/kalakaumudi/media/media_files/2025/11/08/kup-2025-11-08-16-24-32.jpg)
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാരയില്‍ 'ഓപ്പറേഷന്‍ പിംപിള്‍' എന്ന പേരില്‍ നടത്തിയ ഭീകരവിരുദ്ധ ഓപ്പറേഷനില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. കൂടുതല്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. നുഴഞ്ഞുകയറ്റ ശ്രമത്തെക്കുറിച്ച് ഏജന്‍സികളില്‍ നിന്നുള്ള പ്രത്യേക ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ നടത്തിയതെന്ന് ഇന്ത്യന്‍ ആര്‍മിയുടെ ചിനാര്‍ കോര്‍പ്‌സ് പറഞ്ഞു.
ഈ ആഴ്ച ആദ്യം, ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലെ ഛത്രു പ്രദേശത്ത് തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുള്ള വെടിവയ്പില്‍ സൈനികര്‍ക്ക് പരുക്കേറ്റിരുന്നു. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കലബന്‍ വനമേഖലയില്‍ സൈന്യം നടത്തിയ ഓപ്പറേഷനിടെയാണ് വെടിവയ്പ് ഉണ്ടായത്. പരുക്കേറ്റ സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദോഡ, കിഷ്ത്വാര്‍, ഉദംപൂര്‍ ജില്ലകളിലായി സുരക്ഷാ സേനയും പോലീസും ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ആറുമാസത്തിനിടെ കിഷ്ത്വാറില്‍ മാത്രം ആറ് ഏറ്റുമുട്ടലുകളാണ് നടന്നത്. ഏപ്രിലില്‍ ഛത്രു പ്രദേശത്ത് നടന്ന ഒരു ഓപ്പറേഷനില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 13 ന് ഛത്രുവില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ ഉള്‍പ്പെടെ രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും മറ്റ് രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
