തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡു ഉണ്ടാക്കാന്‍ മൃഗക്കൊഴുപ്പില്ല ;ഉപയോഗിച്ചത് കൃത്രിമനെയ്യ്

15 മാസത്തെ അന്വേഷണത്തിന് ശേഷമാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. ഇതിലാണ് 2019 നും 2024 നും ഇടയിൽ ക്ഷേത്രത്തിന് വിതരണം ചെയ്ത നെയ്യിൽ മൃഗക്കൊഴുപ്പ് ഇല്ലെന്ന് കണ്ടെത്തൽ ഉൾപ്പെടുന്നത്

author-image
Devina
New Update
thiruppathi laddu

അമരാവതി: തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡു ഉണ്ടാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചില്ലെന്ന് സിബിഐ. തിരുപ്പതി ലഡ്ഡു കുംഭകോണം അന്വേഷിക്കുന്ന സിബിഐ സംഘമാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. ലഡ്ഡു നിർമാണത്തിന് ബീഫ് / പന്നിക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ലെന്നും, കൃത്രിമ നെയ്യാണ് ഉപയോഗിച്ചതെന്നുമാണ് സിബിഐ നിലപാട്. തിരുമല വെങ്കിടേശ്വര ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉയർന്ന വലിയ വിവാദങ്ങൾക്ക് അവസാനമിടുന്നതാണ് സിബിഐ കണ്ടെത്തൽ.

ലഡ്ഡു തയ്യാറാക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ മായം ചേർത്തിട്ടുണ്ടെന്ന ആരോപണത്തിൽ സിബിഐ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചിരുന്നു. തിരുമല-തിരുപ്പതി ദേവസ്ഥാനത്ത് നടന്നത് 250 കോടിയുടെ കുംഭകോണമാണ് നടന്നത് എന്നായിരുന്നു നെല്ലൂരിലെ അഴിമതി വിരുദ്ധ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ സിബിഐയുടെ നിലപാട്.

 15 മാസത്തെ അന്വേഷണത്തിന് ശേഷമാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. ഇതിലാണ് 2019 നും 2024 നും ഇടയിൽ ക്ഷേത്രത്തിന് വിതരണം ചെയ്ത നെയ്യിൽ മൃഗക്കൊഴുപ്പ് ഇല്ലെന്ന് കണ്ടെത്തൽ ഉൾപ്പെടുന്നത്. മൂന്നുവർഷത്തിനിടെ 250 കോടിയോളം വിലവരുന്ന 68 ലക്ഷം കിലോ കൃത്രിമ നെയ്യ് വാങ്ങിക്കൂട്ടിയെന്നും കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.ലഡ്ഡു നിർമാണത്തിന് ഉപയോഗിച്ച നെയ്യ് തനത് രീതിയിൽ ഉത്പാദിപ്പിക്കപ്പെട്ടതല്ലെന്നാണ് സിബിഐ കണ്ടെത്തൽ. പാം ഓയിൽ, മറ്റ് വെജിറ്റബിൾ എണ്ണകൾ എന്നിവയക്കൊപ്പം ചില രാസ പദാർഥങ്ങൾ ചേർത്ത് ഉണ്ടാക്കിയ കൃത്രിമ നെയ്യാണ് ലഡ്ഡു നിർമാണത്തിന് ഉപയോഗിച്ചത്. പശുവിൻ നെയ്യിന് സമാനമായ കളറും മണവും ലഭിക്കാൻ കൃത്രിമ ചേരുവകൾ ഉപയോഗിച്ചെന്നും സിബിഐ പറയുന്നു.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവും ഉപമുഖ്യമന്ത്രി പവൻ കല്യാണുമായിരുന്നു തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡുവുമായി ബന്ധപ്പെട്ട ആരോപണം ഉന്നയിച്ചത്. ഭക്തർക്ക് വിളമ്പുന്ന ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ചേർന്ന നിലവാരമില്ലാത്ത നെയ്യ് ഉപയോഗിച്ചിട്ടുണ്ടെന്നായിരുന്നു ആക്ഷേപം. 2024 സെപ്റ്റംബറിൽ ഉയർത്തിയ ആരോപണം രാഷ്ട്രീയ സാമൂഹ്യ രംഗത്ത് വലിയ ചർച്ചകൾക്കും വഴിവച്ചിരുന്നു. പിന്നാലെയാണ് വിഷയത്തിൽ സുപ്രീം കോടതിയുടെ നിർദേശപ്രകാരം സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചത്. 2024 ഒക്ടോബറിലാണ് സുപ്രീംകോടതി നിർദേശപ്രകാരം സിബിഐ അന്വേഷണം ഏറ്റെടുത്തത്.