![jagdeep dhankhar](https://img-cdn.thepublive.com/fit-in/1280x960/filters:format(webp)/kalakaumudi/media/media_files/2024/12/19/9AbjmGg4HkxwKoc9HDxJ.jpg)
രാജ്യസഭാ ചെയര്‍മാനും ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധന്‍കറിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം തള്ളി. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശാണ് അവിശ്വാസപ്രമേയം തള്ളിയത്. 14 ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്ന നിബന്ധന പാലിച്ചില്ല, ജഗ്ദീപ് ധന്‍കറിന്റെ പേര് സ്‌പെല്ലിങ് തെറ്റിച്ചെഴുതി എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവിശ്വാസ പ്രമേയം തള്ളിയത്.
രാജ്യസഭാ ചെയര്‍മാന്‍ എന്ന നിലയില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഏകപക്ഷീയമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് ഇന്ത്യ സഖ്യം അവിശ്വാസപ്രമേയം കൊണ്ടുവന്നത്. പ്രമേയത്തിന് അവതരണാനുമതി തേടി ചൊവ്വാഴ്ച പ്രതിപക്ഷം രാജ്യസഭയില്‍ നോട്ടീസ് നല്‍കി. രാജ്യചരിത്രത്തില്‍ ആദ്യമായാണ് ഉപരാഷ്ട്രപതിയെ നീക്കാനായി നോട്ടീസ് നല്‍കുന്നത്. അതേസമയം പ്രതിപക്ഷത്തിന്റെ അംഗബലം ഉപയോഗിച്ച് ജഗ്ദീപ് ധന്‍കറെ നീക്കുക അസാധ്യമാണെങ്കിലും രാജ്യസഭാ ചെയര്‍മാന്റെ ഏകപക്ഷീയമായ പെരുമാറ്റം തുറന്നുകാണിക്കുകയാണ് ഇതിലൂടെ ഇന്ത്യ സഖ്യം ലക്ഷ്യമിട്ടത്.
ഉപരാഷ്ട്രപതിയെ നീക്കുന്ന പ്രമേയത്തിന് 14 ദിവസംമുന്‍പ് നോട്ടീസ് നല്‍കണമെന്നിരിക്കേ ഈമാസം 20ന് അവസാനിക്കുന്ന ശീതകാല സമ്മേളനത്തില്‍ അവിശ്വാസപ്രമേയം വരില്ലെന്ന് നേരത്തേ ഉറപ്പായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലെ അസ്വാരസ്യങ്ങള്‍ക്കിടെ 'ഇന്ത്യസഖ്യ'ത്തിന്റെ ഐക്യം ഉറപ്പിക്കാനുള്ള രാഷ്ട്രീയ നീക്കംകൂടിയാണ് നോട്ടീസിലൂടെ ലക്ഷ്യമിട്ടത്.
അറുപതോളം രാജ്യസഭാംഗങ്ങള്‍ ഒപ്പുവെച്ച നോട്ടീസാണ് കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശും നാസീര്‍ ഹുസൈനും രാജ്യസഭാ സെക്രട്ടറിജനറല്‍ പി.സി. മോദിക്ക് നല്‍കിയത്. കോണ്‍ഗ്രസിനുപുറമേ തൃണമൂല്‍ കോണ്‍ഗ്രസ്, എ.എ.പി., ഡി.എം.കെ., ആര്‍.ജെ.ഡി., സി.പി.എം., ജെ.എം.എം., സി.പി.ഐ. അംഗങ്ങളാണ് ഒപ്പുവെച്ചത്. രാജ്യസഭയിലെ പ്രതിപക്ഷനേതാവായ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി എന്നിവരും പ്രതിപക്ഷ പാര്‍ട്ടികളുടെ സഭയിലെ കക്ഷിനേതാക്കളും ഒഴികെയുള്ളവരാണ് ഒപ്പിട്ടത്.