നോയ്ഡ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ഒക്ടോബര്‍ 30 ന്

സൂറിച്ച് എയര്‍പോര്‍ട്ട് ഇന്റര്‍നാഷണല്‍ എജിയുടെ അനുബന്ധ സ്ഥാപനമായ യമുന ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് നോയ്ഡ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മ്മിക്കുന്നത്.

author-image
Biju
New Update
noida

ലഖ്നൗ : നോയ്ഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആദ്യ ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി പ്രവര്‍ത്തനസജ്ജമായതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2025 ഒക്ടോബര്‍ 30 ന് വിമാനത്താവളം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടുമെന്നും യോഗി വ്യക്തമാക്കി. നോയ്ഡ ഗൗതം ബുദ്ധ നഗറിലെ ജെവാറില്‍ ആണ് അന്താരാഷ്ട്ര വിമാനത്താവളം നിര്‍മ്മിച്ചിരിക്കുന്നത്.

സൂറിച്ച് എയര്‍പോര്‍ട്ട് ഇന്റര്‍നാഷണല്‍ എജിയുടെ അനുബന്ധ സ്ഥാപനമായ യമുന ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് നോയ്ഡ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം ആദ്യ ഘട്ടം മുതല്‍ ഘട്ടം ഘട്ടമായി വിമാനത്താവളം പൂര്‍ണ്ണമായും പ്രവര്‍ത്തനം ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഏകദേശം 5,000 ഹെക്ടര്‍ വിസ്തൃതിയുള്ള ഈ വിമാനത്താവളം നാല് ഘട്ടങ്ങളിലായിട്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കുക. 2040 ആകുമ്പോഴേക്കും 70 ദശലക്ഷം വാര്‍ഷിക യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന അന്താരാഷ്ട്ര വിമാനത്താവളം ആക്കി മാറ്റാന്‍ ആണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ശനിയാഴ്ച യോഗി ആദിത്യനാഥ് വിമാനത്താവളം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സമഗ്രമായ പരിശോധന നടത്തിയ മുഖ്യമന്ത്രി ജില്ലാ, വിമാനത്താവള അധികൃതരുമായി ഉന്നതതല അവലോകന യോഗം നടത്തുകയും ചെയ്തു. ജില്ലാ മജിസ്ട്രേറ്റ്, പ്രാദേശിക എംഎല്‍എമാര്‍, യമുന എക്സ്പ്രസ്വേയുടെയും നോയിഡ അധികൃതരുടെയും സിഇഒമാര്‍ എന്നിവരുള്‍പ്പെടെയുള്ള പ്രധാന ഉദ്യോഗസ്ഥര്‍ ഈ അവലോകന യോഗത്തില്‍ പങ്കെടുത്തു.