20 ലക്ഷം രൂപ വരെ സെക്യൂരിറ്റി ഡിപ്പോസിറ്റ്; പൊതുയോഗങ്ങള്‍ക്ക് മാനദണ്ഡവുമായി തമിഴ്‌നാട്

യോഗത്തില്‍ പങ്കെടുക്കാന്‍ സാധ്യതയുള്ള ആളുകളുടെ എണ്ണം അപേക്ഷയില്‍ വ്യക്തമാക്കണം. ആളുകളുടെ എണ്ണം അനുസരിച്ച് ഒരു ലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപ വരെ സെക്യൂരിറ്റി ഡിപ്പോസിറ്റ് ഈടാക്കും

author-image
Biju
New Update
vijay

ചെന്നൈ: കരൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ യോഗങ്ങള്‍ക്കും റാലികള്‍ക്കും പൊതുമാനദണ്ഡവുമായി തമിഴ്‌നാട്. യോഗങ്ങളും റാലികളും നടത്തുന്നതിനു കുറഞ്ഞത് 10 ദിവസം മുന്‍പ് അനുമതി തേടണം. പൊതു, സ്വകാര്യമുതലുകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങളുടെ ഉത്തരവാദിത്തം പാര്‍ട്ടികള്‍ ഏറ്റെടുക്കണമെന്നത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ സര്‍വകക്ഷി യോഗത്തിലെടുത്തു. 

യോഗത്തില്‍ പങ്കെടുക്കാന്‍ സാധ്യതയുള്ള ആളുകളുടെ എണ്ണം അപേക്ഷയില്‍ വ്യക്തമാക്കണം. ആളുകളുടെ എണ്ണം അനുസരിച്ച് ഒരു ലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപ വരെ സെക്യൂരിറ്റി ഡിപ്പോസിറ്റ് ഈടാക്കും. അനുവദിച്ചതിലും കൂടുതല്‍ ആളുകളെത്തിയാല്‍ ഇതില്‍ പകുതി തുക മാത്രമേ തിരികെ നല്‍കൂ. പ്രവര്‍ത്തകര്‍ രണ്ടുമണിക്കൂറില്‍ കൂടുതല്‍ കാത്തിരിക്കേണ്ട സാഹചര്യം ഉണ്ടാക്കരുത്. അപകടസാധ്യതയുള്ള പരിപാടികളില്‍ 50 പേര്‍ക്ക് ഒരു പൊലീസുകാരന്‍ എന്ന നിലയില്‍ സുരക്ഷ ഉറപ്പാക്കും. 

മന്ത്രിമാരായ കെ.എന്‍.നെഹ്റു, എസ്.രഘുപതി എന്നിവരുടെ അധ്യക്ഷതയിലായിരുന്നു യോഗം. തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ച പാര്‍ട്ടികളുടെ പ്രതിനിധികളാണു യോഗത്തിലുണ്ടായിരുന്നത്. യോഗ തീരുമാനം ഹൈക്കോടതിയെ അറിയിക്കും. കരൂരില്‍ ടിവികെ പരിപാടിക്കിടെ തിക്കിലുംതിരക്കിലും 41 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ഇതിനു പിന്നാലെ ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ യോഗങ്ങള്‍ക്കും റാലികള്‍ക്കും പൊതുമാനദണ്ഡം രൂപീകരിക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.