ടെഹ്റാൻ: മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി ഇറാൻ യെമനുമായി ചർച്ച ചെയ്യുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അറിയിച്ചു. മോചനത്തിനായി ഇറാൻ ഇടപെടുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട് നേരത്തെ വന്നിരുന്നു.
നിമിഷയെ കൂടാതെ വധശിക്ഷ പ്രഖ്യാപിച്ച മറ്റു പൗരന്മാർക്ക് വേണ്ടിയും തങ്ങൾ ഇടപെടുന്നുണ്ടെന്നു ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അറിയിച്ചു.
നിമിഷ പ്രിയയുടെ മോചനം കഴിഞ്ഞ ദിവസം രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ചിരുന്നു. നിമിഷപ്രിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലൂടെ 40,000 ഡോളർ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് കൈമാറിയെന്ന് കേന്ദ്ര മന്ത്രി കീർത്തിവർധൻ സിംഗ് മറുപടി നൽകി. ഇനിയുള്ള നടപടികൾക്കായി നിമിഷപ്രിയയുടെ കുടുംബവും കൊല്ലപ്പെട്ടയാളുടെ കുടുംബവും തമ്മിൽ ചർച്ച തുടരുകയാണെന്നും വിദേശ കാര്യ മന്ത്രി പറഞ്ഞു. നിമിഷപ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകാൻ സൗകര്യം ഒരുക്കി. ചർച്ചയ്ക്കായി പവർ ഓഫ് അറ്റോണിയെ നിയോഗിച്ചു. അഭിഭാഷകൻ്റെ സഹായം വിദേശകാര്യമന്ത്രാലയം ഫണ്ട് ഉപയോഗിച്ച് ഉറപ്പാക്കി.
ആക്ഷൻ കൗൺസിൽ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നൽകാൻ പിരിച്ച ബ്ലഡ് മണി യെമനിൽ എത്തിക്കാനും സഹായം നൽകി. എന്നാൽ മോചനം സാധ്യമാക്കാൻ രണ്ട് കുടുംബങ്ങൾക്കുമിടയിൽ നടക്കുന്ന ചർച്ച വിജയിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
2017 ജൂലൈയില്‍ അറസ്റ്റിലായ നിമിഷ പ്രിയക്ക് 2020ലാണ് വധശിക്ഷ വിധിച്ചത്.
നിമിഷപ്രിയ നല്‍കിയ അപ്പീലുകളെല്ലാം തള്ളിയിരുന്നു. ബ്ലഡ് മണിയുടെ രണ്ടാം ഘട്ടം നല്‍കുന്നത് തടസപ്പെട്ടതിന് പിന്നാലെയാണ് യെമന്‍ പ്രസിഡന്‍റ് വധശിക്ഷ ശരിവച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.