/kalakaumudi/media/media_files/2025/01/23/264kmDsYYCWD9CNa2uY4.jpg)
Ola Uber
ന്യൂഡല്‍ഹി: റൈഡുകള്‍ ബുക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന ഉപകരണം അനുസരിച്ച് വ്യത്യസ്ത തുക നിശ്ചയിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളില്‍ വിശദീകരണം തേടി ക്യാബ് അഗ്രഗേറ്റര്‍മാരായ ഒലയ്ക്കും ഊബറിനും നോട്ടീസ് അയച്ച് ഉപഭോക്തൃ കാര്യ മന്ത്രാലയം. ഉപഭോക്താവ് ഐഫോണാണോ ആന്‍ഡ്രോയ്ഡ് ഉപകരണമാണോ ഉപയോഗിക്കുന്നതെന്നതിനെ ആശ്രയിച്ച് ഒരേ സേവനത്തിന് രണ്ട് കമ്പനികളും വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്നാണ് സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി (സിസിപിഎ) നടപടി സ്വീകരിച്ചത്.
കമ്പനികളോട് അവരുടെ തുക നിശ്ചയിക്കുന്ന രീതികളെക്കുറിച്ച് വിശദീകരിക്കാനും വിവേചന സാധ്യതയെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കാനും സിസിപിഎ അതിന്റെ നോട്ടീസില്‍ ആവശ്യപ്പെട്ടു. മന്ത്രാലയം ഈ രീതിയെ 'വ്യത്യസ്തമായ വിലനിര്‍ണയം' എന്ന് വിശേഷിപ്പിക്കുകയും നിരക്ക് കണക്കുകൂട്ടലുകളില്‍ സുതാര്യതയും ന്യായവും ഉറപ്പാക്കുന്നതില്‍ വിശദമായ പ്രതികരണം തേടുകയും ചെയ്തു.
കഴിഞ്ഞ മാസം ഒരു ഉപയോക്താവ് യൂബര്‍ ആപ്പില്‍ ഒരു പ്രത്യേക ലൊക്കേഷനില്‍ വ്യത്യസ്ത നിരക്കുകള്‍ കാണിക്കുന്നതായി കരുതപ്പെടുന്ന രണ്ട് ഫോണുകളുടെ ചിത്രം എക്‌സില്‍ പങ്കിട്ടിരുന്നു. പിന്നാലേ ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപകരണങ്ങള്‍ വഴി ബുക്ക് ചെയ്യുമ്പോള്‍ ഒരേ റൈഡുകള്‍ക്ക് വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്നുവെന്ന് ആരോപണവുമായി കൂടുതല്‍ല പേര്‍ രംഗത്തെത്തിയിരുന്നു.
സംഭവം വിവാദമായതോടെ കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ലാദ് ജോഷി വിഷയത്തില്‍ ഇടപെട്ടു. ഉപഭോക്തൃ ചൂഷണത്തോട് സര്‍ക്കാര്‍ ഒട്ടും സഹിഷ്ണുത കാണിക്കില്ലെന്നും സമഗ്രമായ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിസിപിഎയോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ജോഷി പറഞ്ഞു.