വരുന്നു, കേരളത്തിലെ ഏറ്റവും വലിയ ആക്‌സസിബിലിറ്റി ഓഡിറ്റ്

ജില്ലയിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ഏകദേശം 7,000 പൊതു കെട്ടിടങ്ങളാണ് ഇതിന്റെ ആദ്യ ഘട്ടത്തിൽ പരിശോധിക്കുക

author-image
Vineeth Sudhakar
New Update
IMG_0807

കോഴിക്കോട് :സഹമിത്ര പദ്ധതിയുടെ അടുത്ത ഘട്ടമായി, ഡിസംബർ അവസാന വാരത്തിൽ കോഴിക്കോട് ജില്ലയിൽ തടസരഹിത കെട്ടിട ഓഡിറ്റ് നടപ്പാക്കും. എഴുപതോളം കോളജുകളിലെ പതിനായിരത്തോളം നാഷനൽ സർവീസ് സ്കീം സന്നദ്ധപ്രവർത്തകരുമാണ് ഇതിൽ കൈകോർക്കുന്നത്. ജില്ലയിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ഏകദേശം 7,000 പൊതു കെട്ടിടങ്ങളാണ് ഇതിന്റെ ആദ്യ ഘട്ടത്തിൽ പരിശോധിക്കുക. പൊതു കെട്ടിടങ്ങളിലെ ഭൗതിക തടസ്സങ്ങൾ കണ്ടെത്തി പ്രായോഗികവും ഡാറ്റ അധിഷ്ഠിതവുമായ പരിഹാരമാർഗങ്ങൾ രൂപപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിൽ ഇതുവരെ നടപ്പാക്കിയ ഏറ്റവും വലിയ ആക്‌സസിബിലിറ്റി ഓഡിറ്റുകളിൽ ഒന്നാകും ഇത്.ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ ഉറപ്പാക്കി അവരെ കൂടി ഉൾക്കൊണ്ട് സാമൂഹികവും ഭരണപരവുമായ പുത്തൻ മാതൃക സൃഷ്ടിക്കാൻ ഒരുങ്ങി കോഴിക്കോട് ജില്ലാ ഭരണകൂടം. ‘സഹമിത്ര’ പദ്ധതിയിലൂടെ കേരളത്തിലെ ആദ്യത്തെ സമ്പൂർണ ഭിന്നശേഷി സൗഹൃദ ജില്ലയായി കോഴിക്കോടിനെ മാറ്റി ചരിത്രം രചിക്കാനുള്ള ശ്രമമാണ് പുതിയ ഘട്ടത്തിലേക്ക് കടക്കുന്നത്. ഭിന്നശേഷിക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക, അവകാശങ്ങൾ ഉറപ്പാക്കുക, ഡിജിറ്റൽ ഉൾക്കൊള്ളൽ ശക്തിപ്പെടുത്തുക, പൊതുസൗകര്യങ്ങൾ തടസരഹിതമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ‘സഹമിത്ര’ പദ്ധതിയുടെ രൂപകൽപന.