/kalakaumudi/media/media_files/2025/01/28/GxcqeXHu0FrFMp34F5hp.jpg)
Rep. Img.
ഹരിപ്പാട്: ഓണ്‍ലൈനായി ഷെയര്‍ ട്രേഡിംഗ് നടത്തി ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം നല്‍കി 6 ലക്ഷം രൂപ തട്ടിച്ചതായി പരാതി. കാര്‍ത്തികപ്പള്ളി പുതുക്കുണ്ടം സ്വദേശി അലക്‌സാണ്ടര്‍ തോമസിന്റെ 6 ലക്ഷം രൂപയാണ് നഷ്ടമായത്.
കഴിഞ്ഞ നവംബര്‍ 24 ന് ഇന്‍സ്റ്റഗ്രാമില്‍ ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ പരസ്യം കണ്ട് ലിങ്ക് വഴി ആദ്യം അവരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുകയായിരുന്നു. തുടര്‍ന്ന് അലക്‌സാണ്ടറിന് ട്രേഡിങ് വഴിപണം ലഭിക്കുകയും ചെയ്തു.
കൂടുതല്‍ പണം ട്രേഡിങ്ങില്‍ നിക്ഷേപിക്കണമെങ്കില്‍ അവരുടെ അക്കൗണ്ട് വഴി ട്രേഡ് ചെയ്യണമെന്നും 300 ശതമാനം വരെ ലാഭം നല്‍കാമെന്നും വാഗ്ദാനം ചെയ്തു.
ഇതേ തുടര്‍ന്ന് ഡിസംബര്‍ 23 ന് 17000 രൂപ നിക്ഷേപിച്ചു. പിന്നീട് ഇവരുടെ പല അക്കൗണ്ടുകളില്‍ ആയി 6,19,803 രൂപ നിക്ഷേപിച്ചു. ജനുവരി16 ആയപ്പോള്‍ ലാഭം 22 ലക്ഷം രൂപ ആയി.
പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇന്‍കം ടാക്‌സ് അടച്ചാല്‍ മാത്രമേ കഴിയൂ എന്ന് മെസ്സേജ് വന്നു. ഇതില്‍ സംശയം തോന്നിയ അലക്‌സാണ്ടര്‍ സെബിയുടെ ഹെല്‍പ് ലൈനില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ ആണ് തട്ടിപ്പ് ആണെന്ന് മനസിലായത്.
അക്കൗണ്ട് നമ്പറുകള്‍ അല്ലാതെ കമ്പനിയെ പറ്റി മറ്റൊന്നും അലക്‌സാണ്ടറിന് അറിയുകയില്ല. സംഭവമായി ബന്ധപ്പെട്ട ഹരിപ്പാട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.