നിമിഷപ്രിയയുടെ മോചനം; ഇറാനടക്കമുള്ള രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍

മധ്യസ്ഥ സംഘം ഇനി യെമനിലേക്ക് പോകുന്നത് സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. എല്ലാ വശങ്ങളും ഇക്കാര്യത്തില്‍ വിലയിരുത്തും. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ആരെയും കാണാന്‍ തല്‍ക്കാലം തയ്യാറാകുന്നില്ല. ഈ സാഹചര്യത്തില്‍ മധ്യസ്ഥ സംഘത്തെ യെമനിലേക്ക് അയക്കുന്നത് വെല്ലുവിളിയായിരിക്കുമെന്നാണ് പ്രതീക്ഷ

author-image
Biju
New Update
NIMI9SHAPRIYA

ന്യൂഡല്‍ഹി: വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിന് ഇറാന്‍ അടക്കമുള്ള രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുന്നു. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചതിന് പിന്നാലെയാണ് മോചനവുമായി ബന്ധപ്പെട്ട നയതന്ത്ര ഇടപെടലുകള്‍ക്കായി മറ്റു രാജ്യങ്ങളുമായി ചര്‍ച്ച നടത്തുന്നത്. യെമനുമായി അടുത്തബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളുമായി നയതന്ത്ര തലത്തില്‍ ചര്‍ച്ച നടത്തി നിമിഷ പ്രിയയുടെ മോചനത്തില്‍ അനുകൂലമായ തീരുമാനത്തിന് ശ്രമിക്കുകയാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.

അതേസമയം, മധ്യസ്ഥ സംഘം ഇനി യെമനിലേക്ക് പോകുന്നത് സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. എല്ലാ വശങ്ങളും ഇക്കാര്യത്തില്‍ വിലയിരുത്തും. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ആരെയും കാണാന്‍ തല്‍ക്കാലം തയ്യാറാകുന്നില്ല. ഈ സാഹചര്യത്തില്‍ മധ്യസ്ഥ സംഘത്തെ യെമനിലേക്ക് അയക്കുന്നത് വെല്ലുവിളിയായിരിക്കുമെന്നാണ് പ്രതീക്ഷ. 

യാത്രാനുമതിക്കായി നാല് പേര്‍ അടങ്ങുന്ന പ്രതിനിധി സംഘത്തിന്റെ ലിസ്റ്റ് ആക്ഷന്‍ കൗണ്‍സില്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാനിരിക്കെയാണ് സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.

നിമിഷപ്രിയയുടെ മോചനം ആവശ്യപ്പെട്ടുള്ള മധ്യസ്ഥ ചര്‍ച്ചയ്ക്ക് യെമനില്‍ പോകണമെന്ന് ആവശ്യപ്പെട്ടവരോട് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനാണ് ഇന്നലെ സുപ്രീം കോടതി നിര്‍ദേശിച്ചത്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുവെന്ന് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. കേസ് പരിഗണിച്ചപ്പോഴാണ് സുപ്രീം കോടതി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ മറുപടി കൂടി കേട്ടശേഷം ഹര്‍ജിക്കാരോട് കേന്ദ്രത്തെ സമീപിക്കാന്‍ ആവശ്യപ്പെട്ടത്.

നിമിഷപ്രിയയുടെ മോചനത്തിനായി മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ഒരാവശ്യം. യെമനിലേക്ക് പോകാന്‍ അനുവദിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വധശിക്ഷ നീട്ടിവച്ചിരിക്കുകയാണെന്നും പുതിയ തീയതി നിശ്ചയിച്ചിട്ടില്ലെന്നും അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാര്‍ക്ക് യെമനില്‍ പോകണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന് അപേക്ഷ നല്‍കാമെന്നും, കേന്ദ്രം ഈ അപേക്ഷ പരിഗണിക്കട്ടെയെന്നും സുപ്രീം കോടതി വ്യക്തമാക്കി. നിമിഷപ്രിയയുടെ അമ്മ ഇതിനകം യെമനില്‍ ഉണ്ടല്ലോയെന്നും സുപ്രീം കോടതി ഹര്‍ജിക്കാരോട് പറഞ്ഞു.

ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം കേന്ദ്രം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ ലീഗല്‍ അഡൈ്വസര്‍ സുഭാഷ് ചന്ദ്രന്‍ പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. സര്‍ക്കാരിന്റെ രണ്ടു പ്രതിനിധികളും സംഘത്തില്‍ ഉണ്ടാവണമെന്ന് ഞങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 14നാണ് ഇനി കേസ് പരിഗണിക്കുക.

nimisha priya