രാജ്യസഭയില്‍ ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്‍ പാസാക്കി; പാര്‍ലമെന്റ് സമ്മേളനം സമാപിച്ചു

ഇരുസഭകളിലും ബില്‍ പാസായതോടെ, ഓണ്‍ലൈന്‍ മണി ഗെയിമുകള്‍ വാഗ്ദാനം ചെയ്യുന്നതോ സൗകര്യമൊരുക്കുന്നതോ മൂന്ന് വര്‍ഷം വരെ തടവോ ഒരു കോടി രൂപ വരെ പിഴയോ ലഭിക്കാവുന്ന കുറ്റമായി മാറി.

author-image
Biju
New Update
online

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ഓണ്‍ലൈന്‍ ഗെയിമിംഗ് പ്രൊമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ ബില്‍, 2025 പാസാക്കി. ബഹളങ്ങള്‍ക്കിടയില്‍ ചര്‍ച്ചയില്ലാതെ രാജ്യസഭയും അംഗീകരിച്ചതോടെയാണ് പാര്‍ലമെന്റില്‍ ബില്‍ പാസായത്. ഇലക്ട്രോണിക്‌സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് അവതരിപ്പിച്ച ബില്‍, ഇ-സ്‌പോര്‍ട്‌സും ഓണ്‍ലൈന്‍ സോഷ്യല്‍ ഗെയിമിംഗും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം എല്ലാത്തരം ഓണ്‍ലൈന്‍ മണി ഗെയിമുകളും നിരോധിക്കും.

പ്രതിപക്ഷ അംഗങ്ങള്‍ കൊണ്ടുവന്ന ഭേദഗതികള്‍ തള്ളിയതിനെ തുടര്‍ന്നാണ് ഉപരിസഭ ഇത് പാസാക്കിയത്. ഉപാധ്യക്ഷന്‍ ഹരിവംശ് ഉപരിസഭയില്‍ നിയമനിര്‍മ്മാണത്തിന് അംഗീകാരം നല്‍കിയതായി പ്രഖ്യാപിക്കുകയും തുടര്‍ന്ന് നടപടികള്‍ പത്ത് മിനിറ്റ് നിര്‍ത്തിവയ്ക്കുകയും ചെയ്തു.

ഇരുസഭകളിലും ബില്‍ പാസായതോടെ, ഓണ്‍ലൈന്‍ മണി ഗെയിമുകള്‍ വാഗ്ദാനം ചെയ്യുന്നതോ സൗകര്യമൊരുക്കുന്നതോ മൂന്ന് വര്‍ഷം വരെ തടവോ ഒരു കോടി രൂപ വരെ പിഴയോ ലഭിക്കാവുന്ന കുറ്റമായി മാറി.

ബുധനാഴ്ചയാണ് ബില്‍ ലോക്‌സഭ പാസാക്കിയത്. ഓണ്‍ലൈന്‍ മണി ഗെയിമുകളുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍, ബാര്‍, ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ അത്തരം ഗെയിമുകള്‍ക്ക് ഫണ്ട് കൈമാറുന്നത് എന്നിവ നിരോധിക്കുന്നതാണ് നിയമം. പണവും മറ്റ് പ്രതിഫലങ്ങളും പ്രതീക്ഷിച്ച് പണം നിക്ഷേപിച്ചാണ് ഓണ്‍ലൈന്‍ മണി ഗെയിമുകള്‍ കളിക്കുന്നത്. ഇത് ഒരുപാട് തട്ടിപ്പുകള്‍ക്ക് കാരണമാകുന്ന സാഹചര്യത്തിലാണ് നടപടി.

അതേസമയം, പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്നത്തോടെ സമാപിച്ചു. വോട്ടര്‍ പട്ടിക ക്രമക്കേടിനെതിരായ കടുത്ത പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് 2 തവണ തടസ്സപ്പെട്ട ലോകസഭ 12.15 ഓടെ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞിരുന്നു. ഓണ്‍ലൈന്‍ ഗെയിമിംഗ് പ്രൊമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ ബില്‍ പാസാക്കിയതിന് പിന്നാലെ രാജ്യസഭയും പിരിഞ്ഞു.