/kalakaumudi/media/media_files/2025/07/30/sat-2025-07-30-19-09-16.jpg)
ചെന്നൈ: ഐഎസ്ആര്‍ഒയും നാസയും ചേര്‍ന്നുള്ള സംയുക്ത ഉപഗ്രഹ ദൗത്യമായ നൈസാര്‍ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നു വൈകിട്ട് 5.40ന് ഉപഗ്രഹവുമായി ജിഎസ്എല്‍വിഎഫ് 16 റോക്കറ്റ് കുതിച്ചുയര്‍ന്നു. ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളില്‍ ഏറ്റവും ചെലവേറിയതില്‍ ഒന്നാണ് ഇത്. 1200 കോടി രൂപയോളമാണ് ദൗത്യത്തിന്റെ ചെലവ്,
27 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ഇന്നലെ ഉച്ചയ്ക്കു 2.10ന് ആരംഭിച്ചിരുന്നു. ഭൗമനിരീക്ഷണം, പ്രകൃതിദുരന്തങ്ങളുടെ പ്രവചനം, വിലയിരുത്തല്‍ തുടങ്ങിയവയില്‍ നിര്‍ണായകമാകുന്ന ഉപഗ്രഹമാണ് നൈസാര്‍. നാസയും ഐഎസ്ആര്‍ഒയും വികസിപ്പിച്ച ഓരോ റഡാറുകളാണ് ഈ ഇരട്ട റഡാര്‍ ഉപഗ്രഹത്തിലുള്ളത്.
ഭൂമിയില്‍നിന്ന് 743 കിലോമീറ്റര്‍ ഉയരത്തിലുള്ള സണ്‍സിങ്ക്രണൈസ്ഡ് ഭ്രമണപഥത്തിലാണ് ഉപഗ്രഹം എത്തുക. നാസയുടെ റഡാര്‍ ഉപയോഗിച്ചു വലുപ്പമുള്ള വസ്തുക്കളുടെയും ഐഎസ്ആര്‍ഒ റഡാര്‍ ഉപയോഗിച്ച് വലുപ്പം കുറഞ്ഞവയുടെയും വിവരമെടുക്കാം. ഇത്തരം 2 റഡാറുകള്‍ ഒരു ഉപഗ്രഹത്തിലെത്തുന്നത് ആദ്യം.
യുഎസിലെയും ഇന്ത്യയിലെയും ശാസ്ത്ര സമൂഹങ്ങള്‍ക്ക് പൊതുവായ താല്‍പര്യമുള്ള മേഖലകളിലെ കരയുടെയും ഹിമത്തിന്റെയും രൂപഭേദം, കര ആവാസവ്യവസ്ഥകള്‍, സമുദ്ര പ്രദേശങ്ങള്‍ എന്നിവയെക്കുറിച്ച് പഠിക്കുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം.
വിക്ഷേപണത്തിനു മുന്നോടിയായി, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.വി.നാരായണന്‍ ഉപഗ്രഹത്തിന്റെയും വിക്ഷേപണ വാഹനത്തിന്റെയും ചെറു പതിപ്പുകളുമായി തിരുപ്പതിയില്‍ ദര്‍ശനം നടത്തിയിരുന്നു.