നിമിഷപ്രിയയുടെ മോചനം: ഹര്‍ജി എട്ട് ആഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി സുപ്രീംകോടതി

നിമിഷ പ്രിയയുടെ മോചന ശ്രമത്തിനായി യെമനിലെക്ക് പോകാന്‍ അനുവദിക്കണമെന്ന ആക്ഷന്‍ കൗണ്‍സിലിന്റെ അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തള്ളിയിരുന്നു. സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ യാത്രയ്ക്ക് അനുമതി നല്‍കാനാകില്ലെന്നായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം

author-image
Biju
New Update
nimisha

ന്യൂഡല്‍ഹി: യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹര്‍ജി എട്ട് ആഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി സുപ്രീംകോടതി. അടിയന്തര സാഹചര്യം ഉണ്ടായാല്‍ വീണ്ടും പരാമര്‍ശിക്കാനും നിര്‍ദേശം നല്‍കി. വധശിക്ഷയുടെ തിയ്യതി മാറ്റിയ കാര്യം നിമിഷപ്രിയയ്ക്കായി ഹാജരായ അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ കോടതിയെ അറിയിച്ചു. അപ്പോഴാണ് അടിയന്തര സാഹചര്യമുണ്ടായാല്‍ അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടത്. നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ടാണ് ഹര്‍ജി.

നിമിഷ പ്രിയയുടെ മോചന ശ്രമത്തിനായി യെമനിലെക്ക് പോകാന്‍ അനുവദിക്കണമെന്ന ആക്ഷന്‍ കൗണ്‍സിലിന്റെ അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തള്ളിയിരുന്നു. സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ യാത്രയ്ക്ക് അനുമതി നല്‍കാനാകില്ലെന്നായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചിന്റെ പരിഗണനയ്ക്ക് വന്നത്.

അതേസമയം വധശിക്ഷയില്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍. വധശിക്ഷയ്ക്ക് പുതിയ തിയ്യതി നിശ്ചയിക്കണമെന്ന ആവശ്യം ആവര്‍ത്തിക്കുകയാണ് തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താ മെഹദി. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ തിയ്യതി ആവശ്യപ്പെട്ട് അറ്റോര്‍ണി ജനറലിനെ കണ്ടതായി അബ്ദുല്‍ ഫത്താ മെഹദി വെളിപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. മധ്യസ്ഥ ശ്രമങ്ങള്‍ക്കോ ചര്‍ച്ചകള്‍ക്കോ ഉള്ള എല്ലാ ശ്രമങ്ങളെയും തള്ളുന്നുവെന്നും പറഞ്ഞു.

nimishapriya case