ സെന്റര്‍ എന്ന സംഘടന സ്ഥാപിക്കുകയും അതിനുകീഴില്‍ ഇന്ത്യന്‍ ലീജിയണ്‍ എന്ന പേരില്‍ രണ്ടാം ലോക മഹായുദ്ധത്തിന്റെ ഭാഗമായി യുദ്ധത്തടവുകാരായ ഇന്ത്യക്കാരെയും ഉള്‍പ്പെടുത്തി 4500-ഓളം പട്ടാളക്കാരുടെ പട ഒരുക്കുകയും ചെയ്തു. സായുധ വിപ്ലവത്തിലൂടെ തന്നെ ഇന്ത്യയുടെ മോചനത്തിനായി സഹായിക്കാമെന്ന് ജര്‍മ്മനി ഉറപ്പുനല്‍കിയതോടെ ഇന്ത്യയുടെ ഔദ്യോഗിക നേതാവായി ബോസ് അംഗീകരിക്കപ്പെട്ടു.
ഇവിടെ വെച്ചാണ് എമിലി ഷെന്‍കിള്‍ എന്ന ജര്‍മ്മന്‍ യുവതിയുമായി ബോസ് അടുപ്പത്തിലാവുന്നതും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങുന്നതും. എന്നാല്‍ അവരുടെ അടുപ്പത്തെക്കുറിച്ച് ബോസിന്റെ അനുയായികള്‍ക്ക് വലിയ ആശങ്ക ഉണ്ടായിരുന്നതായാണ് ചരിത്രകാരന്മാര്‍ പറയുന്നത്. യുദ്ധത്തിന്റെ കെടുതികളില്‍ നിന്നും രക്ഷ നേടുന്നതിനായി എമിലി ബോസുമായുള്ള ബന്ധം ഉപയോഗിച്ചു എന്നാതായിരുന്നു പ്രധാന ആരോപണം. 1942-ല്‍ ബോസിനും എമിലിക്കും ഒരു പെണ്‍കുഞ്ഞ് പിറന്നു. എന്നാല്‍ അതിനടുത്ത വര്‍ഷം തന്നെ ബോസ് ഭാര്യയേയും മകള്‍ അനിതയേയും ജര്‍മ്മനിയില്‍ നിര്‍ത്തി ജപ്പാന്‍കാര്‍ക്ക് കീഴിലായിരുന്ന തെക്കു കിഴക്കന്‍ ഏഷ്യയിലേക്ക് ഒരു മുങ്ങിക്കപ്പലില്‍ പലായനം ചെയ്തു.
ജപ്പാന്റെ ഇന്റലിജന്‍സ് യൂണിറ്റിന്റെ തലവനായിരുന്ന ഐവൈചി ഫ്യുജിവാരയുടെ തലയില്‍ ഉദിച്ച ആശയമായിരുന്നു 'ഇന്ത്യന്‍ നാഷണല്‍ ആര്‍മി' എന്ന പേരില്‍ ഇന്ത്യയ്ക്കായി ഒരു സായുധ സേന. ആവശ്യമെങ്കില്‍ ജപ്പാന്‍ സേനയ്‌ക്കൊപ്പം പോര്‍മുഖത്തേക്കിറങ്ങാന്‍ പാകത്തിന് ഒരു സൈന്യത്തെക്കൂടി ഉണ്ടാക്കുക എന്നതായിരുന്നു ഫ്യുജിവാരയുടെ ഐഡിയ. അങ്ങനെ 1942-ല്‍ ഇന്ത്യന്‍ നാഷണല്‍ ആര്‍മി രൂപീകരിക്കപ്പെട്ടുവെങ്കിലും അധികം വൈകാതെ പിരിച്ചുവിടപ്പെട്ടു. 1943-ല്‍ ഒടുവില്‍ സുഭാഷ് ചന്ദ്രബോസിന്റെ വരവോടെയാണ് ഒരു സ്വതന്ത്ര ആര്‍മി എന്ന നിലയിലേക്ക് ഇന്ത്യന്‍ നാഷണല്‍ ആര്‍മി പുനഃസംഘടിപ്പിക്കപ്പെടുന്നത്.
