/kalakaumudi/media/media_files/2026/01/22/img_1782-2026-01-22-21-56-24.jpeg)
കോട്ടയം: കേരളത്തിലെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന 72 അതിഥി തൊഴിലാളികൾ മലയാളി പെൺകുട്ടികളെ വിവാഹം കഴിച്ചതായി കണക്കുകൾ. എ.ഐ.ടി.യു.സിക്ക് കീഴിലുള്ള നാഷണൽ മൈഗ്രന്റ് വർക്കേഴ്സ് യൂണിയനാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.നേരിട്ടുള്ള ആലോചനകൾ വഴിയും ബ്രോക്കർമാരുടെ ഇടപെടലുകളിലൂടെയുമാണ് ഭൂരിഭാഗം വിവാഹങ്ങളും നടന്നതെന്ന് യൂണിയൻ നേതാക്കൾ വ്യക്തമാക്കി. വധുക്കളുടെ മാതാപിതാക്കൾ കൃത്യമായ അന്വേഷണം നടത്തിയ ശേഷമാണ് വിവാഹബന്ധത്തിലേക്ക് കടന്നതെന്നും സംഘടന പറയുന്നു.എറണാകുളം, വയനാട്, ഇടുക്കി, കോട്ടയം, തിരുവനന്തപുരം, കൊല്ലം, തൃശൂർ തുടങ്ങിയ ജില്ലകളിലാണ് ഇത്തരം വിവാഹങ്ങൾ കൂടുതലായി നടന്നത്. ഇതിൽ ഭൂരിഭാഗം കുടുംബങ്ങളും എറണാകുളം ജില്ലയിലെ പെരുമ്പാവൂർ പ്രദേശം കേന്ദ്രീകരിച്ചാണ് താമസിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
വിവാഹത്തിന് ശേഷം പല അതിഥി തൊഴിലാളികളും കേരള സമൂഹത്തിലേക്ക് പൂർണമായി ലയിച്ചുവെന്നും യൂണിയൻ ചൂണ്ടിക്കാട്ടുന്നു. ഇവരിൽ പലർക്കും റേഷൻ കാർഡ് ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകൾ ലഭിച്ചിട്ടുണ്ട്. മലയാളം നന്നായി സംസാരിക്കുന്നവരായ ഇവർ സംസ്ഥാനത്തിന്റെ സാമൂഹിക ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞുവെന്നും സംഘടന പറയുന്നു. സംസ്ഥാനത്ത് ഏകദേശം മൂവായിരത്തോളം അതിഥി തൊഴിലാളികൾ വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
24 വർഷം മുൻപ് ഒഡീഷയിൽ നിന്നെത്തിയ രാജേന്ദ്ര നായിക് എന്ന തൊഴിലാളി എറണാകുളം ജില്ലയിലെ വാഴക്കുളം പഞ്ചായത്തിൽ സംസ്ഥാന സർക്കാരിന്റെ ‘ലൈഫ് മിഷൻ’ ഭവന പദ്ധതിയിൽ അംഗമായി വീടിന്റെ നിർമ്മാണം ആരംഭിച്ചതും സാമൂഹിക മാറ്റത്തിന്റെ ഉദാഹരണമായി യൂണിയൻ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, അതിഥി തൊഴിലാളികൾ നേരിടുന്ന തൊഴിൽ, സാമൂഹിക, നിയമപരമായ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ ജനുവരി 25, 26 തീയതികളിൽ കോട്ടയത്ത് ദേശീയ കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് സംഘടന അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ കോൺക്ലേവിൽ പങ്കെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
