ഒടുവില്‍ പാകിസ്ഥാന്‍ സമ്മതിച്ചു; ഓപ്പറേഷന്‍ സിന്ദൂറില്‍ കിട്ടിയത് വന്‍ നാശം

ഏപ്രില്‍ 22-ന് ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നായിരുന്നു പ്രത്യാക്രമണം

author-image
Biju
New Update
op

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ മൂന്നു മാസം പിന്നിടുമ്പോള്‍, തങ്ങള്‍ക്ക് കനത്ത നഷ്ടം സംഭവിച്ചതായി സമ്മതിച്ച് പാക്കിസ്ഥാന്‍. 150 സൈനികരടക്കം അന്‍പതിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി പാക് അധികൃതര്‍ പറയുന്നു. ബോളാരി വ്യോമ താവളം ഇന്ത്യ ആക്രമിച്ചപ്പോള്‍, സ്‌ക്വാഡ്രന്‍ ലീഡര്‍ ഉസ്മാന്‍ യൂസഫ് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മേയ് 7-ന് നടന്ന ഓപ്പറേഷന്‍ സിന്ദൂറില്‍, പാക്കിസ്ഥാന്‍-പാക്ക് അധീന കാശ്മീര്‍ എന്നിവിടങ്ങളിലെ ഒമ്പത് ഭീകര ക്യാമ്പുകളില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയിരുന്നു. ഏപ്രില്‍ 22-ന് ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നായിരുന്നു പ്രത്യാക്രമണം. റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഒരു വിഭാഗമാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.

ഇന്ത്യയുടെ സൈനിക നടപടിയില്‍ നൂര്‍ ഖാന്‍, സര്‍ഗോധ, ജേക്കബാബാദ്, ബൊളാരി, ഷോര്‍കോട്ട് എന്നിവിടങ്ങളിലെ വ്യോമതാവളങ്ങള്‍ ലക്ഷ്യമിട്ടു. ഓപ്പറേഷന്‍ സിന്ദൂറിനിടെ നൂര്‍ ഖാന്‍ വ്യോമതാവളത്തില്‍ അമേരിക്കന്‍ സാങ്കേതിക വിദഗ്ധര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.

ഓഗസ്റ്റ് 14-ന് പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍, പാക്ക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് മരണാനന്തര ബഹുമതികള്‍ സമ്മാനിച്ചു. സ്‌ക്വാഡ്രണ്‍ ലീഡര്‍ ഉസ്മാന്‍ യൂസഫ്, ഹവല്‍ദാര്‍ മുഹമ്മദ് നവീദ്, നായിക് വഖാര്‍ ഖാലിദ്, ലാന്‍സ് നായിക് ദിലാവര്‍ ഖാന്‍ എന്നിവര്‍ക്ക് തംഘ-ഇ-ബസലത്ത് ബഹുമതിയും, നായിക് അബ്ദുള്‍ റഹ്‌മാന്‍, ലാന്‍സ് നായിക് ഇക്രമുള്ള, സിപോയ് അദീല്‍ അക്ബര്‍ എന്നിവര്‍ക്ക് തംഘ-ഇ-ജുറാത്ത് ബഹുമതിയും മരണാനന്തരം നല്‍കി.

ഇന്ത്യയുടെ ഭാഗത്ത് നിന്ന്, ഓപ്പറേഷന്‍ സിന്ദൂര്‍ വഴി നൂറിലധികം തീവ്രവാദികളെ വധിക്കുകയും പ്രധാന ഭീകര കേന്ദ്രങ്ങള്‍ നശിപ്പിക്കുകയും ചെയ്തതായി നേരത്തെ അറിയിച്ചിരുന്നു. പാക്കിസ്ഥാന്റെ ഈ സമ്മതം, ഓപ്പറേഷന്‍ സിന്ദൂറിന്റെ ഫലപ്രാപ്തിയിലേക്കും ഇന്ത്യയുടെ പ്രതിരോധ ശേഷിയിലേക്കും വെളിച്ചം വീശുന്നു.

operation sindoor