എന്‍ഐഎ മേധാവിയെ മാറ്റി, അനുമതി നല്‍കിയത് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗം

മുംബൈ ഭീകരാക്രമണ സമയത്ത് ഭീകരര്‍ക്കെതിരെ ധീരമായി പൊരുതിയ പൊലീസ് ഉദ്യോഗസ്ഥനാണ് സദാനന്ദ് ദതെ. 2008 ല്‍ ഭീകരാക്രമണം നടന്നപ്പോള്‍ മുംബൈ അഡീഷണല്‍ പോലീസ് കമ്മീഷണറായിരുന്നു അദ്ദേഹം

author-image
Biju
New Update
nia chief

ന്യൂഡല്‍ഹി: എന്‍ഐഎ മേധാവി സ്ഥാനത്ത് നിന്ന് സദാനന്ദ് ദതെയെ മാറ്റി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗം അനുമതി നല്‍കിയതോടെ, നിലവില്‍ എന്‍ഐഎ ഡയറക്ടര്‍ ജനറലായ സദാനന്ദ് ദതെ മഹാരാഷ്ട്ര കേഡറിലേക്ക് മടങ്ങും. മഹാരാഷ്ട്രയില്‍ പുതിയ പൊലീസ് മേധാവിയായി ഇദ്ദേഹം വൈകാതെ ചുമതലയേല്‍ക്കും എന്നാണ് വിവരം. മഹാരാഷ്ട്ര ഡിജിപി രശ്മി ശുക്ല ഡിസംബര്‍ 31-ന് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.

മുംബൈ ഭീകരാക്രമണ സമയത്ത് ഭീകരര്‍ക്കെതിരെ ധീരമായി പൊരുതിയ പൊലീസ് ഉദ്യോഗസ്ഥനാണ് സദാനന്ദ് ദതെ. 2008 ല്‍ ഭീകരാക്രമണം നടന്നപ്പോള്‍ മുംബൈ അഡീഷണല്‍ പോലീസ് കമ്മീഷണറായിരുന്നു അദ്ദേഹം. ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടെ കാമ ആശുപത്രിയില്‍ വെച്ച് അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. എന്നിട്ടും ഭീകരരോട് പൊരുതിയ അദ്ദേഹത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിച്ചിരുന്നു.

മഹാരാഷ്ട്ര കേഡറിലെ 1990 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് സദാനന്ദ ദതെ. മുന്‍പ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയുടെ തലവനായിരുന്നു ഇദ്ദേഹം. പിന്നീട് 2024 മാര്‍ച്ചില്‍ കേന്ദ്ര സര്‍വീസിലെത്തിയ അദ്ദേഹത്തെ എന്‍ഐഎ ഡയറക്ടര്‍ ജനറലായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. ഇപ്പോള്‍ മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമ്മതം മൂളിയതോടെയാണ് സദാനന്ദ ദതെ തിരികെ വരുന്നത്. മഹാരാഷ്ട്രയില്‍ പോലീസ് സേനയില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.