സൗത്ത്-ഈസ്റ്റ് ഏഷ്യയിലെ ഇന്ത്യക്കാരില്‍ നിന്നും വലിയ തോതിലുള്ള പിന്തുണയാണ് ബോസിനും ഇന്ത്യന്‍ നാഷണല്‍ ആര്‍മിക്കും ലഭിച്ചത്. മറ്റു സംഘടനകളില്‍ നിന്നും വ്യത്യസ്തമായി ഐ.എന്‍.എ.യ്ക്ക് സ്വന്തമായി ഒരു വനിതാ സംഘടനയും ഉണ്ടായിരുന്നു. മലയാളി കൂടിയായ ക്യാപ്റ്റന്‍ ലക്ഷ്മി സ്വാമിനാഥന്റെ നേതൃത്വത്തിലാണ് ഝാന്‍സി റാണിയുടെ പേരിട്ടിരുന്ന ഈ വനിതാ പട്ടാളക്കാരുടെ സംഘം നിലനിന്നിരുന്നത്. ഏഷ്യയില്‍ തന്നെ ആദ്യത്തെ വനിതാ പട്ടാളസംഘമായിരുന്നു ഇത്. 1944-ല്‍ സിംഗപ്പൂരില്‍ നിന്നും സംപ്രേഷണം നടത്തിയിരുന്ന ആസാദ് ഹിന്ദ് റേഡിയോയിലൂടെ നടത്തിയ പ്രഭാഷണത്തില്‍ ബോസാണ് ചരിത്രത്തില്‍ ആദ്യമായി മഹാത്മാഗാന്ധിയെ ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് അഭിസംബോധന ചെയ്തത്.
1944-ല്‍ ബെര്‍മയില്‍ നടന്ന ഐഎന്‍എ റാലിയില്‍ ബോസ് നടത്തിയ പ്രസംഗം ഏതൊരു ഇന്ത്യാക്കാരനിലും സ്വാതന്ത്ര്യദാഹം ജനിപ്പിക്കുന്നതായിരുന്നു. 'എനിക്ക് രക്തം തരൂ, ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാം' എന്ന് ബോസ് പ്രസംഗിക്കുമ്പോള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും ചങ്കൂറ്റമുള്ള നേതാവായിരുന്നു പിറന്നത്. നാടിന് സ്വാതന്ത്ര്യം ലഭിക്കുമെന്ന വിശ്വാസം ജനങ്ങളില്‍ ഉയിര്‍ത്തെഴുന്നേറ്റു. ബോസിന്റെ വാക്കുകള്‍ വിശ്വസിക്കുവാനും അയാളുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പോരാടാനും ജനങ്ങള്‍ തയ്യാറായി. ഒടുവില്‍ സായുധവിപ്ലവത്തിലൂടെ ബ്രിട്ടീഷുകാരെ ഓടിക്കുക എന്ന അവസാന നീക്കത്തിലേക്ക് ബോസും അനുയായികളും എത്തി, യുദ്ധം ആരംഭിച്ചു.
പക്ഷേ, യുദ്ധത്തില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ ബോസിനും കൂട്ടര്‍ക്കുമായില്ല. അന്ന് റംഗൂണ്‍ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ മ്യാന്‍മാര്‍ വഴി ഇന്ത്യയുടെ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലൂടെ ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു ബോസിന്റെ ലക്ഷ്യം. 1944 മാര്‍ച്ച് 18-ന് ബോസും കൂട്ടരും ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തി. ബ്രിട്ടീഷ് പട്ടാളവുമായുള്ള ആദ്യ പോരാട്ടങ്ങളില്‍ വിജയിച്ച് മുന്നേറിയെങ്കിലും പതിയെ ഐഎന്‍എയുടെ അടിപതറിത്തുടങ്ങി. കൊഹിമയിലും ഇംഫാലിലും നടന്ന യുദ്ധങ്ങളില്‍ ജപ്പാന്‍ സൈന്യം പരാജയപ്പെട്ടു. കൃത്യസമയത്ത് ജപ്പാന്റെ യുദ്ധവിമാനങ്ങളുടെ സഹായം കിട്ടാതെ വന്നതോടെ ബോസിനും കൂട്ടര്‍ക്കും യുദ്ധത്തില്‍ നിന്നും പൂര്‍ണമായും പിന്മാറേണ്ടിവന്നു.
