/kalakaumudi/media/media_files/2024/12/11/AV09hK9O0tJA0yHfbr4t.webp)
ലോണ്‍ തിരിച്ചടവിന് കാലതാമസം നേരിട്ടതിന് ഓണ്‍ലൈന്‍ വായ്പ ആപ്പ് ഏജന്റുമാര്‍ ഭാര്യയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അയച്ചുകൊടുത്തതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. ആന്ധ്രാപ്രദേശ് വിശാഖപട്ടണം സ്വദേശിയായ നരേന്ദ്ര(25) ആണ് ആത്മഹത്യ ചെയ്തത്. ഒക്‌ടോബര്‍ 28 നായിരുന്നു മത്സ്യബന്ധന തൊഴിലാളിയായ നരേന്ദ്രയുടെ വിവാഹം. മോശം കാലാവസ്ഥയെ തുടര്‍ന്ന് കുറച്ചു ദിവസം കടലില്‍ മത്സ്യബന്ധനത്തിന് പോകാന്‍ കഴിയാതിരുന്നതോടെ കനത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനാലാണ് യുവാവ് ഓണ്‍ലൈന്‍ വായ്പ ആപ്പില്‍ നിന്ന് പണം വായ്പയെടുത്തത്.
2000 രൂപയായിരുന്നു വായ്പയെടുത്തത്. ആഴ്ചകള്‍ക്കുള്ളില്‍ ലോണ്‍ തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട് ഏജന്റുമാര്‍ ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചു. അധിക്ഷേപകരമായ സന്ദേശങ്ങള്‍ അയക്കുകയും നിരന്തരമായി ഫോണ്‍ വിളിക്കുകയും ചെയ്തു. നരേന്ദ്രയുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ള സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഏജന്റുമാര്‍ ഭാര്യയുടെ മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ അയച്ചുകൊടുത്തു. ദൃശ്യങ്ങള്‍ ഭാര്യയുടെ ഫോണിലെത്തിയതോടെയാണ് സംഭവം നരേന്ദ്ര അറിയുന്നത്.
തുടര്‍ന്ന് മുഴുവന്‍ തുകയും തിരികെ നല്‍കാന്‍ ദമ്പതികള്‍ തീരുമാനിച്ചെങ്കിലും ഫലമുണ്ടായില്ല. പരിചയമുള്ളവര്‍ വിളിച്ച് ചിത്രങ്ങള്‍ പ്രചരിക്കുന്നതിനെ കുറിച്ച് ആരാഞ്ഞതോടെ യുവാവ് മാനസികമായി തകര്‍ന്നു. പിന്നാലെ ജീവനൊടുക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.