GST ഉദ്യോഗസ്ഥർ ചമഞ്ഞ് സംസ്ഥാവ്യാപകമായി വന്‍ തട്ടിപ്പ് നടത്തി ലക്ഷങ്ങൾ കൈക്കലാക്കിയ സംഘം പിടിയില്‍

കൊഴഞ്ചേരി ബിജോ ഭവനില്‍ ബിജോ മാത്യു (35), തിരുവനന്തപുരം ചെമ്പഴന്തി ജലജാ ലൈനില്‍ ശ്രീഹരി വീട്ടില്‍ താമസിക്കുന്ന ഇമ്മാനുവല്‍ ആര്‍ എ(42), തിരുവനന്തപുരം ശ്രീമൂലം റോഡില്‍ കൊടാക്കേരില്‍ വീട്ടില്‍ ഡെന്നിസ് ജേക്കബ് (51) എന്നിവരാണ് പിടിയിലായത്.

author-image
Vineeth Sudhakar
New Update
IMG_1363

പത്തനംതിട്ട: ജി.എസ്.ടി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് സംസ്ഥാവ്യാപകമായി വന്‍ തട്ടിപ്പ് നടത്തി ലക്ഷങ്ങൾ കൈക്കലാക്കിയ സംഘം പിടിയില്‍. കൊഴഞ്ചേരി ബിജോ ഭവനില്‍ ബിജോ മാത്യു (35), തിരുവനന്തപുരം ചെമ്പഴന്തി ജലജാ ലൈനില്‍ ശ്രീഹരി വീട്ടില്‍ താമസിക്കുന്ന ഇമ്മാനുവല്‍ ആര്‍ എ(42), തിരുവനന്തപുരം ശ്രീമൂലം റോഡില്‍ കൊടാക്കേരില്‍ വീട്ടില്‍ ഡെന്നിസ് ജേക്കബ് (51) എന്നിവരാണ് പിടിയിലായത്. ജി എസ് ടി വകുപ്പ് റെയ്ഡ്‌ നടത്തിയതും ലൈസന്‍സ് റദ്ദായതുമായ സ്ഥാപനങ്ങളില്‍ ജി.എസ്.ടി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പിഴയും കുടിശ്ശികയും തവണകളാക്കി നല്‍കാമെന്നും കുറവ് ചെയ്തു നല്‍കാമെന്നും പറഞ്ഞാണ് ഇവർ തട്ടിപ്പ് നടത്തിയത്. ജില്ലാ പൊലിസ് മേധാവി ആര്‍ ആനന്ദിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അനീഷ്‌ കെ.ജിയുടെ നേതൃത്വത്തില്‍ ആണ് പ്രതികളെ പിടികൂടിയത്. 84 ലക്ഷം രൂപയോളം പലരിൽ നിന്നായി ഇവർ തട്ടിയെടുത്തിട്ടുണ്ട്.ജി.എസ്.ടി വകുപ്പില്‍ നിന്നും റെയ്ഡ്‌ നടത്തിയതും ലൈസന്‍സ് റദ്ദായതുമായ സ്ഥാപനങ്ങളെക്കുറിച്ച് വിവരശേഖരണം നടത്തിയതിനു ശേഷം അവരുടെ സ്ഥാപനങ്ങളില്‍ യാദൃശ്ചികമായി എത്തുന്നതുപോലെ അഭിനയിച്ചായിരുന്നു തട്ടിപ്പ്. ആദ്യം ബിജോ മാത്യുവാണ് സ്ഥാപനങ്ങളിലെത്തുക. ജി.എസ്.ടിയിലെ ഇന്റലിജന്‍സ് സ്ക്വാഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് താന്‍ എന്നും ജി.എസ്.ടി, ഇഡി , ഇന്‍കം ടാക്സ് എന്നിവ സംബന്ധിച്ച പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ തനിക്കു സഹായിക്കാന്‍ സാധിക്കും എന്നും പറഞ്ഞ് ഉടമകളുടെ അവരുടെ വിശ്വാസം നേടുന്ന ബിജോ മാത്യു പിന്നീട് ജി.എസ്.ടി ഇന്റലിജന്‍സിന്റെ ചാര്‍ജ് ഉള്ള ഐഎഎസ് ഉദ്യോഗസ്ഥനാണ് എന്ന് പറഞ്ഞ് ഇമ്മാനുവലിനേയും, ജി എസ് ടി കമ്മീഷണറായി ഡെന്നിസ് ജേക്കബ് എന്നയാളെയും അവതരിപ്പിക്കും. തുടര്‍ന്ന് സ്ഥാപന ഉടമകളില്‍ നിന്നും പണം കൈക്കലാക്കുകയാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.ഇത്തരത്തില്‍ കോഴഞ്ചേരിയിലെ ഒരു ബേക്കറിയിൽ എത്തിയ ബിജോ മാത്യു ജി.എസ്.ടി ഉദ്യോഗസ്ഥനാണെന്ന് പരിചയ പ്പെടുത്തിയപ്പോള്‍ ബേക്കറി ഉടമയ്ക്ക് സംശയം തോന്നി. ബേക്കറി ഉടമ ജി.എസ്.ടി വകുപ്പിലെ ഇന്റലിജന്‍സ് ഡപ്യൂട്ടി കമ്മീഷണറെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തെപ്പറ്റി വിവരം ലഭിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരെയും നേതാക്കളെയും പരിചയമുണ്ടെന്നു പറഞ്ഞും അവരോടോത്തുള്ള ചിത്രങ്ങള്‍ കാണിച്ചുമാണ് പ്രതികൾ ആളുകളില്‍ വിശ്വാസം ജനിപ്പിക്കുന്നത്.