ഈ സമയം രണ്ടാം ലോകമഹായുദ്ധവും അതിന്റെ അന്ത്യത്തിലേക്ക് അടുക്കുകയായിരുന്നു. 1945 മെയ് 7-ന് ജര്‍മ്മനി സഖ്യകക്ഷികള്‍ക്ക് കീഴടങ്ങി. ഓഗസ്റ്റ് 6-ന് ഹിരോഷിമയിലും ഓഗസ്റ്റ് 9-ന് നാഗസാക്കിയിലും അമേരിക്ക അണുബോംബ് കൂടി പ്രയോഗിച്ചതോടെ ജപ്പാന്‍ കീഴടങ്ങള്‍ പ്രഖ്യാപിച്ചു. അതോടെ രണ്ടാം ലോകമഹായുദ്ധത്തിനും അന്ത്യമായി. ഇതോടെ ഇനിയും ബോസ് സിംഗപ്പൂരില്‍ കഴിയുന്നത് അപകടമാണ് എന്ന് കരുതിയ അദ്ദേഹത്തിന്റെ അനുയായികള്‍ ബോസിനോട് മറ്റൊരു സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ ആവശ്യപ്പെടുന്നു. ഇതിന്റെ ഭാഗമായി ജാപ്പനീസ് ജനറല്‍ ഐസോഡെ ബോസിനോട് എത്രയും പെട്ടെന്ന് വിയറ്റ്നാമിലേക്ക് രക്ഷപ്പെടാന്‍ ആവശ്യപ്പെട്ടു.
അങ്ങനെ ഓഗസ്റ്റ് 15-ന് ബോസ് സിംഗപ്പൂരില്‍ നിന്നും വിയറ്റ്നാമിലെ സൈഗോണിലേക്ക് കടന്നു. ഇവിടെ നിന്നും സുരക്ഷിതമായ മറ്റേതെങ്കിലും രാജ്യത്തേക്ക് രക്ഷപ്പെടാം എന്നായിരുന്നു ബോസിന്റെയും കൂട്ടരുടെയും കണക്കുകൂട്ടല്‍. എന്നാല്‍ തങ്ങളുടെ അനുമതി ഇല്ലാതെ ഒരു വിമാനവും പറക്കാന്‍ പാടില്ല എന്ന സഖ്യകക്ഷികളുടെ ഉത്തരവുമൂലം ബോസിന് രക്ഷപ്പെടാനുള്ള വിമാനം നല്‍കാന്‍ ജപ്പാന്‍ പട്ടാളത്തിനായില്ല. അതേസമയം ടോക്യോയിലേക്കുള്ള ഒരു വിമാനത്തില്‍ ബോസിന് മാത്രം യാത്ര ചെയ്യാനുള്ള പഴുതുണ്ടാക്കുകയും ചെയ്തു. തന്റെ കൂട്ടാളികളെ അവിടെ വിട്ടുപോകാന്‍ ബോസ് ഒരുക്കമായിരുന്നില്ല. ഒടുവില്‍ എല്ലാവരുടേയും നിര്‍ബന്ധത്തിന് വഴങ്ങി തന്റെ സന്തതസഹചാരിയായ ഹബീബ് റഹ്മാനെ മാത്രം കൂടെക്കൂട്ടി ഒരു മിറ്റ്സുബിഷി ഹെവി ബോംബര്‍ വിമാനത്തില്‍ ബോസ് യാത്രതിരിച്ചു.
