/kalakaumudi/media/media_files/2025/07/17/bihar-2025-07-17-14-29-27.jpg)
പട്ന: നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പേ വമ്പന്‍ പ്രഖ്യാപനങ്ങളുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഓഗസ്റ്റ് ഒന്നുമുതല്‍ സംസ്ഥാനത്തെ മുഴുവന്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും 125 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നല്‍കുമെന്നാണ് പ്രഖ്യാപനം. എക്‌സിലൂടെയാണ് നിതീഷ് കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. തുടക്കം മുതല്‍ തങ്ങള്‍ കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കുകയാണ്. സര്‍ക്കാരിന്റെ തീരുമാനം ബിഹാറിലെ 1.67 കോടി കുടുംബങ്ങള്‍ക്ക് ഗുണകരമാകുമെന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
'തുടക്കം മുതല്‍ ഞങ്ങള്‍ കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കുന്നു. 2025 ഓഗസ്റ്റ് 1 മുതല്‍ സംസ്ഥാനത്തെ എല്ലാ ഗാര്‍ഹിക ഉപഭോക്താക്കളും 125 യൂണിറ്റ് വരെയുള്ള വൈദ്യുതിക്ക് പണം നല്‍കേണ്ടതില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചു,' അദ്ദേഹം എക്സില്‍ കുറിച്ചു.
ഗാര്‍ഹിക ഉപഭോക്താക്കളുടെ സമ്മതത്തോടെ വീടുകളുടെ മുകളിലോ അടുത്തുള്ള പൊതു സ്ഥലങ്ങളിലോ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെക്കുറിച്ചും അദ്ദേഹം അറിയിച്ചു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ തീരുമാനം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
'കുതിര്‍ ജ്യോതി' പദ്ധതി പ്രകാരം വളരെ ദരിദ്രരായ കുടുംബങ്ങള്‍ക്ക് സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും പ്രഖ്യാപനമുണ്ട്. ഈ വര്‍ഷം ഒക്ടോബറിലോ നവംബറിലോ ആവും ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതികള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജോലികളിലും 35 ശതമാനം തസ്തികള്‍ ബിഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകള്‍ക്ക് മാത്രമായി സംവരണം ചെയ്യുമെന്ന് ജൂലൈ എട്ടിന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ചിരുന്നു. 'സംസ്ഥാന സര്‍ക്കാര്‍ സേവനങ്ങളിലെ എല്ലാ വിഭാഗങ്ങളിലേക്കും, തലങ്ങളിലേക്കും, തരങ്ങളിലേക്കും നേരിട്ടുള്ള നിയമനങ്ങളില്‍ ബിഹാറിലെ സ്ഥിര താമസക്കാരായ വനിതകള്‍ക്ക് മാത്രമായി 35% സംവരണം ഏര്‍പ്പെടുത്തും' എന്നായിരുന്നു നിതീഷ് കുമാറിന്റെ പ്രഖ്യാപനം. 'പൊതു സേവനങ്ങളില്‍ എല്ലാ തലങ്ങളിലും വകുപ്പുകളിലും സ്ത്രീ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിനാണ് സര്‍ക്കാരിന്റെ ശ്രമം. കൂടുതല്‍ സ്ത്രീകള്‍ തൊഴില്‍ മേഖലയിലേക്ക് പ്രവേശിക്കുകയും ബിഹാറിലെ ഭരണത്തിലും ഭരണനിര്‍വ്വഹണത്തിലും വലിയ പങ്ക് വഹിക്കുകയും ചെയ്യുക എന്നതാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യ'മെന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തിരുന്നു. പട്‌നയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനം കൈകൊണ്ടത്.
സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച പുതിയ ബിഹാര്‍ യൂത്ത് കമ്മീഷന്റെ രൂപീകരണവും നിതീഷ് കുമാര്‍ പ്രഖ്യാപിച്ചിരുന്നു. ബിഹാറിലെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്നതിനും, അവരെ പരിശീലിപ്പിക്കുന്നതിനും, അവരെ ശാക്തീകരിക്കുകയും പ്രാപ്തരാക്കുകയും ചെയ്യുന്നതിനായി ബിഹാര്‍ യൂത്ത് കമ്മീഷന്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്നായിരുന്നു നിതീഷ് കുമാറിന്റെ പ്രഖ്യാപനം.