Reprsentational Image
പണലഭ്യത കമ്മിയില്‍ വീര്‍പ്പുമുട്ടി ബാങ്കിങ് മേഖല. പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്. ബാങ്കിങ് സെക്ടര്‍ പണലഭ്യത കമ്മിയെന്ന ഗുരുതര പ്രതിസന്ധി നേരിടുകയാണെന്ന് സാമ്പത്തിക ലോകം. 2010ന് ശേഷം കാണുന്ന ഏറ്റവും വലിയ കമ്മിയാണിത്. ഇതോടെ വായ്പകള്‍ക്കുള്ള പണം കണ്ടെത്തുന്നതിനു നിക്ഷേപങ്ങള്‍ക്കു കൂടിയ നിരക്കില്‍ പലിശ നല്‍കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതമാകും. അതാകട്ടെ ബാങ്കുകളുടെ ലാഭക്ഷമതയെയാണു ബാധിക്കുക. കൂടിയ നിരക്കില്‍ നിക്ഷേപം സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകുമ്പോള്‍ വായ്പ നിരക്കുകള്‍ ഉയരുമെന്ന അപകടവുമുണ്ടെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. മറ്റ് മാര്‍ഗങ്ങളില്ലാതായാല്‍ ബാങ്കുകള്‍ വായ്പ നല്‍കുന്നതില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തിയേക്കാം. വായ്പ വിതരണം നിയന്ത്രിക്കപ്പെട്ടാല്‍ അത് രാജ്യത്തെ വ്യവസായ ലോകത്തെ ബാധിക്കും. അതിന്റെ പ്രത്യാഘാതം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ പ്രതിഫലിക്കുമെന്നും ആക്‌സിസ് ബാങ്ക് സിഇഒ അമിതാഭ് ചൗധരി മുന്നറിയിപ്പ് നല്‍കുന്നു.രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാക്കള്‍ പോലും പണലഭ്യത പ്രശ്‌നത്തിന്റെ പിടിയിലാണ്. എന്‍ബിഎഫ്‌സികളും സമാന പ്രശ്‌നത്തിലാണെന്ന് ബജാജ് ഫിന്‍ സര്‍വിലെ സഞ്ജീവ് ബജാജ് വ്യ്ക്തമാക്കി.
പണലഭ്യത കമ്മിയായ സാഹചര്യത്തില്‍ എന്തു നടപടി സ്വീകരിക്കുമെന്ന് ആര്‍ബിഐ തീരുമാനിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കമ്മി താല്‍ക്കാലികമാണെങ്കില്‍ ആര്‍ബിഐ ഇടപെടലുണ്ടാകില്ലെന്നും സാമ്പത്തിക വിദഗ്ധര്‍ പറഞ്ഞു.