കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയിയുടെ മരണത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്

വിവിധ വ്യക്തികൾക്ക് നൽകാനുള്ള പണത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടെയുള്ള കൃത്യമായ സാമ്പത്തിക കാര്യങ്ങൾ റോയി കുറിപ്പിൽ പരാമർശിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ

author-image
Devina
New Update
cj

ബംഗളൂരു: ദിവസങ്ങൾക്ക് മുൻപ് ബംഗളൂരുവിൽ ആത്മഹത്യ ചെയ്ത കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സിജെ റോയിയുടെ മരണത്തിൽ പുതിയ വിവരങ്ങൾ പുറത്ത്. റോയി എഴുതി എന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്, ഇത് അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് നിർണായക സൂചനകൾ നൽകുന്നു.

 9 പേജുകളുള്ള അത്മഹത്യാക്കുറിപ്പാണ് കുടുംബാഗംങ്ങൾക്ക് കിട്ടിയത്. ജനുവരി 31ന് സഹോദരനെ വിളിച്ചത് ജീവനൊടുക്കാൻ തീരുമാനിച്ച ശേഷമാണെന്നും ആദായനികുതി വകുപ്പിന്റെ നിരന്തര ഇടപെടൽ സമ്മർദത്തിലാക്കിയെന്നുമാണ് വിവരം.മരണത്തിന് പിന്നിലെ നിഗൂഢതകൾ ഒഴിവാക്കാൻ ഈ കുറിപ്പ് സഹായകമാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു.

പ്രത്യേക അന്വേഷണ സംഘം ഈ കുറിപ്പ് വിശദമായി പരിശോധിച്ചുവരികയാണെന്നും ഇത് അന്വേഷണത്തിലെ പ്രധാന തെളിവാണെന്നും പൊലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ചുകൊണ്ടാണ് സിജെ റോയിയുടെ കുറിപ്പ് ആരംഭിക്കുന്നത്. താൻ ഒരു 'അറ്റകൈ പ്രയോഗത്തിന്' മുതിരുകയാണെന്നും അതിന് എല്ലാവരും ക്ഷമിക്കണമെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. കടുത്ത മാനസിക വിഷമം പ്രകടമാക്കുന്നതോടൊപ്പം തന്നെ, തന്റെ വ്യക്തിപരവും ഔദ്യോഗികവുമായ കാര്യങ്ങളെക്കുറിച്ചുള്ള കൃത്യമായ നിർദ്ദേശങ്ങളും കുറിപ്പിലുണ്ട്.

വിവിധ വ്യക്തികൾക്ക് നൽകാനുള്ള പണത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടെയുള്ള കൃത്യമായ സാമ്പത്തിക കാര്യങ്ങൾ റോയി കുറിപ്പിൽ പരാമർശിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. തന്റെ മരണശേഷം ബിസിനസ് ആര് നിയന്ത്രിക്കണമെന്നും, തന്റെ പിൻഗാമികൾ ആരായിരിക്കണമെന്നും കുറിപ്പിലുണ്ട്. കോൺഫിഡന്റ് ഗ്രൂപ്പുമായി ദീർഘകാലമായി സഹകരിക്കുന്നവരെ മാറ്റിനിർത്തരുതെന്ന് അദ്ദേഹം പറയുന്നു. അവർ തന്റെ വിശ്വസ്തരായ സഹപ്രവർത്തകരാണെന്നും, ഇവർ തുടർന്നും സ്ഥാപനത്തിന്റെ ഭാഗമായി തുടരണമെന്നും കുറിപ്പിലുണ്ട്.

പ്രത്യേക അന്വേഷണ സംഘം നിലവിൽ കുറിപ്പിലെ വിവരങ്ങൾ പരിശോധിച്ചു. ഇതിന്റെ ഭാഗമായി റോയിയുടെ ഭാര്യയുടെയും മക്കളുടെയും മൊഴി രേഖപ്പെടുത്തും. കുറിപ്പിൽ പരാമർശിച്ചിരിക്കുന്ന സാമ്പത്തികവും ബിസിനസ് സംബന്ധവുമായ കാര്യങ്ങൾ ഒത്തുനോക്കാൻ ഇവരുടെ മൊഴികൾ സഹായിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