/kalakaumudi/media/media_files/2026/01/14/img_1492-2026-01-14-12-14-51.jpeg)
കോഴിക്കോട്: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ച ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരേ യൂത്ത് കോൺഗ്രസ് വനിതാ നേതാവ് ആർ.വി. സ്‌നേഹ. രാഹുലിനെ പിന്തുണച്ച ശ്രീനാദേവിയെ 'നിങ്ങൾ ഇന്നൊരു കോൺഗ്രസുകാരിയാണ്' എന്ന് ഓർമിപ്പിച്ചാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ ആർ.വി. സ്‌നേഹ രംഗത്തെത്തിയത്.'പാർട്ടി ചില തീരുമാനങ്ങൾ എടുക്കുമ്പോൾ പാർട്ടിയെക്കാൾ വലിയ നിലപാട് പാർട്ടി പ്രവർത്തകർക്ക് ഇല്ല, അതാണ് കോൺഗ്രസ്. നിങ്ങൾ ഇന്നൊരു കോൺഗ്രസുകാരിയാണ്' എന്നാണ് ആർ.വി. സ്‌നേഹ ഫെയ്‌സ്ബുക്കിൽ കുറിച്ചത്. ഇതോടൊപ്പം ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് പാർട്ടി അംഗത്വം നൽകിയതിന്റെ രസീതിന്റെ ചിത്രവും ആർ.വി. സ്‌നേഹ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.അടുത്തിടെ സിപിഐ വിട്ട് കോൺഗ്രസിലെത്തിയ ശ്രീനാദേവി കുഞ്ഞമ്മ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗമായി പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞദിവസമാണ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ ഇവർ രാഹുലിന് പിന്തുണയറിയിച്ച് രംഗത്തെത്തിയത്. പീഡനപരാതികളിൽ അവനൊപ്പമാണെന്നും പ്രതിസന്ധി നേരിടാൻ അതിജീവിതന് മനക്കരുത്ത് ഉണ്ടാകട്ടെ എന്നുമാണ് ശ്രീനാദേവി ഫെയ്‌സ്ബുക്ക് ലൈവിൽ പറഞ്ഞത്.
രാഹുൽ മാങ്കൂട്ടത്തിൽ കുറ്റക്കാരനാണെന്ന് കോടതി പറയണം. കോടതി പറയുംവരെ കുറ്റക്കാരനാണെന്ന് നമുക്ക് വിധിയെഴുതാൻ പറ്റില്ല. നിയമസഭാ സാമാജികൻ എന്ന നിലയിൽ ഇത് പ്രധാന്യംകൊടുക്കേണ്ട വാർത്ത തന്നെയാണ്. പക്ഷേ, പ്രധാന്യം കൊടുക്കുമ്പോൾ ഇത്രയധികം കഥകൾ മെനയുമ്പോൾ, ഇല്ലാക്കഥകൾ മെനയുന്നില്ലെന്ന് റിപ്പോർട്ടമാർ ശ്രദ്ധിക്കണമെന്നും ശ്രീനാദേവി പറഞ്ഞു.താൻ അതിജീവിതയ്ക്ക് ഒപ്പമാണെങ്കിലും വിവാഹിതയായ സ്ത്രീയാണ് അവസാനത്തെ കേസിലും പരാതിക്കാരി. അങ്ങനെയൊരു വിവാഹബന്ധത്തിൽനിൽക്കുമ്പോൾ അതിന്റെ പവിത്രത കാത്തുസൂക്ഷിക്കാൻ കഴിയാതെ വരുമ്പോൾ, അവർ ഉയർത്തിയ ആക്ഷേപങ്ങൾ പൂർണമായും ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും ശ്രീനാദേവി പറഞ്ഞിരുന്നു.
അതേസമയം, സൈബർ അധിക്ഷേപം നടത്തിയെന്ന് കാണിച്ച് ശ്രീനാദേവിക്കെതിരേ രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ഇതിനുപിന്നാലെ തനിക്കെതിരേ വ്യാജ ഉള്ളടക്കമുള്ള പരാതി നൽകിയെന്ന് ആരോപിച്ച് ശ്രീനാദേവിയും മുഖ്യമന്ത്രിക്ക് പരാതി നൽകി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
