ഡിഎംകെയെ പുറത്താക്കുംവരെ ചെരുപ്പിടില്ല; ശപഥവുമായി അണ്ണാമലൈ

അണ്ണാ യൂണിവേഴ്‌സിറ്റിയിലെ ലൈംഗികാതിക്രമക്കേസ് തമിഴ്‌നാട് പോലീസ് കൈകാര്യം ചെയ്ത രീതിക്കെതിരെയുള്ള പ്രതിഷേധ സൂചകമായി ആറ് തവണ ചാട്ടവാറടി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

author-image
Prana
New Update
annamalai

ഡിഎംകെ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതുവരെ ചെരുപ്പിടില്ലെന്ന ശപഥവുമായി ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ. അണ്ണാ യൂണിവേഴ്‌സിറ്റിയിലെ ലൈംഗികാതിക്രമക്കേസ് തമിഴ്‌നാട് പോലീസ് കൈകാര്യം ചെയ്ത രീതിക്കെതിരെയുള്ള പ്രതിഷേധ സൂചകമായി തന്റെ വീടിന് മുന്നില്‍ ആറ് തവണ ചാട്ടവാറടി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തിനിടയില്‍ തന്നെ അണ്ണാമലൈ ചെരുപ്പ് ഊരിമാറ്റി. നാളെ മുതല്‍ നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ വ്രതമെടുക്കുമെന്നും അദ്ദേഹം കോയമ്പത്തൂരില്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പേരും ഫോണ്‍ നമ്പറും മറ്റ് വ്യക്തിഗത വിവരങ്ങളും വെളിപ്പെടുത്തിയതിന് അണ്ണാമലൈ സംസ്ഥാന പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചു. 'എഫ്‌ഐആര്‍ എങ്ങനെയാണ് പുറത്തായത്? എഫ്‌ഐആറില്‍ ഇരയെ മോശമായാണു കാണിക്കുന്നത്. ഇതില്‍ പൊലീസും ഡിഎംകെയും ലജ്ജിക്കണം. നിര്‍ഭയ ഫണ്ട് എവിടെപ്പോയി? എന്തുകൊണ്ടാണ് അണ്ണാ യൂണിവേഴ്‌സിറ്റി കാമ്പസില്‍ സിസിടിവി ക്യാമറ ഇല്ലാത്തത്?''- അദ്ദേഹം ചോദിച്ചു.
ഡിസംബര്‍ 23ന് രാത്രി എട്ട് മണിയോടെയാണ് അണ്ണാ സര്‍വകലാശാല ക്യാംപസില്‍ രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായത്. പള്ളിയില്‍ പോയ പെണ്‍കുട്ടി സുഹൃത്തിനൊപ്പം ക്യാംപസിലേക്ക് പോകുന്നതിനിടെയാണ് സംഭവമുണ്ടായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയതിന് ശേഷമായിരുന്നു ക്രൂരപീഡനം. കോട്ടുപുരം സ്വദേശി ജ്ഞാനശേഖര(37)നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്നയാളാണ് ജ്ഞാനശേഖരന്‍. കോട്ടൂര്‍പുരം പൊലീസ് സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരെ വേറെയും കേസുകളുണ്ട്.
രണ്ട് പേര്‍ ചേര്‍ന്ന് സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കിയതിന് ശേഷമാണ് പീഡിപ്പിച്ചതെന്നാണ് വിദ്യാര്‍ത്ഥിനി ആദ്യ ഘട്ടത്തില്‍ നല്‍കിയ മൊഴി. എന്നാല്‍ സംഭവത്തില്‍ ഒരാള്‍ മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂവെന്നാണ് സിസിടിവിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് മനസ്സിലാക്കുന്നത്. ക്യാംപസിനുള്ളിലെയും സമീപത്തെയും മുപ്പതോളം സിസിടിവികള്‍ പരിശോധിച്ചതിന് ശേഷമാണ് പൊലീസ് പ്രതിയിലേക്കെത്തിയത്.

government oath Rape Case dmk Annamalai tamilnadu