ന്യൂഡല്‍ഹി: ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കെതിരെ അവിശ്വാസ നോട്ടീസ് നല്‍കി പ്രതിപക്ഷം.118 എംപിമാര്‍ നോട്ടീസില്‍ ഒപ്പുവച്ചു. രാവിലെ നോട്ടീസ് അവതരിപ്പിക്കാന്‍ ഇന്ത്യാ സഖ്യം തയാറെടുത്തിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരുമായി എന്തെങ്കിലും ഒത്തുതീര്‍പ്പിന് ശ്രമിക്കണമെന്ന് അഭിപ്രായമുയര്‍ന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അനുരഞ്ജനത്തിന് തയാറായില്ല. ഇതോടെ പ്രതിപക്ഷം അവിശ്വാസ നോട്ടീസ് നല്‍കുകയായിരുന്നു. ലോക്‌സഭ ഉച്ചയ്ക്ക് 2 വരെ പിരിഞ്ഞു.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ സംസാരിക്കാന്‍ സ്പീക്കര്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് പാര്‍ലമെന്റില്‍ സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ ദിവസങ്ങളായി സംഘര്‍ഷാവസ്ഥ തുടരുകയാണ്. ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ചില കോണ്‍ഗ്രസ് അംഗങ്ങള്‍ അപ്രതീക്ഷിത നീക്കം ആസൂത്രണം ചെയ്തതായി സ്പീക്കര്‍ ആരോപിച്ചതിനെത്തുടര്‍ന്ന് ഭിന്നത കൂടുതല്‍ രൂക്ഷമായിരുന്നു.
സര്‍ക്കാരില്‍ നിന്ന് അനുരഞ്ജന നടപടികള്‍ ഉണ്ടായില്ലെങ്കില്‍ പ്രതിഷേധം രൂക്ഷമാകുമെന്നും ഇത് 2026-27 ലെ കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ താളം തെറ്റിക്കുമെന്നും പ്രതിപക്ഷ നേതാക്കള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
മുന്‍ കരസേനാ മേധാവി ജനറല്‍ എം എം നരവാനെയുടെ പ്രസിദ്ധീകരിക്കാത്ത 'ഓര്‍മ്മക്കുറിപ്പ്' സംബന്ധിച്ച് സംസാരിക്കാന്‍ രാഹുല്‍ ഗാന്ധിയെ അനുവദിക്കാത്തതിനെതിരെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ടികള്‍ പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധം നടത്തിവരികയാണ്. ഈ വിഷയത്തില്‍ പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തുടര്‍ച്ചയായ പ്രതിഷേധങ്ങള്‍ക്കിടെ ഫെബ്രുവരി 3 ന് എട്ട് കോണ്‍ഗ്രസ് എംപിമാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
