/kalakaumudi/media/media_files/2026/01/08/gadgil-2026-01-08-10-46-46.jpg)
തിരുവനന്തപുരം: കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെ കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെ അധ്യക്ഷനായിരുന്നു പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗില്‍. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് 2011ലാണ്.
റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കേരളം അടക്കമുളള സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ത്തി. പശ്ചിമഘട്ടത്തിലെ 129,037 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുടെ മുക്കാല്‍ ഭാഗവും പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കണമെന്ന റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശമാണ് പ്രതിഷേധം ഉയര്‍ത്തിയത്. ചില മേഖകളില്‍ ഖനനവും നിര്‍മാണവും പാറപൊട്ടിക്കലും മണ്ണെടുക്കലും ഉള്‍പ്പെടെ നിരോധിക്കാനും നിര്‍ദ്ദേശം നല്‍കിയിരുന്നു. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കായിട്ടില്ല.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ കേരളത്തില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. എന്നാല്‍, വിമര്‍ശനങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടിയും മാധവ് ഗാഡ്ഗില്‍ നല്‍കി. പരിസ്ഥിതി ദുരന്തങ്ങള്‍ക്കായി ദീര്‍ഘനാള്‍ കാത്തിരിക്കേണ്ടി വരില്ലെന്നും ഗാഡ്ഗില്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു. 2018 ലെ വെള്ളപ്പൊക്കത്തോടെ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചയായി. പ്രളയശേഷം ഗാഡ്ഗിലിന് വലിയ സ്വീകാര്യതയും ലഭിച്ചു. കേരളത്തിലെ പരിസ്ഥിതി ലോല മേഖലകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്നും ഇല്ലെങ്കില്‍ ഇനിയും വലിയ ദുരന്തങ്ങള്‍ കാത്തിരിക്കുന്നതായും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
പൂണെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് 83കാരനായ മാധവ് ഗാഡ്ഗിലിന്റെ അന്ത്യം. പരിസ്ഥിതി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യരാഷ്ട്ര സംഘടന നല്‍കുന്ന പരമോന്നത ബഹുമതിയായ ചാപ്യന്‍സ് ഓഫ് ദി എര്‍ത്ത് പുരസ്‌കാരം 2024ന് ലഭിച്ചു. രാജ്യം പത്മശ്രീ, പത്മഭൂഷന്‍ ബഹുമതികള്‍ നല്‍കി ആദരിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
