/kalakaumudi/media/media_files/2024/12/13/QDNw5796s1bmY7MDK12J.jpg)
ചെങ്കോട്ടയുടെ ഉടമസ്ഥത അവകാശപ്പെട്ട് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. സുല്‍ത്താന ബീഗം എന്നയാള്‍ നല്‍കിയ അപ്പീല്‍ ഹരജിയാണ് രണ്ടംഗ ബഞ്ച് തള്ളിയത്. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് നല്‍കിയ ഹര്‍ജി സിംഗിള്‍ ബഞ്ച് തള്ളിയിരുന്നു.
അവസാനത്തെ മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ ഷാ സഫര്‍ രണ്ടാമന്റെ പൗത്രന്റെ വിധവ എന്നവകാശപ്പെട്ടാണ് സുല്‍ത്താന ബീഗം ഹര്‍ജി ഫയല്‍ ചെയ്തത്. 2021ല്‍ സിംഗിള്‍ ബഞ്ച് മുമ്പാകെ നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു. പിന്നീട് രണ്ടര വര്‍ഷത്തിന് ശേഷമാണ് സുല്‍ത്താന അപ്പീല്‍ ഹരജിയുമായി ഡിവിഷന്‍ ബഞ്ചിന് മുന്നിലെത്തിയത്.
അപ്പീല്‍ നല്‍കുന്നതിലെ കാലാതാമസം ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്. അപ്പീല്‍ നല്‍കാന്‍ രണ്ടര വര്‍ഷം താമസിച്ചത് ഒരു നിലയ്ക്കും ന്യായീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. നേരത്തെ കോടതിയെ സമീപിക്കാന്‍ 150 വര്‍ഷത്തിലധികം വൈകി എന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബഞ്ച് ഹര്‍ജി തള്ളിയിരുന്നത്.
1857ലെ ബ്രിട്ടീഷ് ഭരണകാലത്ത് ഈസ്റ്റ് ഇന്ത്യ കമ്പനി ബലം പ്രയോഗിച്ച് തങ്ങളുടെ കുടുംബത്തില്‍ നിന്ന് ചെങ്കോട്ട തട്ടിയെടുത്തുന്ന എന്നാണ് സ്ത്രീയുടെ അവകാശവാദം. ചെങ്കോട്ടയുടെ ഇപ്പോഴത്തെ അനന്തരാവകാശി താനാണെന്നും ഇന്ത്യ ഗവണ്‍മെന്റ് അനധികൃതമായി കോട്ട കൈവശം വെച്ചിരിക്കുകയാണെന്നും അഭിഭാഷകനായ വിവേക് മോറെ വഴി നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.