/kalakaumudi/media/media_files/2025/04/02/ictVSPsYX6fVYdMtFCqq.jpg)
ചെന്നൈ : വിവാദ സ്വാമി, സ്വയം പ്രഖ്യാപിത ആള്‍ദൈവം തുങ്ങി നിരവധി പേകുരളില്‍ അറിയപ്പെടുന്ന നിത്യാനന്ദ മരിച്ചെന്ന് അനുയായിയുടെ വെളിപ്പെടുത്തല്‍. നിത്യാനന്ദയുടെ അനുയായിയും സഹോദരിയുടെ മകനുമായ സുന്ദരേശ്വരനാണ് ഇക്കാര്യം അറിയിച്ചത്. നിത്യാനന്ദയുടെ അനുയായികളുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലായിരുന്നു വെളിപ്പെടുത്തല്‍.
സനാതന ധര്‍മം സ്ഥാപിക്കുന്നതിനു വേണ്ടി പോരാടിയ സ്വാമി 'ജീവത്യാഗം' ചെയ്‌തെന്നാണ് സുന്ദരേശ്വരന്‍ അനുയായികളെ അറിയിച്ചത്. എന്നാല്‍ നിത്യാനന്ദ മരണപ്പെട്ടുവെന്നുള്ള വാര്‍ത്തകള്‍ അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ നിഷേധിക്കുന്നുണ്ട്.
മരണവാര്‍ത്ത ഏപ്രില്‍ ഫൂള്‍ എന്ന അര്‍ഥത്തില്‍ പങ്കുവച്ചതാണോ എന്ന ചോദ്യവും സമൂഹമാധ്യമങ്ങളില്‍ പലരും ഉന്നയിക്കുന്നുണ്ട്. നേരത്തെയും നിരവധി തമിഴ്, ദേശീയ മാധ്യമങ്ങള്‍ നിത്യാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു.
തമിഴ്നാട്ടിലെ തിരുവണ്ണാമലയിലാണ് നിത്യനന്ദയുടെ ജനനം. പിന്നീട് ആത്മീയതയിലൂടെ അദ്ദേഹം പ്രശസ്തിയിലേക്ക് ഉയരുകയായിരുന്നു. തനിക്ക് ദിവ്യമായ കഴിവുകള്‍ ഉണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട്, അദ്ദേഹം വലിയ തോതില്‍ ഭക്തരെ ആകര്‍ഷിച്ചിരുന്നു. ഇന്ത്യയിലും വിദേശത്തുമായി ഒന്നിലധികം ആശ്രമങ്ങളും കെട്ടിപ്പടുത്തു.
പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കവെയാണ് 2010ല്‍ സിനിമ നടിക്കൊപ്പമുള്ള അദ്ദേഹത്തിന്റെ അശ്ലീല വിഡിയോ പുറത്തുവന്നത്. ഇതിനിടെ ബലാത്സംഗ, ലൈംഗിക പീഡന കുറ്റങ്ങളും അദ്ദേഹത്തിനെതിരെ ചുമത്തി. തങ്ങളുടെ മൂന്നു കുട്ടികളെ തട്ടിക്കൊണ്ടുപോയി എന്ന ദമ്പതികളുടെ പരാതിയ്ക്കു പിന്നാലെ നിത്യാനന്ദ ഇന്ത്യ വിടുകയായിരുന്നു. ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോറിനു സമീപത്തുള്ള ദ്വീപുകളിലൊന്ന് വാങ്ങി 'കൈലാസ' എന്ന പേരില്‍ രാജ്യമുണ്ടാക്കി ജീവിക്കുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കൈലാസയ്ക്ക് സ്വന്തമായി പാസ്‌പോര്‍ട്ട് വരെയുണ്ടായിരുന്നു എന്നാതായിരുന്നു വാര്‍ത്തകള്‍.
ലോകത്തിലെ തന്നെ ഏക പരമാധികാര ഹിന്ദു രാഷ്ട്രമാണിതെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പാസ്പോര്‍ട്ടിന് പുറമേ പൗരത്വം, കറന്‍സി തുടങ്ങിയവ പ്രഖ്യാപിച്ചത്. എന്നാല്‍ കൈലാസം ഒരു വ്യാജ രാജ്യമാണെന്നും തട്ടിപ്പാണെന്നുമായിരുന്നു പലരുടെയും ആക്ഷേപം. അതിനിടയിലാണ് നിത്യാനന്ദ മരണപ്പെട്ടുവെന്ന വാര്‍ത്ത പ്രചരിക്കുന്നത്.
അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാച്ചടങ്ങിലേക്ക് തനിക്ക് ഔപചാരികമായ ക്ഷണമുണ്ടെന്ന് അവകാശപ്പെട്ട് നിത്യാനന്ദ എത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. തന്റെ സ്വയം പ്രഖ്യാപിത രാഷ്ട്രമായ കൈലാസത്തിലെ ഹിന്ദുമഹാചാര്യനായ നിത്യാനന്ദ എന്ന എക്സ് അക്കൗണ്ടിലൂടെയാണ് ചടങ്ങിലേക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചതായി അദ്ദേഹം അവകാശപ്പെട്ടത്.
'ചരിത്രപ്രധാനവും അനന്യസാധാരണവുമായ ചടങ്ങ് ഒരിക്കലും പാഴാക്കരുത്! സാമ്പ്രദായികമായ പ്രാണപ്രതിഷ്ഠയിലൂടെ ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂര്‍ത്തിയിലേക്ക് രാമഭഗവാനെ യഥാവിധി ആവാഹിക്കും, ലോകത്തെ അനുഗ്രഹിക്കാന്‍ ശ്രീരാമന്‍ ഭൂമിയിലിറങ്ങും. ഔപചാരികമായ ക്ഷണം ലഭിച്ചതിനാല്‍ സ്വയം പ്രഖ്യാപിത രാഷ്ട്രമായ കൈലാസത്തിലെ ഹിന്ദുമഹാചാര്യനായ നിത്യാനന്ദ പരമശിവം ഈ മഹത്തായ ചടങ്ങില്‍ പങ്കെടുക്കുന്നതാണ്', കുറിപ്പില്‍ പറഞ്ഞത്.
പ്രതിഷ്ഠാദിനത്തില്‍ രാമക്ഷേത്രത്തിലെ പരിപാടികളുടെ പട്ടികയും പരിപാടികള്‍ കാണാന്‍ നിത്യാനന്ദ ടിവിയുടെ യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാനും കുറിപ്പില്‍ പറഞ്ഞിരുന്നു.
2010-ലാണ് നിത്യാനന്ദയുടെ ഡ്രൈവര്‍ ആള്‍ദൈവത്തിനെതിരെ ബലാത്സംഗക്കേസ് ഫയല്‍ ചെയ്തത്. തുടര്‍ന്ന് നിത്യാനന്ദ അറസ്റ്റിലുമായി. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങിയ നിത്യാനന്ദ രാജ്യത്തുനിന്ന് പലായനം ചെയ്തതായി ഇതേ ഡ്രൈവര്‍ അവകാശപ്പെട്ടിരുന്നു.