ഓഗസ്റ്റ് 17-ന് വൈകുന്നേരം 5.20-ന് ടേക്ക് ഓഫ് ചെയ്ത ആ വിമാനം നൈറ്റ് സ്റ്റേയ്ക്കു വേണ്ടി വിയറ്റ്നാമിലെ തുറേങ് എന്ന സ്ഥലത്ത് ഇറക്കി. പിറ്റേന്ന്, ഓഗസ്റ്റ് 18-ന് വീണ്ടും ടേക്ക് ഓഫ് ചെയ്ത വിമാനം തായ്?വാനിലെ തായ്ഹോക്കുവില്‍ ഇന്ധനം നിറയ്ക്കുന്നതിനായി വീണ്ടും ഇറക്കി. ഇവിടെ നിന്നും 2.30-ഓടെ പറന്നുയര്‍ന്ന വിമാനം അതിലുണ്ടായിരുന്ന ജനറല്‍ ഷിദേയ്ക്ക് ഇറങ്ങാനായി മഞ്ചൂരിയയിലെ ഡെറേനിലേക്ക് പോയി. റഷ്യന്‍ ഭാഷ അറിയാവുന്ന ജനറല്‍ ഷിദേയുടെ സഹായത്തോടെ റഷ്യന്‍ സൈന്യവുമായി രമ്യതയിലെത്തി റഷ്യയിലേക്ക് കടക്കാം എന്ന ചിന്തയില്‍ ബോസും അദ്ദേഹത്തോടൊപ്പം മഞ്ചൂരിയയില്‍ ഇറങ്ങാന്‍ തീരുമാനിച്ചു.
പക്ഷേ അവിടെ നിന്നും ബോസ് പിന്നീട് യാത്ര ചെയ്തത് ആശുപത്രിയിലേക്കും അവിടെ നിന്നും ശ്മശാനത്തിലേക്കുമായിരുന്നു. തായ്ഹോക്കുവില്‍ നിന്നും പറന്നുയര്‍ന്ന വിമാനം നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നുവീണു. ഗുരുതരമായി പൊള്ളലേറ്റ ബോസിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല എന്നതാണ് ഔദ്യോഗിക ഭാഷ്യം. ബോസ് മരിച്ച വാര്‍ത്ത പുറത്തുവന്നതിനൊപ്പം തന്നെ വിവാദങ്ങളും ഉടലെടുത്തു. ആകാശത്തുവെച്ച് പൊട്ടിത്തെറിച്ച വിമാനത്തിന്റെ ഇടത് എഞ്ചിന്‍ വേര്‍പെട്ട് തെറിച്ചുപോയതായും താഴെ വീണ വിമാനം നെടുകെ പിളര്‍ന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനം നടത്താന്‍ വിമാനത്താവളത്തില്‍ ഒരു ആംബുലന്‍സ് പോലും ഉണ്ടായിരുന്നില്ലെന്നും ഒരു സൈനിക ട്രക്കിലാണ് ബോസിനെ ആശുപത്രിയില്‍ എത്തിച്ചതെന്നും പറയപ്പെടുന്നു.
ജാപ്പനീസ് ഡോക്ടറായ തനിയോഷി യോഷിമിയാണ് ബോസിനെ ചികിത്സിച്ചത്. ദേഹമാസകലം തേര്‍ഡ് ഡിഗ്രി ബേര്‍ണ്‍സ് അഥവാ തൊലിക്കകത്തെ പാളികള്‍ക്ക് വരെ ഗുരുതരമായി പൊള്ളലേറ്റ അവസ്ഥയിലാണ് ബോസിനെ ആശുപത്രിയില്‍ എത്തിച്ചതെന്ന് ഡോക്ടര്‍ പറയുന്നു. നിരവധി ഇഞ്ചക്ഷനുകള്‍ നല്‍കിയിട്ടും ബ്ലഡ് ട്രാന്‍സ്മിഷന്‍ നടത്തിയിട്ടും ബോസിന്റെ ഹൃദയത്തിന്റെ മിടിപ്പ് നിയന്ത്രിക്കനോ അപകടസ്ഥിതി മെച്ചപ്പെടുത്താനോ കഴിഞ്ഞില്ല. ഒടുവില്‍ 1945 ആഗസ്ത് 18-ന് രാത്രി 9 മണിക്കും 10 മണിക്കും ഇടയില്‍ തന്റെ 48-ാം വയസില്‍ ആ വീരനായകന്‍ മരണത്തിന് കീഴടങ്ങി. ആശുപത്രിയില്‍ എത്തിക്കുമ്പോഴും ബോസിന് ബോധമുണ്ടായിരുന്നതായും അവസാന നിമിഷം വരെ അയാള്‍ കാണിച്ച മനോധൈര്യം തന്നെ അദ്ഭുതപ്പെടുത്തിയതായും ഡോ. തനിയോഷി സാക്ഷ്യപ്പെടുത്തുന്നു.
