മഴയത്ത് ചോർന്നൊലിച്ച് പുതിയ പാർലമെന്റ് മന്ദിരം;  പരിഹസിച്ച് പ്രതിപക്ഷം

കോടിക്കണക്കിന് രൂപ ചെലവിട്ട് നിർമ്മിച്ച പാർലമന്റ് മന്ദിരം ഇത്തരത്തിൽ ചോരുകയാണെങ്കിൽ മഴക്കാലത്ത് സഭാസമ്മേളനം പഴയ മന്ദിരത്തിലേക്ക് മാറ്റണമെന്ന് അഖിലേഷ് യാദവ് വിമർശിച്ചു. പഴയ മന്ദിരം പുതിയതിനേക്കാള്‍ മികച്ചതാണെന്നും  അഖിലേഷ് യാദവ് പറഞ്ഞു.

author-image
Anagha Rajeev
New Update
new parliament
Listen to this article
0.75x 1x 1.5x
00:00 / 00:00

പുതിയ പാർലമെന്റിലെ ചോർച്ചയിൽ മന്ദിരം രൂപകല്പന ചെയ്ത ബിമൽ പട്ടേലിനോട് ലോക്സഭാ സ്പീക്കർ വിശദീകരണം തേടി. 970 കോടി ചെലവിൽ നിർമ്മിച്ച മന്ദിരം 150 കൊല്ലമെങ്കിലും നിലനിൽക്കുമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ അവകാശവാദം. മന്ദിരം രൂപകല്പന ചെയ്ത ബിമൽ പട്ടേൽ ഗുജറാത്തിൽ നരേന്ദ്ര മോദി സർക്കാരിന്റെ നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടുള്ള ആളാണ്.

ചോർച്ചയ്ക്കിടയാക്കിയ സാങ്കേതിക പ്രശ്നം പരിഹരിച്ചെന്നാണ് ലോക്സഭ സെക്രട്ടറിയേറ്റ് നല്കിയ വിശദീകരണം. വിഷയം സഭയിൽ ഉന്നയിക്കുമെന്ന നിലപാടിലാണ് പ്രതിപക്ഷം. ഡൽഹിയിലെ കനത്ത മഴയിൽ എംപിമാരുടെ ലോബിയുടെ അകത്ത് മഴവെള്ളം വീഴുന്നതിന്റെയും, ഉദ്യോ​ഗസ്ഥർ ബക്കറ്റില്‍ ചോരുന്ന വെള്ളം ശേഖരിക്കുന്നതിന്റെയും ദൃശ്യങ്ങൾ പ്രതിപക്ഷ എംപിമാർ പങ്കുവച്ചതോടെയാണ് ചർച്ചയായത്. ഇത് സർക്കാരിന് വലിയ നാണക്കേടായി.

കോടിക്കണക്കിന് രൂപ ചെലവിട്ട് നിർമ്മിച്ച പാർലമന്റ് മന്ദിരം ഇത്തരത്തിൽ ചോരുകയാണെങ്കിൽ മഴക്കാലത്ത് സഭാസമ്മേളനം പഴയ മന്ദിരത്തിലേക്ക് മാറ്റണമെന്ന് അഖിലേഷ് യാദവ് വിമർശിച്ചു. പഴയ മന്ദിരം പുതിയതിനേക്കാള്‍ മികച്ചതാണെന്നും  അഖിലേഷ് യാദവ് പറഞ്ഞു. മന്ദിരത്തിന്റെ സ്ഫടിക താഴികക്കുടമുള്ള മേല്‍ക്കൂരയില്‍നിന്ന് വെള്ളം ചോര്‍ന്ന് ബക്കറ്റിലേക്ക് വീഴുന്ന ദൃശ്യങ്ങളാണ് അഖിലേഷ് എക്‌സില്‍ പങ്കുവെച്ചത്.

പുതിയ മന്ദിരം ഇത്ര പെട്ടെന്ന് ചോർന്നതിൽ അന്വേഷണം വേണമെന്നും, ഇതിനായി എല്ലാ പാർട്ടികളുടെയും എംപിമാരടങ്ങുന്ന സമിതിക്ക് രൂപം നൽകണമെന്നും കോൺ​ഗ്രസ് എംപി മാണിക്കം ടാ​ഗോർ ആവശ്യപ്പെട്ടു. വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസും നൽകി. 

New Parliament