/kalakaumudi/media/media_files/2025/09/20/bank-2025-09-20-12-29-57.jpg)
ഉപഭോക്താക്കളില്‍ നിന്ന് ബാങ്കുകള്‍ ഈടാക്കുന്ന വിവിധ സേവന നിരക്കുകള്‍ കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്.
ഡെബിറ്റ് കാര്‍ഡിനുള്ള നിരക്കുകള്‍, മിനിമം ബാലന്‍സ് ഇല്ലാത്തതിന് ഈടാക്കുന്ന പിഴ, വായ്പകളുടെ തിരിച്ചടവ് വൈകുമ്പോള്‍ ഈടാക്കുന്ന ലേറ്റ് ഫീസ് തുടങ്ങിയവ കുറയ്ക്കുന്നതിനാണ് ആര്‍ബിഐ മുന്‍ഗണന നല്‍കുന്നത്.
രാജ്യത്തെ ബാങ്കുകള്‍ക്ക് ഫീസിനത്തില്‍ ലഭിക്കുന്ന വരുമാനം കുറയ്ക്കാന്‍ ഇത് ഇടയാക്കുമെങ്കിലും ഉപഭോക്താക്കള്‍ക്ക് ഏറെ ഗുണം ചെയ്യും.
സാധാരണക്കാര്‍ക്ക് വേണ്ടി ആര്‍ബിഐ
ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയില്‍ കുറഞ്ഞ വരുമാനക്കാരെയാണ് സേവന നിരക്കുകള്‍ ഏറ്റവുമധികം ബാധിക്കുന്നതെന്ന് ആര്‍ബിഐ ചൂണ്ടിക്കാട്ടി.
നിരക്കുകള്‍ക്ക് ഒരു നിശ്ചിത പരിധി ആര്‍ബിഐ നിശ്ചയിച്ചിട്ടില്ലെങ്കിലും, ബാങ്കുകള്‍ക്ക് ഇത് സംബന്ധിച്ച് സ്വന്തം നിലയില്‍ തീരുമാനമെടുക്കാം.
എങ്കിലും, ബാങ്കുകള്‍ ഈ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധയോടെ ഇടപെടണമെന്നാണ് ആര്‍ബിഐയുടെ നിലപാട്.
റീട്ടെയില്‍, ചെറുകിട ബിസിനസ് വായ്പകളുടെ പ്രോസസിങ് ഫീസ് സാധാരണയായി 0.5% മുതല്‍ 2.5% വരെയാണ്.
ചില ബാങ്കുകള്‍ ഭവനവായ്പാ ഫീസ് 25,000 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.
സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ബാങ്കുകളുടെ ഫീസ് വരുമാനം 12% വര്‍ധിച്ച് ഏകദേശം 51,060 കോടി രൂപയിലെത്തിയിരുന്നു. ഇതാണ് ആര്‍ബിഐയെ ഈ വിഷയത്തില്‍ കര്‍ശന നിലപാടുകളെടുക്കാന്‍ പ്രേരിപ്പിച്ചത്.
പരാതികള്‍ വര്‍ധിച്ചത് ആശങ്കാജനകം
വിവിധ ബാങ്കുകള്‍ ഒരേ സേവനത്തിന് വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്നതും ആര്‍ബിഐയുടെ ശ്രദ്ധയില്‍പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
ഉപഭോക്തൃ സേവനത്തെച്ചൊല്ലിയുള്ള പരാതികള്‍ വര്‍ധിക്കുന്നതില്‍ കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയും ആശങ്ക പ്രകടിപ്പിച്ചിരുന്നു. പരാതികള്‍ പരിഹരിക്കുന്നതില്‍ ബാങ്കുകളും എന്‍ബിഎഫ്സികളും കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പരാതികള്‍ പരിഹരിക്കാന്‍ എംഡിമാരും സിഇഒമാരും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആഴ്ചയില്‍ ഒരു മണിക്കൂറെങ്കിലും മാറ്റിവയ്ക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആര്‍ബിഐയുടെ ഓംബുഡ്‌സ്മാന്‍ സ്‌കീമിന് കീഴിലുള്ള പരാതികള്‍ ഏകദേശം 50% വര്‍ധിച്ചു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 9.34 ലക്ഷത്തിലെത്തി.
ഇതേ കാലയളവില്‍ 95 ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്കുകള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് ഒരു കോടിയിലധികം പരാതികളാണ് ലഭിച്ചത്.