കര്‍ഷകരുമായി മെയ് നാലിന് അടുത്ത ചര്‍ച്ച

ചണ്ഡിഗഢിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ചര്‍ച്ചകള്‍ മൂന്ന് മണിക്കൂര്‍ നീണ്ടു. കര്‍ഷകരുയര്‍ത്തി നിരവധി നിയമ, സാമ്പത്തിക, നയ പ്രശ്‌നങ്ങളില്‍ ചര്‍ച്ച നടന്നു.

author-image
Prana
New Update
farmers protest

ചണ്ഡിഗഢ്: കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുമായി ചണ്ഡിഗഢില്‍ അനുനയ ചര്‍ച്ചകള്‍ നടത്തി. കേന്ദ്ര കാര്‍ഷിക മന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ഉപഭോക്തൃകാര്യമന്ത്രി പ്രഹ്ലാദ് ജോഷി, വാണിജ്യമന്ത്രി പീയുഷ് ഗോയല്‍, തുടങ്ങിയവര്‍ക്കൊപ്പം പഞ്ചാബ് മന്ത്രി ഗുര്‍മീത് സിങ് ഖുദിയാന്‍, കര്‍ഷകനേതാക്കള്‍, ചണ്ഡിഗഢിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ചര്‍ച്ചകള്‍ മൂന്ന് മണിക്കൂര്‍ നീണ്ടു. കര്‍ഷകരുയര്‍ത്തി നിരവധി നിയമ, സാമ്പത്തിക, നയ പ്രശ്‌നങ്ങളില്‍ ചര്‍ച്ച നടന്നു.

കര്‍ഷകരുടെ ക്ഷേമത്തിന് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് വ്യക്തമാക്കിയ കേന്ദ്രസര്‍ക്കാര്‍ ദേശവ്യാപകമായി കര്‍ഷകസംഘടനകള്‍, സംസ്ഥാന സര്‍ക്കാരുകള്‍, വാണിജ്യ മേഖലയിലെ പ്രതിനിധികള്‍ തുടങ്ങിയവരുമായി തങ്ങള്‍ ചര്‍ച്ചകള്‍ നടത്തുമെന്നും അറിയിച്ചു. കര്‍ഷകരുടെ ആശങ്കകളെല്ലാം പരിഗണിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കി. പ്രതിഷേധങ്ങള്‍ക്കുപരി ചര്‍ച്ചകള്‍ക്ക് തയാറാകാനും മന്ത്രിമാര്‍ നിര്‍ദ്ദേശിച്ചു. അടുത്ത യോഗം മെയ് നാലിന് നടത്താനും നിശ്ചയിച്ചു.ശിവരാജ് സിങ് ചൗഹാന്‍റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസ്ഥാന മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍, കര്‍ഷക സംഘടനകളായ സംയുക്ത കിസാന്‍ മോര്‍ച്ച(രാഷ്‌ട്രീയേതര), കിസാന്‍ മസ്‌ദൂര്‍ മോര്‍ച്ച(കെഎംഎം) എന്നിവയില്‍ നിന്നുള്ള 28പേര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ഇതുവരെ സര്‍ക്കാരും കര്‍ഷകരും തമ്മില്‍ ആറ് റൗണ്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. എന്നാല്‍ സുസ്ഥിരമായ യാതൊരു പരിഹാരവും ഇനിയും ഉണ്ടായിട്ടില്ല. ഏറ്റവും ഒടുവില്‍ കഴിഞ്ഞ മാസം 22നാണ് ചര്‍ച്ച നടന്നത്. ഈ യോഗത്തില്‍ കര്‍ഷകര്‍ ചില വിവരങ്ങള്‍ സമര്‍പ്പിച്ചു. സര്‍ക്കാര്‍ ഇത് പരിശോധിച്ച് വരികയാണെന്ന് ചൗഹാന്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ മുന്‍ കൂടിക്കാഴ്‌ചകളെപ്പോലെ തന്നെ ഇതിലും യാതൊരു തീരുമാനവും ഉണ്ടായില്ല. ഏഴാം വട്ട ചര്‍ച്ചകളില്‍ ശുഭകരമായ തീരുമാനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.ഖനൗരി അതിര്‍ത്തിയില്‍ 113 ദിവസമായി നിരാഹാരമനുഷ്‌ഠിക്കുന്ന കര്‍ഷക നേതാവ് ജഗജിത് സിങ് ധല്ലെവാളും ചര്‍ച്ചയില്‍ പങ്കെടുത്തു. ഖനൗരിയില്‍ നിന്ന് ചണ്ഡിഗഢിലേക്ക് ഇദ്ദേഹം ആംബുലന്‍സിലാണ് എത്തിയത്. കഴിഞ്ഞ മാസം പതിനാലിനും 22നും നടന്ന യോഗങ്ങളിലും ഇതേവിധമാണ് അദ്ദേഹം പങ്കെടുത്തത്. കഴിഞ്ഞ തവണ ചൗഹാന്‍ ധല്ലെവാളിന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആരാഞ്ഞിരുന്നു. ഇത് നല്ല സൂചനയായാണ് കര്‍ഷകര്‍ കണ്ടത്. ചുരുങ്ങിയ താങ്ങുവില ഉറപ്പാക്കുന്ന നിയമം കൊണ്ടുവരും വരെ താന്‍ നിരാഹാരം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
farmer