/kalakaumudi/media/media_files/oMvUFmxMxsh7MV73pSPx.jpg)
മുംബൈ: ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബിയുടെ ചെയർപഴ്സൻ മാധബി പുരി ബുചിനെതിരെ വീണ്ടും ആരോപണം. സെബിയിൽ അംഗവും പിന്നീട് മേധാവിയുമായിരിക്കേ തന്നെ മാധബി ചട്ടവിരുധമായി മറ്റൊരു കമ്പനിയിൽനിന്നു വരുമാനം നേടിയെന്ന് റജിസ്ട്രാർ ഓഫ് കമ്പനിസിൽനിന്നുള്ള രേഖകൾ അധിഷ്ഠിതമാക്കി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തത്.
അദാനി ഗ്രൂപ്പിലേക്കു വിദേശത്തുനിന്നു പണമൊഴുക്കിയ മൗറീഷ്യസിലെയും ബർമുഡയിലെയും കടലാസ് കമ്പനികളിൽ മാധബിക്കും ഭർത്താവിനും നിക്ഷേപമുണ്ടെന്നും അദാനിക്കെതിരെ കാര്യക്ഷമമായി അന്വേഷിക്കാൻ സെബി മടിക്കുന്നതിനു പിന്നിലെ കാരണമിതാണെന്നുമാണു കഴിഞ്ഞയാഴ്ച യുഎസ് ഷോർട്ട്സെല്ലർമാരായ ഹിൻഡൻബർഗ് പറഞ്ഞത്. ആരോപണങ്ങൾ മാധബിയും ഭർത്താവും സെബിയും നിഷേധിച്ചെങ്കിലും പ്രതിപക്ഷ പാർട്ടികളിൽനിന്ന് വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
സെബി അംഗമായാൽ മറ്റു കമ്പനികളിൽനിന്നു ലാഭമോ ശമ്പളമോ ഫീസുകളോ വാങ്ങരുതെന്ന സെബിയുടെ 2008ലെ ചട്ടമാണ് മാധബി ലംഘിച്ചത്.സെബി അംഗങ്ങൾക്ക് മറ്റ് ബിസിനസ് താൽപര്യങ്ങൾ പാടില്ലെന്ന ചട്ടത്തിന്റെ ലംഘനവുമാണിതെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. ആരോപണം ഗുരുതരമാണെന്നും സെബി മേധാവിയായി തുടരാൻ മാധബിക്ക് ഇനി അർഹതയില്ലെന്നുമുള്ള വാദവുമായി മുൻ കേന്ദ്ര ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗും രംഗത്തെത്തിയിട്ടുണ്ട്.