ഇനി ദിവസവും പറക്കാം: വരുന്നു ഫ്‌ളയിങ് ടാക്സി

2028-ഓടെ നഗരത്തില്‍ ഫ്‌ളയിങ് ടാക്സി സര്‍വിസ് ആരംഭിക്കാന്‍ സന്നദ്ധതയറിയിച്ചിട്ടുള്ളത് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏരിയല്‍ ഫ്‌ളയിറ്റ് കമ്പനിയായ സരല്‍ ഏവിയേഷന്‍ ആണ്.

author-image
Prana
New Update
air taxi

ബെംഗളൂരുവില്‍ ഫ്‌ളയിങ് ടാക്സി സര്‍വിസിന് വഴിയൊരുങ്ങുന്നു. ഇതോടെ നഗരത്തിലെ ഗതാഗതക്കുരുക്കില്‍ സമയം നഷ്ടപ്പെടുന്ന അവസ്ഥയ്ക്ക് പരിഹാരമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. 2028-ഓടെ നഗരത്തില്‍ ഫ്‌ളയിങ് ടാക്സി സര്‍വിസ് ആരംഭിക്കാന്‍ സന്നദ്ധതയറിയിച്ചിട്ടുള്ളത് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏരിയല്‍ ഫ്‌ളയിറ്റ് കമ്പനിയായ സരല്‍ ഏവിയേഷന്‍ ആണ്. സരല്‍ ഏവിയേഷന്‍ അടുത്തിടെ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ ഇലക്ട്രിക് ഫ്‌ളയിങ് ടാക്‌സി അവതരിപ്പിച്ചിരുന്നു. 680 കിലോഗ്രാം ഭാരവും ഏഴുസീറ്റുകളുമുള്ള വാഹനം 20 മുതല്‍ 30 കിലോമീറ്റര്‍വരെയുള്ള യാത്രയ്ക്ക് ഉപയോഗിക്കാനാകും. ജനങ്ങള്‍ക്ക് മിതമായനിരക്കില്‍ സര്‍വിസ് ലഭ്യമാകുമെന്നാണ് കമ്പനി പറയുന്നത്. സര്‍വിസ് വിജയകരമായാല്‍ സംസ്ഥാനത്തെ മറ്റുജില്ലകളില്‍നിന്ന് രോഗികളെ ബെംഗളൂരുവിലെ ആശുപത്രികളിലെത്തിക്കാന്‍ എയര്‍ ആംബുലന്‍സ് സൗകര്യവും ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 2023 ഒക്ടോബറില്‍ ബെംഗളൂരുവില്‍ ആരംഭിച്ച സരല്‍ ഏവിയേഷന്‍ ഫ്‌ളയിങ് ടാക്സി സര്‍വിസ് ആരംഭിക്കാന്‍ 86 കോടി രൂപ കണക്കാക്കിയിട്ടുണ്ട്. ബെംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (ബി.ഐ.എ.എല്‍.) കഴിഞ്ഞവര്‍ഷം സരല്‍ ഏവിയേഷനുമായി ചേര്‍ന്ന് ഇലക്ട്രിക് ഫ്‌ളയിങ് സര്‍വിസ് ആരംഭിക്കാന്‍ ധാരണയിലേര്‍പ്പെട്ടിരുന്നു.വിമാനത്താവളത്തില്‍നിന്ന് ഇലക്ട്രോണിക് സിറ്റിയിലേക്ക് സര്‍വിസ് നടത്താനായിരുന്നു ധാരണ. 19 മിനിറ്റുകൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്താനാകും. നിലവില്‍ വിമാനത്താവളത്തില്‍നിന്ന് ഇലക്ട്രോണിക് സിറ്റിയിലെത്താന്‍ രണ്ടുമണിക്കൂറിലേറെ സമയം ആവശ്യമാണ്. ഫ്‌ളയിങ് ടാക്സി സര്‍വിസ് നഗരത്തിലെ ഗതാഗത സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. ഇതിനായി, സര്‍വിസ് ആരംഭിക്കാനാവശ്യമായ ഹെലിപ്പാഡുകളും മറ്റും ഒരുക്കേണ്ടതുണ്ട്.

 

air taxi