സിംഗപ്പൂരിലേക്കോ ടോക്കിയോയിലേക്കോ വിമാനമാര്‍ഗം മൃതദേഹം എത്തിക്കാന്‍ കഴിയാത്തതിനാല്‍ 4 ദിവസത്തിന് ശേഷം തായ്പേയില്‍ തന്നെ ബോസിന്റെ അന്ത്യകര്‍മ്മങ്ങള്‍ നടത്തപ്പെട്ടു. എന്നാല്‍ ഈ മരണവാര്‍ത്ത അംഗീകരിക്കാന്‍ ബോസിന്റെ അനുയായികള്‍ തയ്യാറായിരുന്നില്ല. ഈ അപകടം ബോസും കൂട്ടാളികളും ചേര്‍ന്ന് കളിച്ച നാടകമാണെന്നും അപകടത്തെ മറയാക്കി ബോസ് സുരക്ഷിത സ്ഥാനത്ത് എത്തിയിരിക്കുമെന്നും അവര്‍ വിശ്വസിച്ചു. എന്നാല്‍ മറ്റുചിലരാകട്ടെ രാഷ്ട്രീയ എതിരാളികള്‍ ബോസിനെ കെണിയൊരുക്കി കൊന്നുകളഞ്ഞതാണെന്നും വിശ്വസിച്ചു. ഉദ്വേഗജനകമാണ് ഇവിടംമുതലുള്ള ബോസിന്റെ മരണം സംബന്ധിച്ച ദുരൂഹതകളും വിവാദങ്ങളും.
തായ്‌ഹോക്കുവില്‍ നടന്ന ഒരു വിമാനാപകടത്തില്‍ ബോസ് കൊല്ലപ്പെട്ടതായി ബ്രിട്ടീഷ് സര്‍ക്കാര്‍ രേഖകളിലും ജാപ്പനീസ് അന്വേഷണ റിപ്പോര്‍ട്ടുകളിലും എഴുതപ്പെട്ടു. ഇപ്പോഴും ബോസിന്റെ മരണത്തെക്കുറിച്ചുള്ള ഔദ്യോഗിക രേഖകള്‍ ഈ വിമാനാപകടം തന്നെയാണ് ശരിവയ്ക്കുന്നത്. എന്നാല്‍ 1956-ല്‍ ഈ വിഷയം സംബന്ധിച്ച് ഒന്നുകൂടി പഠനം നടത്താന്‍ സ്വതന്ത്ര ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അന്നത്തെ പാര്‍ലമെന്റ് സെക്രട്ടറിയായിരുന്ന ഷാനവാസ് ഖാന്‍ അധ്യക്ഷനായി 'നേതാജി എന്‍ക്വയറി കമ്മറ്റി' രൂപീകരിക്കപ്പെട്ടു. നേതാജിയുടെ സഹോദരന്‍ സുരേഷ് ചന്ദ്രബോസ്, സിവില്‍ സര്‍വന്റായ എസ്.എന്‍. മൈത്ര എന്നിവര്‍ ഉള്‍പ്പെട്ടതായിരുന്നു കമ്മിറ്റി. ഷാനവാസ് കമ്മീഷനും വിമാനാപകടം സിദ്ധാന്തം തന്നെ ശരിവെച്ചുവെങ്കിലും ജവഹര്‍ലാല്‍ നെഹ്‌റു അടക്കമുള്ളവര്‍ക്കെതിരെ വലിയ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് സുരേഷ് ചന്ദ്രബോസ് ഈ റിപ്പോര്‍ട്ടില്‍ ഒപ്പുവയ്ക്കാന്‍ വിസമ്മതിച്ചു.
