/kalakaumudi/media/media_files/ckjxklsOnJqiILrDxBc2.jpg)
ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയില്‍ ഇടം നേടി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ബിസിനസ്, വിനോദം, രാഷ്ട്രീയം, ജീവകാരുണ്യപ്രവര്‍ത്തനം തുടങ്ങി വിവിധ മേഖലകളില്‍ സ്വാധീനം ചെലുത്തിയവരെ ഉള്‍പ്പെടുത്തി ഫോബ്‌സ് മാഗസിന്‍ തയാറാക്കിയ പട്ടികയില്‍ നിര്‍മല സീതാരാമന്‍ 28-ാം സ്ഥാനത്താണ്. ഫോബ്‌സിന്റെ 21ാമത് വാര്‍ഷിക പട്ടികയില്‍ നിര്‍മ്മലാ സീതാരാമന്‍ കൂടാതെ രാജ്യത്തു നിന്ന് രണ്ടു വനിതകള്‍കൂടി ഉള്‍പ്പെടുന്നു. റോഷ്‌നി നാടാര്‍ മല്‍ഹോത്രയും കിരണ്‍ മജുംദാര്‍ഷായും.
2019 മെയിലാണ് നിര്‍മല സീതാരാമന്‍ ഇന്ത്യയുടെ ധനമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. 2024 ജൂണിലെ പൊതുതെരഞ്ഞെടുപ്പിനു ശേഷം വീണ്ടും നിയമിതയായി. ഇന്ത്യയുടെ ഏകദേശം 4 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യാനുള്ള ചുമതല വഹിക്കുന്ന നിര്‍മല സീതാരാമന്‍, നിലവില്‍ ആഗോളതലത്തില്‍ അഞ്ചാമത്തെ വലിയ ജിഡിപിയുള്ള ഇന്ത്യ, 2027 ഓടെ ജപ്പാനെയും ജര്‍മ്മനിയെയും മറികടന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് നിര്‍മല സീതാരാമന്‍ പ്രവചിച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ്, നിര്‍മല സീതാരാമന്‍ യുകെയിലെ അഗ്രികള്‍ച്ചറല്‍ എഞ്ചിനീയേഴ്‌സ് അസോസിയേഷനിലും ബിബിസി വേള്‍ഡ് സര്‍വീസിലും പ്രവര്‍ത്തിച്ചിരുന്നു. കൂടാതെ മുന്‍പ് ഇന്ത്യയുടെ ദേശീയ വനിതാ കമ്മീഷന്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പട്ടികയില്‍ 81-ാം സ്ഥാനത്താണ് റോഷ്‌നി നാടാര്‍ മല്‍ഹോത്ര. ഇന്ത്യയിലെ പ്രമുഖ ഐടി സേവന സ്ഥാപനങ്ങളിലൊന്നായ എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ ചെയര്‍പേഴ്‌സണും എച്ച്‌സിഎല്‍ കോര്‍പ്പറേഷന്റെ സിഇഒയുമാണ് റോഷ്‌നി.
പട്ടികയില്‍ റോഷ്‌നി നാടാര്‍ക്ക് തൊട്ടുപിന്നിലാണ് കിരണ്‍ മജുംദാര്‍ഷാ. ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യക്തികളില്‍ 91-ം സ്ഥാനത്തുള്ള കിരണ്‍ മജുംദാര്‍, 1978ല്‍ സ്ഥാപിതമായ ബയോകോണ്‍ എന്ന ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ സ്ഥാപകയും ചെയര്‍പേഴ്‌സണുമാണ്.