നവീൻ പട്നായിക്
ഭുവനേശ്വര്‍: ബി.ജെ.പിക്ക് ഇനി പിന്തുണയില്ലെന്ന് വ്യക്തമാക്കി ബി.ജെ.ഡി. രാജ്യസഭയിലുള്ള ഒൻപത് അംഗങ്ങളോടും ശക്തമായ പ്രതിപക്ഷമാകാൻ ബി.ജെ.ഡി. നേതാവ് നവീൻ പട്നായിക് നിർദേശം നൽകിയതായാണ് റിപ്പോർട്ട്. കഴിഞ്ഞ രണ്ട് മോദി സർക്കാർ കാലത്തും വിവാദ ബില്ലുകളിൽ അടക്കം ബി.ജെ.പിക്ക് ബി.ജെ.ഡി. പിന്തുണ നൽകിയിരുന്നു. എന്നാൽ ഇനി ഇത് തുടരേണ്ടതില്ല എന്ന നിലപാടാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
ശരിയായ പല ആവശ്യങ്ങളും ഇനിയും നിറവേറ്റിയിട്ടില്ല. ഒഡീഷയിലെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി വികസനത്തിന് വേണ്ടി ബി.ജെ.ഡി. എം.പി.മാർ ശബ്ദമുയർത്താൻ പാർട്ടി തീരുമാനിച്ചതായി പട്നായിക് വിളിച്ച യോഗത്തിന് പിന്നാലെ രാജ്യസഭാ എം.പി. ഭുബനേശ്വർ വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് മോദി മന്ത്രിസഭയിലും പല വിവാദ ബില്ലുകളും ബി.ജെ.ഡിയുടെ പിന്തുണയോടെയായിരുന്നു ബി.ജെ.പി. പാസാക്കിയെടുത്തത്. എന്നാൽ ഒഡീഷയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.ഡിക്കെതിരേ ശക്തമായി പോരാടി ബി.ജെ.പി. അധികാരം പിടിച്ചെടുക്കുകയും ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിടുകയുംചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യസഭയിലെ ഒൻപത് എം.പിമാരേയും തിങ്കളാഴ്ച രാവിലെയോടെ യോഗം വിളിച്ചു ചേർത്ത് നവീൻ പട്നായിക് നിർദേശം നൽകിയത്.