റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ ഔദ്യോഗിക വസതി ലക്ഷ്യമാക്കി ഡ്രോണാക്രമണം നടത്തിയെന്ന ആരോപണം തള്ളി ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്

യു.എസിന്റെ മധ്യസ്ഥയില്‍ നടക്കുന്ന സമാധാന ചര്‍ച്ചയിലെ പുരോഗതിയെ തുരങ്കം വെക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്നും സെലന്‍സ്‌കി പ്രതികരിച്ചു

author-image
Vineeth Sudhakar
New Update
IMG_0929

റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ ഔദ്യോഗിക വസതി ലക്ഷ്യമാക്കി ഡ്രോണാക്രമണം നടത്തിയെന്ന ആരോപണം തള്ളി ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി. റഷ്യയുടെ ആരോപണം നുണയാണെന്ന് സെലന്‍സ്‌കി പറഞ്ഞു.ഉക്രൈനിലെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ലക്ഷ്യമിടാനാണ് റഷ്യ ശ്രമിക്കുന്നതെന്നും അതിന്റെ ഭാഗമാണ് ഈ ആരോപണങ്ങളെന്നും സെലന്‍സ്‌കി കൂട്ടി ചേർത്തു. യു.എസിന്റെ മധ്യസ്ഥയില്‍ നടക്കുന്ന സമാധാന ചര്‍ച്ചയിലെ പുരോഗതിയെ തുരങ്കം വെക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്നും സെലന്‍സ്‌കി പ്രതികരിച്ചു. ‘ഉക്രൈനെതിരായ അക്രമം തുടരാന്‍ റഷ്യ നടത്തുന്ന ഒരു നാടകമാണ് ഈ ആരോപണം. എന്നാല്‍ ഇപ്പോള്‍ കുറച്ച് നിശബ്ദത പാലിക്കേണ്ട സമയമാണ്. മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള നീക്കങ്ങളില്‍ തുരങ്കം വെക്കാന്‍ റഷ്യയെ അനുവദിക്കാന്‍ പാടില്ല,’ സെലന്‍സ്‌കി പറഞ്ഞു.

പുടിന്റെ വസതിയെ ലക്ഷ്യമാക്കി ഉക്രൈന്‍ ഡ്രോണാക്രമണം നടത്തിയെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് നേരത്തെ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സെലന്‍സ്‌കിയുടെ പ്രതികരണം.ഉക്രൈനും റഷ്യയും തമ്മിലുള്ള സമാധാന ചര്‍ച്ചകളിലെ റഷ്യയുടെ നിലപാട് പുനപരിശോധിക്കണെമന്നും ലാവ്റോവ് പറഞ്ഞിരുന്നു. ആക്രമണങ്ങളില്‍ ആളപായങ്ങളോ നാശനഷ്ടമോ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.സമാധാന ചര്‍ച്ചകള്‍ സംബന്ധിച്ച് ഞായറാഴ്ച ഫ്‌ലോറിഡയില്‍ നടന്ന യു.എസ് പ്രഡിഡന്റ് ഡൊണാള്‍ഡ് ട്രംപും സെലന്‍സ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു റഷ്യയുടെ ആരോപണം.എന്നാല്‍ അപകടം നടന്നുവെന്ന് അവകാശപ്പെടുന്ന സമയം പുടിന്‍ എവിടെയായിരുന്നു എന്നതില്‍ വ്യക്തതയില്ല.അതേസമയം ഉക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധം ഉടന്‍ അവസാനിക്കുമെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.യു.എസ് മുന്നോട്ടുവെച്ച 20 ഇന പദ്ധതിയിലെ 90 ശതമാനം കാര്യങ്ങളിലും ധാരണയായതായി സെലന്‍സ്‌കിയും പ്രതികരിച്ചു.