രാജ്യസഭാ അധ്യക്ഷനെതിരേ അവിശ്വാസ പ്രമേയത്തിന് നീക്കം

അവിശ്വാസ പ്രമേയം തയ്യാറായതായും 70 അംഗങ്ങള്‍ ഒപ്പുവെച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അവിശ്വാസ പ്രമേയം നാളെ സഭയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന

author-image
Prana
New Update
a

രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഖറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ തയ്യാറെടുത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യം. സമാജ്വാദി പാര്‍ട്ടിയും (എസ്പി), തൃണമൂല്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ഉള്‍പ്പെടെ ഇന്ത്യ സഖ്യത്തിലെ പ്രധാന കക്ഷികളുടെ പിന്തുണയോടെ കോണ്‍ഗ്രസാണ് പ്രമേയം അവതരിപ്പിക്കുന്നത്. അവിശ്വാസ പ്രമേയം തയ്യാറായതായും 70 അംഗങ്ങള്‍ ഒപ്പുവെച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അവിശ്വാസ പ്രമേയം നാളെ സഭയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന.രാജ്യസഭയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ചെയര്‍മാന്‍ പക്കഷപാതപരമായി പെരുമാറുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ സഖ്യത്തിന്റെ നീക്കം. തിങ്കളാഴ്ച രാജ്യസഭയില്‍ ജോര്‍ജ്ജ് സോറോസിന്‍ വിഷയത്തില്‍ നടന്ന ചര്‍ച്ചക്കിടെ പ്രതിപക്ഷ അംഗങ്ങള്‍ ചെയര്‍മാനുമായി നിരവധി തവണ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. പ്രതിപക്ഷ അംഗങ്ങളുടെ പ്രസംഗങ്ങള്‍ ഇടയ്ക്കിടെ തടസ്സപ്പെടുത്തുന്നുവെന്നും നിര്‍ണായക വിഷയങ്ങളില്‍ മതിയായ സംവാദങ്ങള്‍ അനുവദിക്കാന്‍ വിസമ്മതിക്കുന്നുവെന്നും പ്രതിപക്ഷം ആരോപിക്കുന്നു. വിവാദ ചര്‍ച്ചകളില്‍ ഭരണകക്ഷിയെ ചെയര്‍മാന്‍ അനുകൂലിക്കുന്നതായും പ്രതിപക്ഷ അംഗങ്ങള്‍ പരാതി ഉന്നയിച്ചു.രാജ്യസഭാ ചെയര്‍മാനെ നീക്കം ചെയ്യണമെങ്കില്‍ 50 അംഗങ്ങളുടെ ഒപ്പ് വേണമെന്നാണ് ചട്ടം. ധന്‍ഖറിനെതിരായ പ്രമേയത്തില്‍ 70 അംഗങ്ങള്‍ ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്. പാര്‍ലമെന്റിന്റെ കഴിഞ്ഞ വര്‍ഷകാല സമ്മേളനത്തില്‍ സ്പീക്കറെ നീക്കം ചെയ്യാനുള്ള നിര്‍ദ്ദേശം പ്രതിപക്ഷം കൊണ്ടുവന്നിരുന്നുവെങ്കിലും ചര്‍ച്ചകളെ തുടര്‍ന്ന് അത് പ്രതിപക്ഷം തന്നെ മരവിപ്പിക്കുകയായിരുന്നു.

 

rajya sabha