ബെംഗളൂരു: രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിൻറെ മുഖ്യ ആസൂത്രകൻ ഉൾപ്പെടെ രണ്ടു പേരെ എൻഐഎ പിടികൂടി. കൊൽക്കത്തയിലെ ഒളിവിൽ താമസിച്ച സ്ഥലത്തു നിന്നാണ് ഇവരെ പിടികൂടിയത്. മുഖ്യ ആസൂത്രകനായ മുസ്സാവിർ ഹുസൈൻ ഷാസിബ്, ഗൂഢാലോചനയിൽ പങ്കുള്ള അബ്ദുൽ മാത്തീൻ താഹാ എന്നിവരെയാണ് എൻഐഎ പിടികൂടിയത്. വ്യാജ പേരുകളിലാണ് ഇരുവരും കൊൽക്കത്തയിൽ താമസിച്ചിരുന്നത്.മാർച്ച് ഒന്നിനായിരുന്നു ബെംഗളൂരുവിലെ രാമേശ്വരം കഫെയിൽ സ്ഫോടനം.
ഷാസിബും താഹയും കർണാടകയിലെ ശിവമൊഗ്ഗ ജില്ലയിലുള്ള തീർഥഹള്ളിയിൽ നിന്നുള്ളവരാണ്. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും ബംഗാൾ, തെലങ്കാന, കർണാടക, കേരള പൊലീസ് സേനയും അന്വേഷണത്തിൽ സഹായിച്ചുവെന്ന് എൻഐഎ അറിയിച്ചു. കർണാടകയിലെ 12 ഇടത്തും തമിഴ് നാട്ടിലെ അഞ്ച്, ഉത്തർപ്രദേശിലെ 18 ഇടങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് റെയ്ഡ് നടത്തിയിരുന്നു . കേസുമായി ബന്ധപ്പെട്ട് നേരത്തേ ചിക്കമംഗളൂരുവിലെ ഖൽസ സ്വദേശിയായ മുസമ്മിൽ ഷരീഫിനെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.