മഹാരാഷ്ട്രയില്‍ പ്രതിപക്ഷ എംഎല്‍എമ്മാര്‍ സത്യപ്രതിജ്ഞ ബഹിഷ്‌കരിച്ചു.സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും വിട്ടുനിന്ന പ്രതിപക്ഷ എംഎല്‍എമാര്‍ ശിവാജി പ്രതിമയുടെ മുന്നില്‍ ആദരവ് അര്‍പ്പിച്ച് മടങ്ങി. അതേസമയം ഇതൊരു പ്രതിഷേധമാണെന്ന വാദമാണ് എംഎല്‍എമാര്‍ ഉയര്‍ത്തിയത്. തങ്ങള്‍ സത്യപ്രതിജ്ഞയ്ക്ക് എതിരല്ല. എന്നാല്‍ ഇവിഎമ്മുകള്‍ ഉപയോഗിച്ച് ജനാധിപത്യത്തെ കൊലപ്പെടുത്തുന്നതിനാല്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ലെന്നും പ്രതിപക്ഷ എംഎല്‍എമാര്‍ പറഞ്ഞു.ജനാധിപത്യത്തെ അട്ടിമറിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായി തുടരുമെന്നും കോണ്‍ഗ്രസ്, ശിവസേന ഉദ്ദവ് വിഭാഗം, എന്‍സിപി ശരദ് പവാര്‍ വിഭാഗം നേതാക്കള്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ ബിജെപി സഖ്യസര്‍ക്കാര്‍ അധികാരത്തിലെത്താന്‍ കാരണം ഇവിഎം തിരിമറി നടത്തിയതിലൂടെയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനാണ് ഞങ്ങള്‍ സമാധാനപരമായി പ്രതിഷേധിക്കുന്നത്.സത്യപ്രതിജ്ഞയ്ക്ക് ഞങ്ങള്‍ എതിരല്ല, മറിച്ച് നിലവിലെ ഭരണകൂടം അധികാരത്തില്‍ വന്ന രീതിയെ എതിര്‍ക്കുകയാണ് ചെയ്യുന്നതെന്നും ആദിത്യ താക്കറെ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ദേവേന്ദ്ര ഫഡ്നാവിന്റെ നേതൃത്വത്തില്‍ മഹായുധി സര്‍ക്കാര്‍ അധികാരമേറ്റത്. ഒരാഴ്ചയിലേറെ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ദേവേന്ദ്ര ഫഡ്‌നാവിസ് മൂന്നാം തവണയും മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തത്.