രാഷ്ട്രീയലാഭത്തിനുവേണ്ടി ബോസിനെ മനഃപൂര്‍വം കൊലപ്പെടുത്തിയതാണെന്നും നെഹ്‌റു അടക്കമുള്ളവര്‍ ബോസിന്റെ മരണത്തെ സംബന്ധിച്ച സത്യം മൂടിവയ്ക്കാന്‍ ശ്രമിച്ചുവെന്നും സുരേഷ് ചന്ദ്രബോസ് ആരോപിച്ചു. മാത്രമല്ല ബോസ് ജീവനോടെയുണ്ടെന്നും ഇന്ത്യയിലേക്ക് തിരിച്ചുവരുമെന്നും സുരേഷ് പ്രസ്താവിച്ചു. വിവാദം അവസാനിക്കാതെ വന്നതോടെ 1970-ല്‍ ജസ്റ്റിസ് ജി.ഡി. ഗോസ്ല അധ്യക്ഷനായി പുതിയൊരു കമ്മീഷന്‍ ബോസിന്റെ മരണത്തെപ്പറ്റി അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഗോസ്ലാ കമ്മീഷനും ഷാനവാസ് കമ്മീഷന്റെ നിഗമനം ശരിവയ്ക്കുകയാണ് ഉണ്ടായത്. എന്നാല്‍ 1999-ല്‍ എന്‍.ഡി.എ സര്‍ക്കാര്‍ രൂപീകരിച്ച ജസ്റ്റിസ് എം. മനോജ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ ആരംഭിച്ച മറ്റൊരു അന്വേഷണം ജനങ്ങളുടെ പല ഊഹാപോഹങ്ങളും ശരിവയ്ക്കും വിധത്തിലാണ് അവസാനിച്ചത്. തായ്‌ഹോക്കുവില്‍ നടന്ന വിമാനാപകടത്തില്‍ ബോസ് കൊല്ലപ്പെട്ടിട്ടില്ല എന്ന നിഗമനത്തിലാണ് മുഖര്‍ജി കമ്മീഷന്‍ എത്തിയത്. ബോസിന്റേത് എന്ന പേരില്‍ ജപ്പാനിലെ രെങ്കോജി ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന ശരീരാവശിഷ്ടങ്ങള്‍ അദ്ദേഹത്തിന്റേതല്ല എന്നും മുഖര്‍ജി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതോടെ ബോസിന്റെ അനുയായികളും അഭ്യുദയകാംഷികളും അദ്ദേഹത്തെപ്പറ്റി പഠിക്കുന്ന വിദ്യാര്‍ത്ഥികളും സാമൂഹിക പ്രവര്‍ത്തകരും നിയമപണ്ഡിതരുമെല്ലാം ബോസുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക രേഖകളും ഡീക്ലാസിഫൈ ചെയ്യണം എന്ന ആവശ്യം ശക്തമായി ഉന്നയിച്ചുതുടങ്ങി. നിരന്തരമായ ആവശ്യങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ 2015-ല്‍ പശ്ചിമബംഗാള്‍ സര്‍ക്കാരും 2016-ല്‍ കേന്ദ്രസര്‍ക്കാരും ബോസുമായി ബന്ധപ്പെട്ട ഫയലുകള്‍ ഡീക്ലാസിഫൈ ചെയ്തു. എന്നാല്‍ അവയിലുള്ള വിവരങ്ങളൊന്നും മതിയായിരുന്നില്ല ബോസിന്റെ മരണവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും അകറ്റാന്‍. സര്‍ക്കാര്‍ മൂടിമറയ്ക്കാന്‍ ശ്രമിക്കുന്ന എന്തൊക്കെയോ വിവരങ്ങള്‍ ഇപ്പോഴും ബോസിന്റെ മരണത്തിലുണ്ടെന്നാണ് കോണ്‍സ്പിറസി തിയറിസ്റ്റുകള്‍ പറയുന്നത്. ബോസിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഒരുകൂട്ടര്‍ക്ക് സംശയമെങ്കില്‍ വിമാനാപകടത്തില്‍ ബോസ് ശരിക്കും മരണപ്പെട്ടിരുന്നോ എന്നതാണ് മറ്റൊരു കൂട്ടരുടെ സംശയം.
