/kalakaumudi/media/media_files/2025/08/01/modi-2025-08-01-20-58-29.jpg)
ന്യൂഡല്‍ഹി : എഫ്-35 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ച് അമേരിക്കയുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ വ്യക്തമാക്കി. വെള്ളിയാഴ്ച ലോക്‌സഭയില്‍ കോണ്‍ഗ്രസ് എംപി ബല്‍വന്ത് ബസ്വന്ത് വാങ്കഡെയ്ക്ക് രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇതുവരെയും ഈ വിഷയത്തില്‍ യുഎസ് സര്‍ക്കാരുമായി ഒരു ഔപചാരിക ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രിയാണ് അറിയിച്ചത്.
അമരാവതിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയായ ബല്‍വന്ത് ബസ്വന്ത് വാങ്കഡെ ആണ് അഞ്ചാം തലമുറ സ്റ്റെല്‍ത്ത് വിമാനമായ എഫ്-35 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ യുഎസ് ഇന്ത്യയോട് നിര്‍ദ്ദേശിച്ചിരുന്നോ എന്ന ചോദ്യം ഉന്നയിച്ചത്. 2025 ഫെബ്രുവരി 13-ന് പ്രധാനമന്ത്രിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ എഫ്-35 യുദ്ധവിമാനങ്ങള്‍ ഇന്ത്യക്ക് വില്‍ക്കാന്‍ തയ്യാറാണെന്ന് ട്രംപ് അറിയിച്ചിരുന്നു. എന്നാല്‍ ഇന്ത്യ ഈ വിഷയത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
അതേസമയം യുഎസ് ഏര്‍പ്പെടുത്തിയ 25 ശതമാനം താരിഫിന്റെ പ്രത്യാഘാതങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്ന് വ്യാഴാഴ്ച ലോക്സഭയില്‍ സംസാരിച്ച കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന തീരുമാനം ഇന്ത്യ പുന പരിശോധിക്കാത്തതും റഷ്യയും ഇന്ത്യയും തമ്മിലുള്ള പ്രതിരോധ സഹകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളും ആണ് ഇന്ത്യയ്ക്ക് അധിക തീരുവ ചുമത്താനുള്ള തീരുമാനത്തിലേക്ക് ട്രംപിനെ എത്തിച്ചിട്ടുള്ളത്.