കോഴിക്കോട്-കുറ്റ്യാടി-മാനന്തവാടി റൂട്ടിൽ 12 ബസ്സുകൾ അനുവദിച്ച് KSRTC

രാത്രികാലങ്ങളിൽ ഉൾപ്പെടെ യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾ കെ.പി. കുഞ്ഞമ്മദ്കുട്ടി എംഎൽഎ ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ബസ് അനുവദിച്ചത്

author-image
Vineeth Sudhakar
New Update
ksrtc

തൊട്ടിൽപ്പാലം: കോഴിക്കോട്-കുറ്റ്യാടി-മാനന്തവാടി റൂട്ടിൽ ഗതാഗതപ്രശ്നം പരിഹരിക്കുന്നതിനായി 12 കെഎസ്ആർടിസി ബസ് അനുവദിക്കും. പൊതുഗതാഗതസംവിധാനത്തിന്റെ കുറവുകൾ കാരണം ഗതാഗതപ്രതിസന്ധി നേരിടുന്ന കോഴിക്കോട്-കുറ്റ്യാടി-മാനന്തവാടി റൂട്ടിലാണ് 12 ബസ് കെഎസ്ആർടിസി സർവീസുകൾ അനുവദിക്കുക.തൊട്ടിൽപ്പാലം കെഎസ്ആർടിസി ഡിപ്പോയിൽ പഴക്കംചെന്ന ബസാണ് സർവീസ് നടത്തുന്നത്. രാത്രികാലങ്ങളിൽ ഉൾപ്പെടെ യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾ കെ.പി. കുഞ്ഞമ്മദ്കുട്ടി എംഎൽഎ ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ബസ് അനുവദിച്ചത്.വടകരയിൽനിന്ന് കുറ്റ്യാടി വഴി മൈസൂരിലേക്ക് ബസ് സർവീസുകൾ ആവശ്യപ്പെട്ടുകൊണ്ടും മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. തുടർന്ന് കെഎസ്ആർടിസി കൺട്രോളിങ് ഇൻസ്പെക്ടർ വി.എം. ഷാജി, എടിഒ രഞ്ജിത്ത്, ഇൻസ്പെക്ടർ ഇൻ ചാർജ് എസ്. ഷിബു എന്നിവരുടെ സാന്നിധ്യത്തിൽ യോഗം ചേരുകയും 12 കെഎസ്ആർടിസി ബസ് സർവീസുകൾ ആരംഭിക്കാൻ തീരുമാനിക്കുകയുമായിരുന്നെന്ന് എംഎൽഎ പറഞ്ഞു. വടകര-കുറ്റ്യാടി-മാനന്തവാടി-മൈസൂരു റൂട്ടിലേക്കും പുതിയ കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു. അതിരാവിലെ വടകരയിൽനിന്ന് തുടങ്ങി രാവിലെ 10 മണിയോടെ മൈസൂരിലെത്തുന്ന രീതിയിലാണ് ബസ് സർവീസ് ക്രമീകരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നത്.

മണിയൂർ, വേളം ഗ്രാമപ്പഞ്ചായത്തുകളിലെ ഗതാഗതപ്രശ്നങ്ങളും യോഗത്തിൽ ചർച്ചചെയ്തു. രാവിലെ വടകരയിൽനിന്ന്‌ മണിയൂരിലേക്ക് പുതുതായി കെഎസ്ആർടിസി ബസ് സർവീസ് തുടങ്ങിയതായി കൺട്രോളിങ് ഇൻസ്പെക്ടർ അറിയിച്ചു. പുറമേരി ഗ്രാമപ്പഞ്ചായത്തിൽ ഗ്രാമവണ്ടി സർവീസ് നടപ്പാക്കിയതോടെ ഗതാഗതപ്രശ്നങ്ങൾക്ക് ഏറക്കുറെ പരിഹാരമായിട്ടുണ്ട്. പുതുതായി കെഎസ്ആർടിസി ബസുകൾ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ടും ആവശ്യത്തിന് കണ്ടക്ടർമാരെ നിയമിക്കുന്നതു സംബന്ധിച്ചും മന്ത്രിയോട് അഭ്യർഥിക്കാനും യോഗത്തിൽ തീരുമാനിച്ചതായി കെ.പി. കുഞ്ഞമ്മത് കുട്ടി എംഎൽഎ പറഞ്ഞു.