ബോസിനെ സുരക്ഷിതമായി റഷ്യയിലേക്ക് കടത്തുന്നതിനായി ജപ്പാന്‍ സൈന്യം ഒരുക്കിയ നാടകമായിരുന്നു ആ വിമാനാപകടമെന്നാണ് ഒരുകൂട്ടരുടെ വാദം. ഔദ്യോഗിക രേഖകളൊന്നും ലഭ്യമല്ലെങ്കിലും വിമാനാപകടം സംബന്ധിച്ച പല മൊഴികളിലും വൈരുദ്ധ്യമുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പിഴവുകളുണ്ടെന്നും അവര്‍ വാദിക്കുന്നു. മറ്റു ചിലരാകട്ടെ അപകടത്തില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട ബോസ് തന്റെ യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചുവെച്ച് ഒരു സന്യാസിയായി ജീവിതം തുടര്‍ന്നുവെന്നും 1985-ലാണ് മരിച്ചതെന്നും പറയുന്നു. ഉത്തര്‍പ്രദേശില്‍ ജീവിച്ചിരുന്ന ഈ സന്യാസിക്ക് ബോസുമായി അസാധാരണ മുഖസാദൃശ്യം ഉണ്ടായിരുന്നതായും അദ്ദേഹത്തിന്റെ കൈയക്ഷരം ബോസിന്റേതുമായി ഒത്തുപോയിരുന്നതായും പറയപ്പെടുന്നു. ഈ വിഷയത്തില്‍ ഇപ്പോഴും പഠനങ്ങള്‍ നടത്തുന്നവരുണ്ട്.
എന്തായാലും തന്റെ അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട സമസ്യകള്‍ക്ക് ഒരന്ത്യമുണ്ടാവണം എന്ന ആവശ്യവുമായി ഒടുവില്‍ ബോസിന്റെ മകള്‍ അനിത മുന്നോട്ടുവന്നു. ജപ്പാനിലെ രെങ്കോജി ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന ബോസിന്റെ ശരീരാവശിഷ്ടങ്ങള്‍ ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയമാക്കണം എന്ന് അവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടിരുന്നു. അവശിഷ്ടങ്ങള്‍ വിട്ടുതരാന്‍ തയ്യാറാണെന്ന് ജാപ്പനീസ് സര്‍ക്കാര്‍ തയ്യാറാണെന്ന് വളരെക്കാലം മുന്നേതന്നെ തന്നോട് പറഞ്ഞിട്ടുള്ളതായും അനിത പറയുന്നു. എന്നാല്‍ അനിതയുടെ ഈ ആവശ്യത്തിന് ഇപ്പോഴും അനുമതി ലഭിച്ചിട്ടില്ല എന്നത് സംഭവത്തിന്റെ ദുരൂഹതയ്ക്ക് ആക്കം കൂട്ടുന്നു. ചിതാഭസ്മം ഡി.എന്‍.എ. ടെസ്റ്റിന് വിധേയമാക്കുന്നതോടെ മരിച്ചത് ശരിക്കും സുഭാഷ് ചന്ദ്രബോസ് തന്നെയോ എന്നത് വ്യക്തമാകുമെന്നും ഇതോടെ തന്റെ അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ക്ക് ഒരന്ത്യം ഉണ്ടാവുമെന്നുമാണ് അനിതയുടെ പക്ഷം.