രാഹുല്‍ ഗാന്ധി അറസ്റ്റില്‍

മാര്‍ച്ച് പൊലീസ് തടഞ്ഞതിനെത്തുടര്‍ന്നാണ് സംഘര്‍ഷുണ്ടായത്. ബാരിക്കേഡ് ചാടിക്കടക്കന്‍ ശ്രമിച്ച എംപിമാരെ പൊലീസ് തടഞ്ഞ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കയറ്റുകയായിരുന്നു

author-image
Biju
New Update
rahul 2

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫീസിലേക്ക് പ്രതിപക്ഷ എംപിമാര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയടക്കമുള്ള എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കുന്നു. മാര്‍ച്ച് പൊലീസ് തടഞ്ഞതിനെത്തുടര്‍ന്നാണ് സംഘര്‍ഷുണ്ടായത്. ബാരിക്കേഡ് ചാടിക്കടക്കന്‍ ശ്രമിച്ച എംപിമാരെ പൊലീസ് തടഞ്ഞ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കയറ്റുകയായിരുന്നു. പ്രിയങ്കാ ഗാന്ധി എംപി അടക്കം കേരളത്തില്‍ നിന്നുള്ള എംപിമാരെയും അറസ്റ്റ് ചെയ്ത് നീക്കുകയാണ്.

25 പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്നായി 300 എംപിമാരാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുന്നത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും ഇനി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലെ സ്‌പെഷല്‍ ഇന്റ്റെന്‍സീവ് റിവിഷനും (എസ്‌ഐആര്‍) മുന്‍നിര്‍ത്തിയാണു പ്രതിഷേധം. പാര്‍ലമെന്റിന്റെ മകര്‍ദ്വാറില്‍നിന്ന് രാവിലെ 11.30നാണ് റാലി ആരംഭിച്ചത്. 

കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ടിഎംസി, ഡിഎംകെ, എഎപി, ആര്‍ജെഡി, എന്‍സിപി(എസ്പി), ശിവസേന (ഉദ്ധവ് വിഭാഗം), നാഷനല്‍ കോണ്‍ഫറസ് തുടങ്ങിയ പാര്‍ട്ടികള്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നു. 12 എംപിമാരുള്ള ആം ആദ്മി പാര്‍ട്ടിയെ ഉള്‍പ്പെടുത്തുന്നതിനായി ഇന്ത്യ സഖ്യത്തിന്റെ ബാനര്‍ ഇല്ലാതെയാണ് മാര്‍ച്ച് നടത്തുന്നത്. കഴിഞ്ഞ മാസം ആം ആദ്മി പാര്‍ട്ടി ഇന്ത്യ സഖ്യത്തില്‍ നിന്നു പുറത്തുപോയിരുന്നു. 

മാര്‍ച്ചിന് അനുമതി  ആവശ്യപ്പെട്ട് അപേക്ഷ ലഭിച്ചിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്ന് സമയം അനുവദിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ ആവശ്യം അംഗീകരിച്ചാണ് കൂടിക്കാഴ്ചയ്ക്ക് കമ്മിഷന്‍ അനുമതി നല്‍കിയത്. 30 പേരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക. അതേസമയം, ചര്‍ച്ചയുടെ അജന്‍ഡ കമ്മിഷന്‍ പുറത്തുവിട്ടിട്ടില്ല. തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് പ്രതിഷേധത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

rahul gandhi