പ്രതീകാത്മക ചിത്രം
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലെ നിയന്ത്രണ രേഖയില്‍ ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം. മൂന്ന് ഭീകരരെ വധിച്ചു. പ്രദേശത്ത് ഇപ്പോഴും വെടിവയ്പ് തുടരുകയാണ്. കുപ്വാരയിലെ കേരന്‍ സെക്ടറിലുണ്ടായ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമമാണ് സൈന്യം പരാജയപ്പെടുത്തിയത്. മേഖലയിലെ ഭീകരരുടെ ഒളിത്താവളങ്ങള്‍ നശിപ്പിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പ്രദേശത്തുനിന്ന് വന്‍ ആയുധശേഖരവും സൈന്യം കണ്ടെത്തിയിട്ടുണ്ട്.
നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്താന്‍ കുപ്വാരയിലെ കേരന്‍ സെക്ടറില്‍ കഴിഞ്ഞ ദിവസമാണ് ധനുഷ് 2 എന്ന രഹസ്യ ഓപ്പറേഷന്‍ സുരക്ഷാ സേന ആരംഭിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ കഠ്വ, ദോഡ, റിയാസി, ഉധംപൂര്‍ ജില്ലകളിലായി നടന്ന ഭീകര ആക്രമണങ്ങളില്‍ ആറു സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെടുകയും 46 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.